മകളെ കാണാന്‍ വീട്ടിലെത്തിയ അച്ഛനെ മകനും കൂട്ടരും മരത്തില്‍ കെട്ടിയിട്ട് തല്ലി; കേസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th August 2019 07:22 AM |
Last Updated: 26th August 2019 07:22 AM | A+A A- |
കൊട്ടാരക്കര; പിരിഞ്ഞു കഴിയുന്ന കുടുംബത്തെ കാണാന്‍ വീട്ടിലെത്തിയ അച്ഛനെ മകനും കൂട്ടരും ചേര്‍ന്ന് വീട്ടുമുറ്റത്തെ മരത്തില്‍ കെട്ടിയിട്ട് തല്ലി. അമ്പലപ്പുറം ഇ.ടി.സി. അരുണ്‍ഭവനില്‍ ബാബു(48)വിനാണ് ക്രൂരമായി മര്‍ദനമേറ്റത്. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് മകളെ കാണാനായി ബാബു അമ്പലപ്പുറത്തെ വീട്ടിലെത്തിയത്. തുടര്‍ന്ന് മകനും കൂട്ടുകാരനും ബാബുവിന്റെ ഭാര്യാപിതാവും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു.
പുനലൂരിലുള്ള സഹോദരിയോടൊപ്പമാണ് ഏറെനാളായി ബാബു കഴിഞ്ഞിരുന്നത്. അതിനിടെയാണ് മകളെ കാണാന്‍ വീട്ടില്‍ എത്തിയത്. . ഇതിനെ ചോദ്യംചെയ്ത് മകനും കൂട്ടുകാരനും ബാബുവിന്റെ ഭാര്യാപിതാവും ചേര്‍ന്ന് വീട്ടുമുറ്റത്തെ മരത്തില്‍ കൈയും കാലും കെട്ടിയിട്ട് ബാബുവിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് കൊട്ടാരക്കര പോലീസ് എത്തി ബാബുവിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍ അരുണ്‍ (20), ഭാര്യാപിതാവ് പുരുഷോത്തമന്‍ (70), മകന്റെ കൂട്ടുകാരന്‍ വിഷ്ണു (22) എന്നിവര്‍ ചേര്‍ന്നാണ് തന്നെ മര്‍ദിച്ചതെന്ന് ബാബു പോലീസിന് മൊഴി നല്‍കി. ഇവരുടെ പേരില്‍ പോലീസ് കേസെടുത്തു.