ഉപതെരഞ്ഞെടുപ്പ് : ഗൂഢാലോചനയുണ്ടെന്ന് പറയുന്നവര്‍ ആത്മപരിശോധന നടത്തണം, കേരള കോണ്‍ഗ്രസ് വിഷയം തന്റെ മുന്നിലില്ലെന്ന് ടിക്കാറാം മീണ
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th August 2019 12:01 PM |
Last Updated: 26th August 2019 12:01 PM | A+A A- |

തിരുവനന്തപുരം: പാലായില്‍ മാത്രം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാദം തള്ളി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ രംഗത്ത്. പാലായില്‍ മാത്രം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതില്‍ അസ്വാഭാവികതയൊന്നുമില്ല. ഗൂഢാലോചനയുണ്ടെന്ന് പറയുന്നവര്‍ ആത്മപരിശോധന നടത്തണം. രാഷ്ട്രീയ നേതാക്കള്‍ക്ക് എന്തും പറയാമെന്നും ടിക്കാറാം മീണ അഭിപ്രായപ്പെട്ടു.
കേരളത്തില്‍ ഒഴിവുള്ള അഞ്ചു മണ്ഡലങ്ങളില്‍ നവംബറില്‍ ഉപതിരഞ്ഞെടുപ്പ് നടന്നേക്കുമെന്നും ടിക്കാറാം മീണ സൂചിപ്പിച്ചു. ആറ് മാസത്തിനുള്ളില്‍ വോട്ടെടുപ്പ് നടക്കേണ്ടതിനാലാണ് പാലായില്‍ മാത്രം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. നാല് മണ്ഡലങ്ങളില്‍ അവിടുത്തെ എംഎല്‍എമാര്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാലാണ് ഉപതെരഞ്ഞെടുപ്പ് വരുന്നത്. ഇവിടങ്ങളില്‍ ജൂണ്‍ മുതലാണ് ഒഴിവ് വന്നിട്ടുള്ളത്. മഞ്ചേശ്വരത്ത് ഹൈക്കോടതി വിധി വന്നത് ജൂലായിലാണ്. അത് കൊണ്ട് ജൂലായ് മുതലാണ് ഒഴിവ് കണക്കാക്കുക.
മഞ്ചേശ്വരത്ത് കേസ് നടത്തിപ്പിന്റെ ചെലവിലേക്കായി കെ സുരേന്ദ്രന്‍ 42,000 രൂപ നല്‍കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഈയൊരു സാങ്കേതിക പ്രശ്‌നം മാത്രമാണ് അവിടെ നിലനില്‍ക്കുന്നതെന്നും ടീക്കാറാം മീണ പറഞ്ഞു. എങ്കിലും അഞ്ച് മണ്ഡലങ്ങളിലും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. അന്തിമ തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ്. അതിന് കമ്മീഷന് വിവേചനാധികാരമുണ്ട്. കേരള കോണ്‍ഗ്രസ് വിഷയം തന്റെ മുന്നിലില്ലെന്നും ടിക്കാറാം മീണ വ്യക്തമാക്കി.