തുഷാര്‍ പറഞ്ഞ തുക പോരെന്ന് നാസില്‍ കോടതിയില്‍; ഒത്തുതീര്‍പ്പു ശ്രമങ്ങള്‍ നീളുന്നു

അജ്മാന്‍ കോടതി ഇന്നു കേസ് പരിഗണിച്ചപ്പോഴാണ് നാസില്‍ നിലപാടു വ്യക്തമാക്കിയത്
തുഷാര്‍ പറഞ്ഞ തുക പോരെന്ന് നാസില്‍ കോടതിയില്‍; ഒത്തുതീര്‍പ്പു ശ്രമങ്ങള്‍ നീളുന്നു

ദുബൈ: ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസില്‍ ഒത്തുതീര്‍പ്പു ശ്രമങ്ങള്‍ നീളുന്നു. ഒത്തുതീര്‍പ്പിനായി തുഷാര്‍ വാഗ്ദാനം ചെയ്ത തുക അപര്യാപ്തമാണെന്ന് പരാതിക്കാരനായ കൊടുങ്ങല്ലൂര്‍ സ്വദേശി നാസില്‍ അബ്ദുല്ല അറിയിച്ചു. അജ്മാന്‍ കോടതി ഇന്നു കേസ് പരിഗണിച്ചപ്പോഴാണ് നാസില്‍ നിലപാടു വ്യക്തമാക്കിയത്.

ഇന്നു കേസ് പരിഗണിച്ചപ്പോള്‍ ഒത്തുതീര്‍പ്പിനു ശ്രമിക്കുന്നുണ്ടോയെന്ന് പ്രോസിക്യൂട്ടര്‍ ഇരുവരോടും ആരാഞ്ഞു. ഒത്തുതീര്‍പ്പിനു തയാറാണെന്നും എന്നാല്‍ നിലവില്‍ തുഷാര്‍ വാഗ്ദാനം ചെയ്തിട്ടുള്ള തുക അപര്യാപ്തമാണെന്നും നാസില്‍ അറിയിച്ചു. അതേസമയം നാസില്‍ ആവശ്യപ്പെടുന്ന തുക വളരെ കൂടുതലാണെന്നായിരുന്നു തുഷാര്‍ പ്രതികരിച്ചത്.

ചെക്ക് നാസില്‍ അനധികൃതമായി കൈക്കലാക്കിയതാണെന്ന വാദം തുഷാര്‍ കോടതിയില്‍ ആവര്‍ത്തിച്ചു. നേരത്തെ മാധ്യമങ്ങളുമായുള്ള അഭിമുഖങ്ങളില്‍ തുഷാര്‍ ഈ വാദം ഉന്നയിച്ചിരുന്നു. താന്‍ ഇങ്ങനെയൊരു ചെക്ക് കൊടുത്തിട്ടില്ല. ഇത് അനധികൃതമായി കൈക്കലാക്കിയതാണെന്ന് തുഷാര്‍ പറഞ്ഞു. ചെക്ക് അനധികൃതമായി കൈക്കലാക്കിയതാണെങ്കില്‍ എന്തുകൊണ്ടാണ് പരാതി നല്‍കാതിരുന്നതെന്ന് പ്രോസിക്യൂട്ടര്‍ ചോദിച്ചു. തുഷാറിന്റെ വാദം തെറ്റാണെന്നും ചെക് തനിക്കു നല്‍കാനുള്ള പണത്തിനു പകരമായി തുഷാറിന്റെ മാനേജര്‍മാര്‍ നല്‍കിയതാണെന്നും നാസില്‍ പറഞ്ഞു.

രണ്ടു ദിവസത്തിനു ശേഷം ഇരുവരും വീണ്ടും കോടതിയില്‍ ഹാജരാവണം. അപ്പോഴേക്കും ഒത്തുതീര്‍പ്പു സംബന്ധിച്ച് ധാരണയുണ്ടാക്കാനാണ് തുഷാറിന്റെ ശ്രമമെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com