'നല്ലത് ചെയ്താല്‍ അത് പറയും , തന്നെ ആരും പഠിപ്പിക്കേണ്ട' ; രമേശ് ചെന്നിത്തലയ്ക്ക് ശശി തരൂരിന്റെ മറുപടി

മോദി എന്തെങ്കിലും നല്ലത് ചെയ്തിട്ടുണ്ടെങ്കില്‍ അത് അംഗീകരിച്ചില്ലെങ്കില്‍ ജനങ്ങളുടെ ഇടയില്‍ വിശ്വാസ്യത കുറയും
'നല്ലത് ചെയ്താല്‍ അത് പറയും , തന്നെ ആരും പഠിപ്പിക്കേണ്ട' ; രമേശ് ചെന്നിത്തലയ്ക്ക് ശശി തരൂരിന്റെ മറുപടി


തിരുവനന്തപുരം : മോദി അനുകൂല പ്രസ്താവനയെ വിമര്‍ശിച്ച രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി ശശി തരൂര്‍ എംപി. തന്നെ ആരും പഠിപ്പിക്കേണ്ട. കോണ്‍ഗ്രസില്‍ മറ്റാരേക്കാളും ബിജെപിയെ എതിര്‍ക്കുന്നയാളാണ് താന്‍. ജയ്‌റാം രമേശും അഭിഷേക് മനു സിങ് വിയും പറഞ്ഞത് തെറ്റല്ല. നല്ലത് ചെയ്താല്‍ അത് പറയും. വിമര്‍ശനങ്ങള്‍ ശക്തമായി തുടരുമെന്നും ശശി തരൂര്‍ പറഞ്ഞു. 

മോദി എന്തെങ്കിലും നല്ലത് ചെയ്തിട്ടുണ്ടെങ്കില്‍ അത് അംഗീകരിച്ചില്ലെങ്കില്‍ ജനങ്ങളുടെ ഇടയില്‍ വിശ്വാസ്യത കുറയും. ആവശ്യം വരുമ്പോള്‍ മോദിയെ കഠിനമായി വിമര്‍ശിക്കണം. മോദിയെ ശക്തമായി വിമര്‍ശിച്ച് പുസ്തകം എഴുതിയ ആളാണ് താന്‍. 

ബിജെപിയെ എതിര്‍ത്തതിന് രണ്ട് കേസുകളാണ് തനിക്കെതിരെ ഉള്ളത്. പാര്‍ലമെന്റിന് അകത്തും പുറത്തും മോദിക്കെതിരെ ശക്തമായ നിലപാടാണ് താനെടുത്തിട്ടുള്ളത്. താന്‍ എന്താണ് പറഞ്ഞതെന്ന് അറിയാതെ വിമര്‍ശിക്കരുത്. കേസിനെ പേടിച്ചായിരുന്നെങ്കില്‍ തനിക്ക് നേരത്തെ ഈ നിലപാട് എടുക്കാമായിരുന്നു. ബിജെപിക്കെതിരായ എതിര്‍പ്പ് തുടരുമെന്നും ശശി തരൂര്‍ പറഞ്ഞു. 

ആര് പറഞ്ഞാലും മോദിയുടെ ദുഷ് ചെയ്തികള്‍ മറച്ചുവയ്ക്കാനാകില്ലെന്നായിരുന്നു തരൂരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടത്. മോദിയെ പർവതീകരിക്കേണ്ട ആവശ്യമില്ല. ഏതെങ്കിലും ഒരു കാര്യത്തിന്റെ പേരിൽ മോദി ചെയ്ത ദുഷ്ചെയ്തികൾ ഇല്ലാതാകുന്നില്ല. ജനങ്ങള്‍ക്ക് അസ്വീകാര്യമായ നിലപാടാണ് ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മോദി സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരായ പോരാട്ടം കോണ്‍ഗ്രസ് ശക്തമാക്കുമെന്നും ചെന്നിത്തല പറഞ്ഞു.

മോദിയെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് ആദ്യം രംഗത്തെത്തിയത്. ഇതിന് പിന്നാലെ അഭിഷേക് മനു സിങ്‌വിയും ഇതേ നിലാപാട് ആവര്‍ത്തിച്ചു. മോദിയെ ക്രൂരനായി ചിത്രീകരിക്കുന്നത് തെറ്റാണ്' എന്നും 'വ്യക്താധിഷ്ഠിതമായല്ല, പ്രശ്‌നാധിഷ്ഠിതമായാണ്' അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തേണ്ടതെന്നുമായിരുന്നു സിങ്വി പറഞ്ഞത്.മോദി സര്‍ക്കാറിന്റെ പോസിറ്റീവുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ പരിഗണിക്കാതിരിക്കുന്നത് പ്രതിപക്ഷത്തെ സഹായിക്കില്ലെന്നുമാണ് ജയറാം രമേശ് പറഞ്ഞത്. ഇതിനെ പിന്തുണച്ചാണ് ശശി തരൂരും രം​ഗത്തുവന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com