യുഡിഎഫ് നേതൃയോഗം നാളെ ; പാര്‍ട്ടിയിലെ ഭിന്നത പ്രശ്‌നമാകില്ലെന്ന് ജോസ് കെ മാണി

ജോസഫ് വിഭാഗം വലിയ എതിര്‍പ്പുമായി രംഗത്തു വരില്ലെന്നാണ് യുഡിഎഫ് നേതാക്കളുടെ കണക്കുകൂട്ടല്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : പാല ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ, യുഡിഎഫ് നേതൃയോഗം നാളെ ചേരും. രാവിലെ പത്തുമണിക്കാണ് യോഗം നടക്കുക. പാലാ ഉപതെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങൾ  അടക്കം യോഗം ചര്‍ച്ച ചെയ്യും. സെപ്തംബര്‍ 23 ന് വോട്ടെടുപ്പ് നടക്കുമെന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. 

കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായിരുന്ന കെ എം മാണിയുടെ മരണത്തെ തുടര്‍ന്നാണ് പാലായില്‍ ഉപതെരഞ്ഞെടുപ്പ് അനിവാര്യമായത്. മാണിയുടെ സീറ്റില്‍ കേരള കോണ്‍ഗ്രസിലെ ഭിന്നത ബാധിക്കരുതെന്ന് യുഡിഎഫ് നേതാക്കള്‍ ഇരുപക്ഷത്തിനും നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ ജോസഫ് വിഭാഗം വലിയ എതിര്‍പ്പുമായി രംഗത്തു വരില്ലെന്നാണ് യുഡിഎഫ് നേതാക്കളുടെ കണക്കുകൂട്ടല്‍. 

കേരള കോണ്‍ഗ്രസിലെ ഭിന്നത അടക്കമുള്ള ഉള്‍പാര്‍ട്ടി പ്രശ്‌നം യുഡിഎഫിന്റെ വിജയത്തെ ബാധിക്കരുത്. പാര്‍ട്ടിയിലെ പ്രശ്‌നങ്ങളില്‍ കോടതി വിധി കൂടി കണക്കിലെടുത്ത് തീരുമാനത്തിലെത്താമെന്നും യുഡിഎഫ് നേതാക്കള്‍ പി ജെ ജോസഫ്, ജോസ് കെ മാണി വിഭാഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. കെ എം മാണിയുടെ മരുമകളും മകന്‍ ജോസ് കെ മാണിയുടെ ഭാര്യയുമായ നിഷ ജോസ് കെ മാണിയുടെ പേര് സ്ഥാനാര്‍ത്ഥിയായി സജീവമായി ഉയര്‍ന്നുവന്നിട്ടുണ്ട്. 

അതേസമയം പാല ഉപതെരഞ്ഞെടുപ്പില്‍ കുഴപ്പങ്ങളൊന്നും ഉണ്ടാകില്ലെന്ന് ജോസ് കെ മാണി പറഞ്ഞു. സെപ്റ്റംബര്‍ അവസാന വട്ടം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍രെ തീരുമാനം അപ്രതീക്ഷിതമല്ല. കേരള കോണ്‍ഗ്രസിലെ ഭിന്നത തെരഞ്ഞെടുപ്പില്‍ പ്രശ്‌നമാകില്ല. പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്ത് അനുയോജ്യമായ തീരുമാനം ഉണ്ടാകുമെന്നും ജോസ് കെ മാണി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com