'വര്‍ഗീയ മുന്നണിയുടെ കണ്‍വീനര്‍ തട്ടിപ്പുകേസില്‍ അകത്താകുമ്പോള്‍ രക്ഷിക്കാനായി ഓടിയെത്തുന്ന വലിയ മഹാരാജാവിനെതിരെ ഒളിയമ്പെയ്യാനെങ്കിലും റഹീം ധൈര്യം കാണിച്ചതില്‍ അഭിനന്ദനം'

സ്‌കോള്‍ കേരള നിയമനവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്റെ മറുപടിക്കെതിരെ വി ടി ബല്‍റാം എംഎല്‍എ
'വര്‍ഗീയ മുന്നണിയുടെ കണ്‍വീനര്‍ തട്ടിപ്പുകേസില്‍ അകത്താകുമ്പോള്‍ രക്ഷിക്കാനായി ഓടിയെത്തുന്ന വലിയ മഹാരാജാവിനെതിരെ ഒളിയമ്പെയ്യാനെങ്കിലും റഹീം ധൈര്യം കാണിച്ചതില്‍ അഭിനന്ദനം'

കൊച്ചി: സ്‌കോള്‍ കേരള നിയമനവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്റെ മറുപടിക്കെതിരെ വി ടി ബല്‍റാം എംഎല്‍എ. ഉമാദേവി കേസിലെ സുപ്രീം കോടതി വിധി കാറ്റില്‍പ്പറത്തി, അര്‍ഹരായ യുവാക്കളെ വഞ്ചിച്ച്, താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തരുത് എന്നും നിയമനം പിഎസ്സിക്ക് വിടണം എന്നും സ്വന്തം സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിക്ക് കഴിയുമോ എന്ന് വി ടി ബല്‍റാം ഫെയ്‌സ്ബുക്കില്‍ ചോദിച്ചു.

'അനര്‍ഹ നിയമനങ്ങള്‍ നടക്കാന്‍ പോകുന്നു എന്നത് തൃത്താലയില്‍ നിന്ന് വന്ന രാജ വിളംബരമല്ല. 20/08/2019 ന് തിരുവനന്തപുരത്തു നിന്നിറങ്ങിയ സര്‍ക്കാര്‍ ഉത്തരവിനേത്തുടര്‍ന്നുണ്ടായ സ്വാഭാവിക ആശങ്കയാണ്. റഹീമിന്റെ സഹോദരിയടക്കമുള്ള താത്കാലികക്കാരെ സ്ഥിരപ്പെടുത്തില്ല എന്നും പി എസ് സി വഴി മാത്രമേ നിയമനം നടത്തുകയുള്ളൂ എന്നും സര്‍ക്കാര്‍ തന്നെ വിശദീകരിച്ചാല്‍ ആശങ്ക തനിയെ മാറിക്കോളും.'- ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞദിവസം റഹിമിന്റെ സഹോദരി ഉള്‍പ്പെടെയുളളവരുടെ താത്കാലിക നിയമനം സ്ഥിരപ്പെടുത്താന്‍  നീക്കം നടക്കുന്നതായി വി ടി ബല്‍റാം ആരോപിച്ചിരുന്നു. ജോലി സ്ഥിരപ്പെടുത്തിയ കാര്യം സഹോദരി തന്നോട് പറഞ്ഞിട്ടില്ലെന്നും എന്നാല്‍ അനര്‍ഹമായത് ഞാന്‍ ഇടപെട്ട് എന്റെ പെങ്ങള്‍ക്ക് നേടിക്കൊടുക്കാന്‍ പോകുന്നു എന്ന് തൃത്താലയില്‍ നിന്നും ഒരു വിളംബരം വന്നിരിക്കുന്നുവെന്നും റഹിം ഇതിന് മറുപടിയായി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം 

>>തൃത്താല മഹാരാജാവിന്റെ 
വിളംബരത്തിന് നന്ദി.<<
.............
ആരെയാണുദ്ദേശിച്ചതെന്ന് മനസ്സിലായി.
സോഷ്യല്‍ മീഡിയയില്‍ ഇതിനേക്കാള്‍ രസകരമായ വട്ടപ്പേരുകള്‍ അഡ്വ.എ എ റഹീമിനുമുണ്ട്. എന്നേക്കൊണ്ട് തിരിച്ച് അത് വിളിപ്പിക്കുക, പിന്നെ അതിന്മേല്‍ തൂങ്ങി യഥാര്‍ത്ഥ വിഷയത്തില്‍ നിന്ന് ശ്രദ്ധ മാറ്റുക എന്ന സിപിഎം പ്രവര്‍ത്തകരുടെ/സാംസ്‌ക്കാരിക നായകരുടെ പതിവ് തന്ത്രം ഏതായാലും ഇക്കുറി വേണ്ട.

