ലൈംഗിക പീഡനം : എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ബിനോയ് കോടിയേരിയുടെ ഹര്‍ജി ഇന്ന് കോടതിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th August 2019 07:47 AM |
Last Updated: 26th August 2019 07:47 AM | A+A A- |

മുംബൈ: ലൈംഗിക പീഡനക്കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചന്ന ബിഹാര്‍ സ്വദേശിനിയുടെ പരാതിയില്‍ തെളിവില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ബിനോയ് ഹര്‍ജിയില്‍ പറയുന്നു. ദുബായില്‍ ബാര്‍ നര്‍ത്തകിയായിരുന്ന യുവതിയാണ് ബിനോയിക്കെതിരെ കേസ് നല്‍കിയത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിനോയിയോട് കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റിന് വിധേയനാകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കഴിഞ്ഞമാസം 29 ന് ബിനോയ് ഡിഎന്‍എ പരിശോധനയ്ക്ക് വിധേയനായിരുന്നു. പരിശോധനാഫലം രണ്ടാഴ്ച്ചയ്ക്കകം മുദ്രവെച്ച കവറില്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറണമെന്നായിരുന്നു ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. ഡിഎന്‍എ പരിശോധന ഫലം കൈപ്പറ്റിയോ എന്ന കാര്യം രജിസ്ട്രാര്‍ ഇന്ന് കോടതിയെ അറിയിക്കും.
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നും ബിനോയിയുമായുള്ള ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് യുവതിയുടെ പരാതി. കുട്ടിയ്ക്കും തനിക്കും ജീവിക്കാനുള്ള ചെലവിനുള്ള പണം ബിനോയി നല്‍കണമെന്നും യുവതി പരാതിയില്‍ ആവശ്യപ്പെടുന്നു. കേസില്‍ മുംബൈ ദിന്‍ദോഷി സെഷന്‍സ് കോടതിയാണ് ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.