വിമതസ്വരങ്ങള്‍ വേണ്ട; ഇനി ഒന്നരവര്‍ഷം ഒത്തൊരുമിച്ച്, തിരുത്തല്‍ നടപടി ഇടതുമുന്നണിയിലേക്കും

ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കാന്‍ സിപിഎം തുടങ്ങിയ തിരുത്തല്‍ നടപടികള്‍ ഇടതുമുന്നണിയിലേക്കും വ്യാപിപ്പിക്കും.
വിമതസ്വരങ്ങള്‍ വേണ്ട; ഇനി ഒന്നരവര്‍ഷം ഒത്തൊരുമിച്ച്, തിരുത്തല്‍ നടപടി ഇടതുമുന്നണിയിലേക്കും

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കാന്‍ സിപിഎം തുടങ്ങിയ തിരുത്തല്‍ നടപടികള്‍ ഇടതുമുന്നണിയിലേക്കും വ്യാപിപ്പിക്കും. വിമതസ്വരങ്ങളില്ലാത്ത സംഘടനാസംവിധാനമായി മുന്നണിയെ മാറ്റാനാണിത്. സര്‍ക്കാരിന്റെ ഇനിയുള്ള ഒന്നരവര്‍ഷം മുന്നണിയില്‍ കൂടിയാലോചനകളും ചര്‍ച്ചകളും അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങളാകും നടപ്പാക്കുക. കക്ഷികള്‍ ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കും രൂപംനല്‍കും.

പ്രവര്‍ത്തനത്തിലും പെരുമാറ്റത്തിലും സംഘടനാപരമായ സമഗ്രതിരുത്തലുകള്‍ക്കാണ് സിപിഎം തീരുമാനിച്ചത്. ഇതിനായി ചേര്‍ന്ന സംസ്ഥാന സമിതി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകമായി പരിശോധിച്ചു. ഉദ്യോഗസ്ഥരുടെ വീഴ്ച, മന്ത്രിമാരുടെ ഓഫീസുകള്‍ക്കുണ്ടാകുന്ന ജാഗ്രതക്കുറവ്, പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുണ്ടാകേണ്ട ബന്ധം എന്നിവ പരിശോധിച്ചിരുന്നു. ഇതിലുള്ള തിരുത്തല്‍ നിര്‍ദേശവും നല്‍കി. എന്നാല്‍, ഇതൊക്കെ സിപിഎം മന്ത്രിമാരെ മാത്രം ബാധിക്കുന്നതിനാലാണ് വിശദചര്‍ച്ച എല്‍ഡിഎഫിലും നടത്താന്‍ നിശ്ചയിച്ചത്. 

സിപിഐ മന്ത്രിമാരുടെ പ്രവര്‍ത്തനം അവരും വിലയിരുത്തിയിരുന്നു. രണ്ടുദിവസമായി മന്ത്രിമാരെ പങ്കെടുപ്പിച്ചുനടന്ന സംസ്ഥാന എക്‌സിക്യുട്ടീവ് യോഗമാണ് ഇക്കാര്യം പരിശോധിച്ചത്. ഏതുരീതിയിലാണ് എല്‍ഡിഎഫ് ഇക്കാര്യം ചര്‍ച്ചചെയ്യേണ്ടതെന്ന് അടുത്ത മുന്നണിയോഗം തീരുമാനിക്കും.

ആശുപത്രിയിലുള്ള സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടശേഷമാകും എല്‍ഡിഎഫ് യോഗം ചേരുക. സിപിഎമ്മിന്റെ തെറ്റുതിരുത്തില്‍ നിര്‍ദേശങ്ങള്‍ കീഴ്ഘടകങ്ങളിലെത്തിക്കുന്നതിനുള്ള ജില്ലമേഖല യോഗങ്ങള്‍ ഞായറാഴ്ച തുടങ്ങും. 

ജനങ്ങളോട് സ്‌നേഹത്തോടെ ഇടപെടാന്‍ പാര്‍ട്ടി അംഗങ്ങള്‍ക്കും നേതാക്കള്‍ക്കും കഴിയണം എന്നാണ് സിപിഎം സംസ്ഥാന നേതൃയോഗങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനം. സമാധാനം സ്ഥാപിക്കുന്നതിനാണ് പാര്‍ട്ടി പ്രാധാന്യം നല്‍കേണ്ടത്. നിലവിലെ സംഘടനാ സംവിധാനത്തില്‍ കാലാനുസൃതമായ മാറ്റം വേണമെന്നും ആവശ്യമുയര്‍ന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com