ലോറന്‍സിന്റെ നവതി ആഘോഷം ഒരു ഓര്‍മ്മപ്പെടുത്തലാണ്; പുതിയ തലമുറയോട് മുഖ്യമന്ത്രി പിണറായി വിജയന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th August 2019 08:15 PM |
Last Updated: 25th August 2019 08:15 PM | A+A A- |

കൊച്ചി: പ്രമുഖ തൊഴിലാളി നേതാവായ എംഎം ലോറന്‍സിന്റെ നവതി ആഘോഷിച്ചു. എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
ഒരു വ്യക്തി തങ്ങള്‍ക്ക് വേണ്ടിയാണ് ജീവിച്ചതെന്ന ജനത്തിന്റെ ബോധ്യവും സമൂഹത്തിന് വേണ്ടിയാണ് ജീവിച്ചതെന്ന നാടിന്റെ ബോധ്യവുമാണ് അയാളുടെ നവതി ആഘോഷിക്കുവാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ത്യാഗം മാത്രം മുന്നില്‍ കണ്ട് രാഷ്ട്രീയത്തില്‍ ഇറങ്ങിയ പഴയ തലമുറയില്‍ നിന്ന് പുതിയ തലമുറ രാഷ്ട്രീയ പ്രവര്‍ത്തന രീതി എന്തെന്ന് അറിയണം. നാടിനെക്കുറിച്ചും നാട്ടുകാരെക്കുറിച്ചുമുള്ള ചിന്തയില്‍ നിന്നാണ് ലോറന്‍സ് ജീവന്‍ പണയം വെച്ചുള്ള പൊതുപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പഴയ തലമുറയുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനത്തെക്കുറിച്ച് പുതിയ കാലത്തെ ഓര്‍മ്മിപ്പിക്കാന്‍ നവതി ആഘോഷം ഉപകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കൊച്ചി പൗരാവലിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ പ്രെഫ. എംകെ സാനു അദ്ധ്യക്ഷത വഹിച്ചു. മനുഷ്യ മോചനത്തിന് ഒരു വഴി തിരഞ്ഞെടുക്കുകയും ആ വഴിയില്‍ തനിക്ക് ആവുന്നതെല്ലാം ചെയ്ത വ്യക്തിയാണ് ലോറന്‍സെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍, എംപിമാരായ ഹൈബി ഈഡന്‍, ബിനോയ് വിശ്വം, മുന്‍ എംപിമാരായ പി. രാജീവ്, അഡ്വ. തമ്പാന്‍ തോമസ്, മുന്‍ എംഎല്‍എ ടിപി പീതാംബരന്‍ മാസ്റ്റര്‍, സികെ പത്മനാഭന്‍, ട്രേഡ് യൂണിയന്‍ നേതാവ് രവീന്ദ്രനാഥ്, സിഎന്‍ മോഹനന്‍, കെഎ അലി അക്ബര്‍, പിഎന്‍ സീനുലാല്‍ സംബന്ധിച്ചു.