ജനപ്രതിനിധികള്‍ പാര്‍ട്ടി ഭാരവാഹികളാകേണ്ട ; 'ഒരാള്‍ക്ക് ഒരു പദവി' മതി ; ഐ ഗ്രൂപ്പ് നിലപാട് തള്ളി കെ മുരളീധരന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th August 2019 11:32 AM |
Last Updated: 25th August 2019 11:32 AM | A+A A- |

ന്യൂഡല്‍ഹി : കേരളത്തിലെ കോണ്‍ഗ്രസ് പുനഃസംഘടനയില്‍ ഒരാള്‍ക്ക് ഒരു പദവി നയം പാലിക്കണമെന്ന് കെ മുരളീധരന്‍ എംപി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുരളീധരന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഐ ഗ്രൂപ്പിന്റെ നിലപാട് തള്ളിയാണ് മുരളീധരന്‍ രംഗത്തെത്തിയത്.
എ,ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള പദവി വീതംവെക്കലില്‍ അതൃപ്തി രേഖപ്പെടുത്തിയ മുരളീധരന്‍, പുനഃസംഘടനയ്ക്ക് പൊതുമാനദണ്ഡം അനിവാര്യമാണെന്നും സോണിയയോട് ആവശ്യപ്പെട്ടു. ജനപ്രതിനിധികളെ കെപിസിസി ഭാരവാഹിത്വത്തില്‍ നിന്നും ഒഴിവാക്കണമെന്ന നിലപാട് മുരളീധരന്‍ ആവര്‍ത്തിച്ചു.
നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ കൂട്ടായ ചര്‍ച്ചകളിലൂടെ കണ്ടെത്തണം. വട്ടിയൂര്‍ക്കാവിലേക്ക് താന്‍ ആരുടെയും പേര് നിര്‍ദേശിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു. പുനഃസംഘടന, സ്ഥാനാര്‍ത്ഥി നിര്‍ണയം എന്നിവയില്‍ ചര്‍ച്ചകളിലൂടെ മാത്രമേ തീരുമാനം എടുക്കൂവെന്നും സോണിയ വ്യക്തമാക്കി. ഐ ഗ്രൂപ്പില്‍ എംപിമാരായ കെ സുധാകരന്‍, അടൂര്‍ പ്രകാശ് തുടങ്ങിയവരെല്ലാം കെപിസിസി പദവിക്കായി മുന്നിലുണ്ട്. വര്‍ക്കിംഗ് പ്രസിഡന്റായ കൊടിക്കുന്നില്‍ സുരേഷിനും പദവി ഒഴിയുന്നതിനോട് താല്‍പ്പര്യമില്ലെന്നാണ് സൂചന.
അതിനിടെ പദവി ആവശ്യപ്പെട്ട് എറണാകുളം മുന്‍ എംപി കെ വി തോമസ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ സമീപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് കെ വി തോമസിനെ പരിഗണിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്കും തോമസിനെ പരിഗണിച്ചേക്കും.