ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയാകുന്നത് സിപിഎമ്മിന് ഗുണം,  രഹസ്യ പിന്തുണ ലഭിക്കും ; കേരള കോണ്‍ഗ്രസില്‍ ജോസ് വിഭാഗത്തിന്റെ വാദം

രാജ്യസഭ എംപിസ്ഥാനം രാജിവെക്കുന്നത് പ്രശ്‌നമുള്ള കാര്യമല്ലെന്നാണ് ജോസ് കെ മാണിക്കൊപ്പമുള്ള നേതാക്കളുടെ നിലപാട്
ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയാകുന്നത് സിപിഎമ്മിന് ഗുണം,  രഹസ്യ പിന്തുണ ലഭിക്കും ; കേരള കോണ്‍ഗ്രസില്‍ ജോസ് വിഭാഗത്തിന്റെ വാദം

കോട്ടയം : പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയാകണമെന്ന് കേരള കോണ്‍ഗ്രസില്‍ ആവശ്യമുയരുന്നു. രാജ്യസഭാംഗത്വം രാജിവെച്ച് പാലയില്‍ തെരഞ്ഞെടുപ്പിന് ജോസ് ഇറങ്ങണമെന്നാണ് അദ്ദേഹത്തിനൊപ്പമുള്ളവര്‍ ആവശ്യപ്പെടുന്നത്. പാലാ നിയോജക മണ്ഡലത്തിലെ കേരള കോണ്‍ഗ്രസിന്റെ ബഹുഭൂരിപക്ഷം മണ്ഡലം കമ്മിറ്റികളും ഈ ആവശ്യം മുന്നോട്ടുവെച്ചിട്ടുണ്ട്. 

രാജ്യസഭ എംപിസ്ഥാനം രാജിവെക്കുന്നത് പ്രശ്‌നമുള്ള കാര്യമല്ലെന്നാണ് ജോസ് കെ മാണിക്കൊപ്പമുള്ള നേതാക്കളുടെ നിലപാട്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സിപിഎമ്മും കോണ്‍ഗ്രസും സിറ്റിങ് എംഎല്‍എമാരെ രംഗത്തിറക്കിയത് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ജോസ് കെ മാണിയെ രാജ്യസഭാംഗമാക്കിയത് സംഘടനാ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ്. എന്നാല്‍ കെ എം മാണിയുടെ മരണത്തോടെ സാഹചര്യങ്ങള്‍ മാറിയിരിക്കുകയാണ്. ജോസ് കെ മാണിയുടെ ഭാര്യ നിഷയെ മല്‍സരിപ്പിക്കുന്നത് പോലും ആത്മഹത്യാപരമായിരിക്കുമെന്നാണ് ജില്ലാനേതാക്കളുടെ നിലപാട്. നിഷയുടെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി അണികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനേ ഉതകൂ എന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. 

അതേസമയം കെ എം മാണി വര്‍ഷങ്ങളായി കൈവശം വെച്ചിരിക്കുന്ന പാലാ സീറ്റില്‍ മകന്‍ ജോസ് കെ മാണി മല്‍സരത്തിനിറങ്ങിയാല്‍ യുഡിഎഫില്‍ കാര്യമായ എതിര്‍പ്പുണ്ടാകില്ലെന്നും ജോസ് പക്ഷ നേതാക്കല്‍ വിലയിരുത്തുന്നു. 2018 ജൂണില്‍ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ജോസിന് 2024 ജൂണ്‍ വരെ കാലാവധിയുണ്ട്. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെങ്കിലും ജോസ് കെ മാണിക്ക് എംപി സ്ഥാനം രാജിവെക്കേണ്ടി വരും. ഈ സാഹചര്യത്തില്‍ അത്ര വരെ കാത്തിരിക്കേണ്ടെന്നാണ് ജോസ് വിഭാഗം നേതാക്കളുടെ അഭിപ്രായം.

ജോസ് കെ മാണി രാജിവെച്ചാല്‍ രാജ്യസഭയില്‍ യുപിഎയുടെ അംഗസംഖ്യ കുറയുമെന്ന വാദത്തെയും ഇവര്‍ എതിര്‍ക്കുന്നു. നിലവില്‍ രാജ്യസഭയില്‍ യുപിഎയ്ക്ക് ഭൂരിപക്ഷം ഉണ്ടായിട്ടും വിവാദമായ കശ്മീര്‍ ബില്ലും മുത്തലാഖ് ബില്ലും മോട്ടോര്‍ വാഹനബില്ലുമൊക്കെ പാസ്സാക്കാന്‍ കേന്ദ്രസര്‍ക്കാരിനായി. ഈ സാഹചര്യത്തില്‍ യുപിഎക്ക് ാെരു വോട്ട് കുറയുമെന്ന വാദം അപഹാസ്യമാണെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. 

ഇതുമാത്രമല്ല, ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയാകുന്നത് സിപിഎമ്മിന് കൂടി ഗുണകരമാകുന്നതാണ്. ജോസ് കെ മാണി രാജിവെക്കുന്ന രാജ്യസഭാ സീറ്റിലേക്ക് സിപിഎം പ്രതിനിധിയാകും വിജയിക്കുക. ഈ സാഹചര്യത്തില്‍ അടിയൊഴുക്കുകള്‍ എത്ര ശക്തമായാലും സിപിഎമ്മിന്റെ രഹസ്യമായ പിന്തുണ ജോസ് കെ മാണിയെ രക്ഷിക്കുമെന്നും നേതാക്കള്‍ വിലയിരുത്തുന്നു. ഈ പശ്ചാത്തലത്തില്‍ കാലുവാരല്‍ ഉണ്ടായാല്‍പ്പോലും ജോസിന് വിജയിക്കാന്‍ പ്രയാസമുണ്ടാകില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com