മാണിയില്ലാത്ത പാലാ; പിളര്‍പ്പ് തളര്‍ത്തിയ കേരള കോണ്‍ഗ്രസിന് ജീവന്‍മരണ പോരാട്ടം,അവസരം മുതലെടുക്കാന്‍ എല്‍ഡിഎഫ്

അമ്പതു വര്‍ഷത്തിലേറെ പാലാ അടക്കിവാണ കെഎം മാണിയുടെ അന്ത്യത്തോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുന്നത്
മാണിയില്ലാത്ത പാലാ; പിളര്‍പ്പ് തളര്‍ത്തിയ കേരള കോണ്‍ഗ്രസിന് ജീവന്‍മരണ പോരാട്ടം,അവസരം മുതലെടുക്കാന്‍ എല്‍ഡിഎഫ്

മ്പതു വര്‍ഷത്തിലേറെ പാലാ അടക്കിവാണ കെഎം മാണിയുടെ അന്ത്യത്തോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുന്നത്. 1965ല്‍ മണ്ഡലം രൂപീകരിച്ചത് മുതല്‍ പാലയെന്നാല്‍ കരിങ്കോഴയ്ക്കല്‍ മാണി മാണിയായിരുന്നു. മണ്ഡലരൂപീകരണത്തിന് ശേഷം മാണിയില്ലാതെ ആദ്യമായി പാലയിലെ ജനങ്ങള്‍ ബൂത്തിലേക്ക് നീങ്ങുകയാണ്. ജീവന്‍മരണ പോരാട്ടമാണ് കേരള കോണ്‍ഗ്രസ് എമ്മിന് ഈ തെരഞ്ഞെടുപ്പ്. മാണിയുടെ മരണശേഷം പിളര്‍പ്പ് തളര്‍ത്തിയ പാര്‍ട്ടി പിടിച്ചെടുക്കാനുള്ള ജോസ് കെ മാണിയുടെയും പിജെ ജോസഫിന്റെയും പോരാട്ടം കോടതി കയറി നില്‍ക്കുന്നു. ഈ പോരാട്ടത്തില്‍ പാലായിലെ ജനങ്ങള്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന വിധിയെഴുത്തായിരിക്കും ഈ ഉപതെരഞ്ഞെടുപ്പ്. 

പലതവണ മുന്നണി മാറി മത്സരിച്ചിട്ടും മാണിയെ കൈവിടാത്ത പാലാക്കാര്‍ ഇത്തവണ കേരള കോണ്‍ഗ്രസിനെ കൈവിടുമോയെന്നാണ് രാഷ്ട്രീയ കേരളം ഇനി ചര്‍ച്ച ചെയ്യാന്‍ പോകുന്നത്. 1965മുതല്‍ 82വരെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച മാണി, 1987ലാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ത്ഥിയാകുന്നത്. തുടര്‍ന്ന് 2016വരെ പാലായില്‍ മാണി മാത്രം വിജയിച്ചു കയറി. ഒരു സ്ഥാനാര്‍ത്ഥിയെ ഏറ്റവും കൂടുതല്‍ ജയിപ്പിച്ചുവിട്ട മണ്ഡലമെന്ന ചരിത്രം പാലായ്ക്ക സ്വന്തമായി. 

കേരള കോണ്‍ഗ്രസ് തമ്മിലടിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തവണ സ്ഥാനാര്‍ത്ഥിയായി ആരെ നിര്‍ത്തുമെന്ന കാര്യത്തില്‍ യുഡിഎഫ് ക്യാമ്പില്‍ ആശങ്ക ശക്തമാണ്. യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് തങ്ങളാണെന്ന് വാദിക്കുന്ന പിജെ ജോസഫിനെ എല്‍ഡിഎഫ് ഒപ്പം കൂട്ടുമോയെന്ന ചര്‍ച്ചകളും സജീവമാണ്. ഒരുതവണ തങ്ങള്‍ക്കൊപ്പം നിന്ന ജോസഫിനെ കൂട്ടാന്‍ എല്‍ഡിഎഫിലും തടസ്സമൊന്നുമുണ്ടായേക്കില്ല. 

ലോകസ്ഭാ തെരഞ്ഞടുപ്പിലുണ്ടായ കനത്ത തിരിച്ചടിയില്‍ നിന്ന് കരകയറാനുള്ള ഒരവസരമായാണ് പാലാ ഉപതെരഞ്ഞടുപ്പിനെ സിപിഎം കാണുന്നത്. ഇനിവരുന്ന നാളുകളെല്ലാം ഉപതെരഞ്ഞടുപ്പുകളുടെയും തദ്ദേശസ്വയം ഭരണസ്ഥാപനത്തിലേക്കുമുള്ള തെരഞ്ഞടുപ്പിന്റെയും നാളുകളാണ്. ഈ സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ മുതലെടുത്ത് സീറ്റ് പിടിക്കുകയാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 5000ത്തില്‍ പരം വോട്ടുകള്‍ക്കാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത്.നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതുമുന്നണിക്കാണ് വിജയസാധ്യതയെന്ന് സിപിഎമ്മും കണക്കുകൂട്ടുന്നു. ജോസ് കെ മാണിയെയും ജോസഫിനെയും ഒരുമിച്ച് നിര്‍ത്താനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായേക്കും. മാണിയില്ലാത്ത സാഹചര്യത്തില്‍ ഏതുവിധേനയും മണ്ഡലം പിടിച്ചെടുക്കാനുള്ള ശ്രമങ്ങളാകും ഇടതുമുന്നണിയുടെയും എന്‍ഡിഎയുടെയും ഭാഗത്ത് നിന്നുണ്ടാകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com