സാധാരണഗതിയില്‍ തൃത്താല പ്രധാനമന്ത്രി എന്നാണ് സൈബര്‍ വെട്ടുകിളികള്‍ പരിഹസിക്കാറുള്ളത്. തൃത്താലയിലെ ജനങ്ങള്‍ രണ്ട് തവണ ജനാധിപത്യപരമായി തെരഞ്ഞെടുത്ത ജനപ്രതിനിധി എന്ന നിലയില്‍ ആ നിന്ദാസ്തുതിയേപ്പോലും ഞാന്‍ സന്തോഷപൂര്‍വ്വം ഏറ്റെടുക്കാറാണ് പതിവ്, സ്വന്തം നാട്ടില്‍ ഇലക്ഷനില്‍ തോറ്റവര്‍ക്ക് അത് മനസ്സിലായിക്കൊള്ളണമെന്നില്ല. ഏതായാലും റഹീമിന്റെ ഉള്ളിലെ രാജഭക്തി പുളിച്ച് തികട്ടുന്നതു കൊണ്ടാകും മഹാരാജാവ് പ്രയോഗമൊക്കെ വരുന്നത്.

>>എന്റെ സഹോദരിയ്ക്ക് ജോലി സ്ഥിരപ്പെടുത്തിപ്പോലും... <<
........
അങ്ങനെ ഞാന്‍ ഇതുവരെ പറഞ്ഞിട്ടില്ല. സ്ഥിരപ്പെടുത്താനുള്ള നീക്കം തുടങ്ങിക്കഴിഞ്ഞു എന്നാണ് പറഞ്ഞത്. ഏതായാലും സഹോദരി അവിടെ താത്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്തു വരികയാണ് എന്നത് നിഷേധിക്കാന്‍ റഹീമിന് കഴിയുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഉമാദേവി കേസിലെ സുപ്രീം കോടതി വിധി കാറ്റില്‍പ്പറത്തി, അര്‍ഹരായ യുവാക്കളെ വഞ്ചിച്ച്, അങ്ങനെയുള്ള താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തരുത് എന്നും നിയമനം പിഎസ്സിക്ക് വിടണം എന്നും സ്വന്തം സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിക്ക് കഴിയുമോ? റഹീമിന്റെ പോസ്റ്റില്‍ അവസാന വാചകമായിട്ടെങ്കിലും അത് ഉണ്ടാവുമെന്ന് വെറുതെ പ്രതീക്ഷിച്ചു.

>>ഏതായാലും സഹോദരി എന്നോട് പറഞ്ഞില്ല.<<
..........
കുടുംബ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇവിടെ ആര്‍ക്കും താത്പര്യമില്ല. സഹോദരി പറഞ്ഞോ ഇല്ലയോ എന്നതല്ല വിഷയം, സഹോദരിക്ക് കൂടി പ്രയോജനം കിട്ടിയേക്കാവുന്ന ഒരു സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി എന്നതാണ്.

>>എന്തോ അനര്‍ഹമായത് ഞാന്‍ ഇടപെട്ട് എന്റെ പെങ്ങള്‍ക്ക് നേടിക്കൊടുക്കാന്‍ പോകുന്നു എന്ന് തൃത്താലയില്‍ നിന്നും ഒരു വിളംബരം വന്നിരിക്കുന്നു. <<
.............
അനര്‍ഹ നിയമനങ്ങള്‍ നടക്കാന്‍ പോകുന്നു എന്നത് തൃത്താലയില്‍ നിന്ന് വന്ന രാജ വിളംബരമല്ല, 20/08/2019 ന് തിരുവനന്തപുരത്തു നിന്നിറങ്ങിയ സര്‍ക്കാര്‍ ഉത്തരവിനേത്തുടര്‍ന്നുണ്ടായ സ്വാഭാവിക ആശങ്കയാണ്. റഹീമിന്റെ സഹോദരിയടക്കമുള്ള താത്കാലികക്കാരെ സ്ഥിരപ്പെടുത്തില്ല എന്നും പി എസ് സി വഴി മാത്രമേ നിയമനം നടത്തുകയുള്ളൂ എന്നും സര്‍ക്കാര്‍ തന്നെ വിശദീകരിച്ചാല്‍ ആശങ്ക തനിയെ മാറിക്കോളും.

>>രാജാവിന്റെ കൂലിക്കാര്‍ വാട്‌സാപ്പ് വഴി ഓവര്‍ടൈം പണിയെടുത്തു ടി വിളംബരം നാട്ടാരെ അറിയിക്കാന്‍ നന്നായി 
പണിയെടുക്കുന്നുമുണ്ട്. 
കാര്യങ്ങള്‍ നന്നായി നടക്കട്ടെ.<<
............
കാര്യങ്ങള്‍ നന്നായി തന്നെ നടക്കണം. അതിന് ബന്ധു നിയമനം ഒഴിവാക്കി പി എസ് സി ക്ക് വിടണം. അതിന്റെ ഇപ്പോഴത്തെ വിശ്വാസ്യത വേറെ വിഷയമാണ്. തല്‍ക്കാലം അത് ചര്‍ച്ച ചെയ്യുന്നില്ല. 'കൂലിക്കാരെ'ക്കുറിച്ച് കമ്മ്യൂണിസ്റ്റ് യുവനേതാവിന്റെ പുച്ഛം സാന്ദര്‍ഭികമായി മനസ്സിലാക്കുന്നു.

