മക്കളെ ശബരിമലയില്‍ അയച്ചാല്‍ പോരാ, സിപിഎം വിശ്വാസികളോട് മാപ്പുപറയണം : ശ്രീധരന്‍ പിള്ള

വെറുതെ വാചകക്കസര്‍ത്ത് നടത്തിയതുകൊണ്ട് കാര്യമില്ല. ആത്മാര്‍ത്ഥത തെളിയിക്കണം
മക്കളെ ശബരിമലയില്‍ അയച്ചാല്‍ പോരാ, സിപിഎം വിശ്വാസികളോട് മാപ്പുപറയണം : ശ്രീധരന്‍ പിള്ള

തിരുവനന്തപുരം : പാല ഉപതെരഞ്ഞെടുപ്പില്‍ ആരു മല്‍സരിക്കണമെന്ന കാര്യത്തില്‍  ഈ മാസം 30 ന് തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. എന്‍ഡിഎ യോഗത്തിന് ശേഷമായിരിക്കും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക. മല്‍സരിക്കാന്‍ ബിജെപി കോട്ടയം ജില്ലാ കമ്മിറ്റി താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്. ശബരിമലയില്‍ സിപിഎം വിശ്വാസികള്‍ക്കൊപ്പമെന്ന വാദം വാചകക്കസര്‍ത്ത് മാത്രമാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. 

നിലപാട് മാറ്റിയെങ്കില്‍ സിപിഎം വിശ്വാസികളോട് മാപ്പുപറയണം. ശബരിമല വിഷയത്തില്‍ വിശ്വാസത്തിന് വേണ്ടിയുള്ള സമരത്തെ അന്ന് ചോരയില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ച, കുപ്രചരണം നടത്തിയ എല്‍ഡിഎഫിനെ ജനങ്ങള്‍ ഒരു പാഠം പഠിപ്പിച്ചിരിക്കുന്നു. ഇപ്പോള്‍ നിലപാട് തിരുത്തിയെങ്കില്‍ അവര്‍ പരസ്യമായി മാപ്പു പറയണം. അല്ലാതെ ശബരിമലയില്‍ മക്കളെ അയച്ചാല്‍ പോരെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. 

വിശ്വാസികളുടെ വിശ്വാസം ഉള്‍ക്കൊള്ളാനും അതുമായി ഇഴുകിചേരാനും ആഗ്രഹിക്കുന്നുവെങ്കില്‍ ശബരിമല ധര്‍മ്മശാസ്താവിനോട് തന്നെ ആദ്യം ചെയ്ത തെറ്റിന് സമസ്താപരാധം പറയട്ടെ. വെറുതെ വാചകക്കസര്‍ത്ത് നടത്തിയതുകൊണ്ട് കാര്യമില്ല. ആത്മാര്‍ത്ഥത തെളിയിക്കണം. ആചാരാനുഷ്ഠാനങ്ങളാണ് ഒരു വിശ്വാസത്തിന്റെ ആത്മാവെന്ന് പറയുന്നത്. ആ വിശ്വാസത്തിന്റെ ആത്മാവിനെ മാനിക്കുന്നുണ്ടോയെന്ന് എല്‍ഡിഎഫ് വ്യക്തമാക്കണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com