സത്യം അതല്ല, മുഖ്യമന്ത്രി ആ സ്ത്രീയോട് മോശമായി പെരുമാറിയിട്ടില്ല; ദൃശ്യങ്ങള്‍ തെറ്റായി പ്രചരിപ്പിക്കരുതെന്ന് കളക്ടര്‍

കണ്ണൂര്‍ കളക്ടറേറ്റില്‍ പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരെ ആദരിക്കുന്ന ചടങ്ങിനിടെയാണ് സംഭവം
സത്യം അതല്ല, മുഖ്യമന്ത്രി ആ സ്ത്രീയോട് മോശമായി പെരുമാറിയിട്ടില്ല; ദൃശ്യങ്ങള്‍ തെറ്റായി പ്രചരിപ്പിക്കരുതെന്ന് കളക്ടര്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയില്‍ തന്നെ കാണാന്‍ എത്തിയ സ്ത്രീയോട് ദേഷ്യപ്പെട്ടെന്ന തരത്തില്‍ ഒരു വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. എന്നാല്‍ ആരോപണം തെറ്റാണെന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കണ്ണൂര്‍ കളക്ടര്‍. കണ്ണൂര്‍ കളക്ടറേറ്റില്‍ പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരെ ആദരിക്കുന്ന ചടങ്ങിനിടെയാണ് സംഭവം. ആറ്റപ്പെ സ്വദേശിയായ ഒരു സ്ത്രീ വേദിയിലെത്തി മുഖ്യമന്ത്രിയുടെ കൈ പിടിച്ച് സംസാരിക്കുകയും പിന്നീട് അകാരണമായി പ്രകോപിതയാവുകയുമായിരുന്നു എന്നാണ് കളക്ടര്‍ പറയുന്നത്. എന്നിട്ടും അവരെ സദസ്സില്‍ കൊണ്ടു പോയി ഇരുത്തുവാനാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും കളക്ടര്‍ വ്യക്തമാക്കി. ആയിരത്തിലേറെ പേര്‍ പങ്കെടുത്ത ചടങ്ങില്‍ ഉണ്ടായിരുന്ന മുഴുവനാളുകളും ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവരും സത്യം നേരില്‍ കണ്ടതാണ്. ഈ സംഭവത്തെ തികച്ചും തെറ്റായ രീതിയില്‍ ചിത്രീകരിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ് ഫേയ്‌സ്ബുക്കില്‍ കുറിച്ചു. 

കളക്ടറുടെ ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


കണ്ണൂര്‍ കലക്ടറേറ്റില്‍ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിനിടയിലെ ഒരു ദൃശ്യം തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നത് അപലപനീയമാണ്.
ആറ്റപ്പെ സ്വദേശിയായ ഒരു സ്ത്രീയാണ് വേദിയാല്‍ കയറി മുഖ്യമന്ത്രിയുമായി സംസാരിച്ചത്. ഇവര്‍ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായാണ് ലഭിച്ച വിവരം. മുഖ്യമന്ത്രിയോട് കൈ പിടിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് അകാരണമായി പ്രകോപിതയായി കയര്‍ത്ത് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ മുഖ്യമന്ത്രി കൈ പിടി വിടുവിക്കാന്‍ ശ്രമിക്കുകയും സദസ്സില്‍ പോയിരിക്കാന്‍ പറയുകയും ചെയ്‌തെങ്കിലും അവര്‍ കൂട്ടാക്കാതെ എന്തൊക്കെയോ പറയുകയും മുഖ്യമന്ത്രിയുടെ കൈ തെറിപ്പിക്കുകയുമാണുണ്ടായത്. എന്നിട്ടും അവരെ സദസ്സില്‍ കൊണ്ടു പോയി ഇരുത്തുവാനാണ് അദ്ദേഹം നിര്‍ദേശിച്ചത്. പരിപാടി അവസാനിക്കുന്നതു വരെ ഈ സ്ത്രീ സദസ്സിന്റെ മുന്‍നിരയില്‍ തന്നെ ഇരിക്കുകയും ചെയ്തു. നേരത്തെയും ഇവര്‍ പല പ്രമുഖരും പങ്കെടുക്കുന്ന പരിപാടികളില്‍ ഇങ്ങനെ പെരുമാറിയതായും അറിയാന്‍ കഴിഞ്ഞു. ആയിരത്തിലേറെ പേര്‍ പങ്കെടുത്ത ചടങ്ങില്‍ ഉണ്ടായിരുന്ന മുഴുവനാളുകളും ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവരും സത്യം നേരില്‍ കണ്ടതാണ്. ഈ സംഭവത്തെ തികച്ചും തെറ്റായ രീതിയില്‍ ചിത്രീകരിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com