>>പിന്നെ, 
'വര്‍ഗീയത വേണ്ട, ജോലി മതി' എന്ന മുദ്രാവാക്യത്തോട് താങ്കള്‍ക്ക് തോന്നുന്ന അലര്‍ജി എനിക്ക് മനസ്സിലാക്കാനാകും. കാരണം ഇത് കേന്ദ്രസര്‍ക്കാരിനെതിരായ മുദ്രാവാക്യമാണല്ലോ.<<
.............
മുദ്രാവാക്യത്തിന്റെ രണ്ടാം ഭാഗമായ 'ജോലി മതി' എന്നതുകൊണ്ട് റഹീം എന്താണുദ്ദേശിച്ചതെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായി. അതേ ആത്മാര്‍ത്ഥത തന്നെയായിരിക്കും മുദ്രാവാക്യത്തിന്റെ ആദ്യ ഭാഗത്തോടും എന്നത് ന്യായമായും അനുമാനിക്കാം.

>>വര്‍ഗീയതയ്‌ക്കെതിരെ ആരെന്ത് പറഞ്ഞാലും മഹാരാജാവിന് അനിഷ്ടമാകുമെന്നും അറിയാം.<<
............
ഇത്തവണ മഹാരാജാവ് എന്ന് വിളിച്ചത് എന്നെയല്ല എന്നെനിക്കറിയാം. വര്‍ഗീയ മുന്നണിയുടെ കണ്‍വീനര്‍ തട്ടിപ്പുകേസില്‍ അകത്താകുമ്പോള്‍ രക്ഷിക്കാനായി ഓടിയെത്തുന്ന വലിയ മഹാരാജാവിനെതിരെ ഇങ്ങനെ ഒളിയമ്പെയ്യാനെങ്കിലും റഹീം ധൈര്യം കാണിച്ചതില്‍ അഭിനന്ദനം.

>>മരണപ്പെട്ടവരും ജീവിച്ചിരിക്കുന്നവരും ആയ എല്ലാ മനുഷ്യരെയും കല്ലെറിഞ്ഞും പുലഭ്യം പറഞ്ഞും ആത്മരതി കൊള്ളുന്ന മഹാ തീരുമനസ്സേ അങ്ങയുടെ ആത്മരതി തുടര്‍ന്നാലും.... <<
..........
ഞാന്‍ ആവര്‍ത്തിക്കില്ല എന്ന് തുടക്കം മുതല്‍ പറഞ്ഞ് പോരുന്ന ഒരു വിഷയം വീണ്ടും വീണ്ടും ചര്‍ച്ചയാക്കണമെങ്കില്‍ ആയിക്കോളൂ. അതിന്റെ ഉത്തരവാദിത്തം എനിക്കില്ല. സിപിഎമ്മിന്റെ നേതാക്കന്മാര്‍ക്കെതിരെയുള്ള എല്ലാ വിമര്‍ശനങ്ങളും പ്രതിരോധിക്കാന്‍ ഈ പഴയ പരിച ഉപകാരപ്പെട്ടെന്നു വരില്ല. മരണപ്പെട്ട പഴയ നേതാക്കന്മാരുടെ നിരയിലേക്ക് റഹീം എത്തിയതായും (അതിനാല്‍ ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്തതായും) ഇതുവരെ ആര്‍ക്കും തോന്നിയിട്ടില്ല. സ്‌കോള്‍ നിയമന വിഷയത്തില്‍ എന്റെ മുന്‍പത്തെ രണ്ട് പോസ്റ്റുകളും റഹീമിന്റെ ഈ പോസ്റ്റും വിലയിരുത്തുന്നവര്‍ക്കറിയാം ആരാണ് പുലഭ്യം പറയുന്നതും കല്ലെറിയുന്നതുമെന്ന്. പ്രതിപക്ഷത്തെ ഒരു ജനപ്രതിനിധി ഭരിക്കുന്ന സര്‍ക്കാരിനെതിരെ ഉന്നയിച്ച സാമൂഹ്യ പ്രാധാന്യമുള്ള വിഷയത്തോട് ഭരണവിലാസം യുവജന സംഘടനയായ ഡിവൈഎഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണത്തിലെ പുച്ഛവും കാമ്പില്ലായ്മയും കേരളത്തിന് തിരിച്ചറിയാന്‍ കഴിയുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com