മുഖ്യമന്ത്രിക്കെതിരെ ജാതി അധിക്ഷേപവുമായി ബിജെപി നേതാവ് ; പരാതി, കേസെടുത്തു
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th August 2019 04:16 PM |
Last Updated: 25th August 2019 04:16 PM | A+A A- |

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ ജാതിപറഞ്ഞ് അധിക്ഷേപിച്ച് ബിജെപി പ്രാദേശിക നേതാവ്. പള്ളുരുത്തി സ്വദേശി നിബു രാജാണ് മുഖ്യമന്ത്രിക്കെതിരെ ജാതീയ അധിക്ഷേപം നടത്തിയത്.
ഇയാള്‍ക്കെതിരെ അരൂര്‍ സ്വദേശി കെ ബി ബിബിന്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഫെയ്‌സ്ബുക്ക് പോസ്റ്റ് വഴിയാണ് നിബുരാജ് മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപം ചൊരിഞ്ഞത്.
മുഖ്യമന്ത്രിയുടെ ഫോട്ടോ സഹിതം ഉപയോഗിച്ച് ജാതി പറഞ്ഞുകൊണ്ടായിരുന്നു സംഘപരിവാര്‍ പ്രവര്‍ത്തകനായ നിബുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇത് ശരിയല്ലെന്ന് പറഞ്ഞ് കമന്റ് ചെയ്ത പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ക്കെതിരെയും ഇയാള്‍ അസഭ്യമായ ഭാഷയില്‍ സംസാരിച്ചു.
താഴ്ന്ന ജാതിയില്‍പ്പെട്ടവരോട് ബിജെപിക്കാരുടെ മനോഭാവം ഇത്തരത്തിലായിരിക്കുമെന്ന് സംഭവത്തില്‍ നിരവധി പേര്‍ പ്രതികരിക്കുന്നുണ്ട്. മുന്‍ കെഎസ് യു പ്രവര്‍ത്തകനാണ് നിബു. മുമ്പ് ശബരിമല യുവതീ പ്രവേശന്തതിനെതിരായ നാമജപ പ്രതിഷേധ സമരത്തിനിടെ ഒരു വീട്ടമ്മയും പിണറായി വിജയനെതിരെ ജാതീയമായ അധിക്ഷേപം നടത്തിയിരുന്നു.പൊലീസ് കേസായതോടെ, മാപ്പു പറഞ്ഞ് തലയൂരുകയായിരുന്നു.