'സമൂഹമാധ്യമങ്ങളില്‍ ഓരിയിടുന്നവരോട് സഹതാപം മാത്രം'; ഡിഫി എന്നുകേള്‍ക്കുമ്പോള്‍ വാലിന് തീ പിടിച്ച പോലെ പാഞ്ഞുനടക്കുന്നതെന്തിന്; മറുപടിയുമായി മുഹമ്മദ് റിയാസ്

ലോകത്തിന്റെ ശ്വാസമെരിയുമ്പോള്‍ നിശബ്ദമാകാന്‍ ഞങ്ങള്‍ക്ക് മനസില്ല - ആമസോണ്‍ സമരത്തില്‍ പരിഹസിച്ചവര്‍ക്ക് മറുപടിയുമായി ഡിവൈഎഫ്‌ഐ 
'സമൂഹമാധ്യമങ്ങളില്‍ ഓരിയിടുന്നവരോട് സഹതാപം മാത്രം'; ഡിഫി എന്നുകേള്‍ക്കുമ്പോള്‍ വാലിന് തീ പിടിച്ച പോലെ പാഞ്ഞുനടക്കുന്നതെന്തിന്; മറുപടിയുമായി മുഹമ്മദ് റിയാസ്

കോഴിക്കോട്: ആമസോണ്‍ കാടുകളില്‍ തീപടരുന്നതിനും അത് നിയന്ത്രിക്കാത്തതിനുമെതിരെ ഡി.വൈ.എഫ്.ഐ ഡല്‍ഹിയിലെ ബ്രസീല്‍ എംബസിക്കുമുന്നില്‍ നടത്തിയ സമരത്തെ പരിഹസിച്ച് സമൂഹമാധ്യമങ്ങളും വിടി ബല്‍റാം അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഡി.വൈ.എഫ്.ഐ നേതാവ്  മുഹമ്മദ് റിയാസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിഷയത്തില്‍ അദ്ദേഹം മറുപടി നല്‍കിയിരിക്കുന്നത്. 

പോസ്റ്റിന്റെ പൂര്‍ണരൂപം

ആമസോണ്‍ മഴക്കാടിന്റെ തീയണക്കാത്തവരോട് ഡി വൈ എഫ് ഐ പ്രതിഷേധിക്കുമ്പോള്‍ വാലിനു തീ പിടിച്ചു ഓടുന്നവരോട് ....

കത്തിയെരിയുന്ന ആമസോണിനെക്കാള്‍ വേഗത്തില്‍ സംഘപരിവാര്‍ ആശയത്തില്‍ അഭയം പ്രാപിക്കുന്ന പ്രസ്ത്ഥാനത്തോട് ഞങ്ങള്‍ക്ക് സഹതാപം മാത്രം ...

ഭൂമിയെ സ്‌നേഹിക്കുന്ന മനുഷ്യ മനസ്സുകളോടാണ് ഞങ്ങള്‍ DYFIക്ക് 
പറയാന്‍ ഉള്ളത് ...

ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോണ്‍ മഴക്കാടുകള്‍ കത്തിയെരിയുമ്പോള്‍ ഞങ്ങള്‍ പ്രതിഷേധിച്ചു. .. 
ഇന്ത്യയില്‍ ആദ്യമായി ഈ വിഷയത്തില്‍ പ്രതിഷേധിച്ചത് ഡി വൈ എഫ് ഐ ആണ് .
ഇനിയും ഏതു സംഘടനയും സമാന ചിന്തയോടെ പ്രതിഷേധിച്ചാല്‍ ഞങ്ങള്‍ക്ക് സന്തോഷം മാത്രം ,അത് ഒരാള്‍ ഒറ്റക്ക് പ്രതിഷേധിച്ചാല്‍ പോലും.ഏകദേശം 55 ലക്ഷം സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയില്‍ പടര്‍ന്നു കിടക്കുന്ന ആമസോണ്‍ മഴക്കാടുകള്‍ സംരക്ഷിക്കാനായി ഉയരുന്ന നേര്‍ത്ത ശബ്!ദങ്ങളെ പോലും ഞങ്ങള്‍ വിലമതിക്കുന്നു.

' ഇവിടെയുണ്ട് ഞാന്‍ എന്നറിയുവാന്‍ മധുരമായൊരു കൂവല്‍ മാത്രം മതി '
ഇത്രപോലും സാധിക്കാതെ സമൂഹമാധ്യമങ്ങളില്‍ കിടന്നു ഓരിയിടുന്നവരോട് ഡി വൈ എഫ് ഐക്ക് സഹതാപം മാത്രം.

വിവിധ രാജ്യങ്ങളുടെ എംബസികള്‍ സ്ഥിതി ചെയ്യുന്ന ഡല്‍ഹിയില്‍ പല നിയന്ത്രണങ്ങളുമുള്ള മേഖലയില്‍ നടക്കുന്ന ഒരു സംഘടനയുടെ പ്രതിഷേധ പരിപാടി എങ്ങിനെ ആയിരിക്കണമെന്ന് തീരുമാനിക്കാനുള്ള മിനിമം ജനാധിപത്യ അവകാശം എങ്കിലും ആ സംഘടനക്ക് നിങ്ങള്‍ വിട്ടു തരിക .

ആമസോണ്‍ മഴക്കാടിലെ മനുഷ്യനിര്‍മ്മിത അഗ്‌നിബാധയെ നിയന്ത്രിക്കാത്ത ബ്രസീലിയന്‍ കോര്‍പ്പറേറ്റ് ഭരണത്തിനെതിരായ പ്രതിഷേധത്തിലെ ആളുകളെ എണ്ണിയെടുത്തവര്‍ ഇന്ത്യയില്‍ ആദ്യമായി ആള്‍ക്കൂട്ട കൊലപാതകത്തിലെ ഇരകളുടെ കുടുംബം ഉള്‍പ്പടെ പങ്കെടുത്ത കണ്‍വന്‍ഷന്‍ ഒരു മാസം മുന്‍പ് 
ഡി വൈ എഫ് ഐ മുംബയില്‍ വിളിച്ചു ചേര്‍ത്തപ്പോള്‍ ആളുകള്‍ തിങ്ങിനിറഞ്ഞ പങ്കാളിത്തത്തിന് നിങ്ങള്‍ മാര്‍ക്കിട്ടിരുന്നോ ?.

റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി ഡി വൈ എഫ് ഐ ശബ്!ദമുയര്‍ത്തിയപ്പോളും ഭരണകൂട ഭീകരതയുടെ ഇര സഞ്ജയ് ഭട്ടിന്റെ നീതിക്ക് വേണ്ടി ശബ്ദമുയര്‍ത്തിയപ്പോഴും , അദ്ദേഹത്തിന്റെ ഭാര്യ ശ്വേതാ ഭട്ട് ഡി വൈ എഫ് ഐ ഓഫിസില്‍ വന്നു നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളില്‍ ഡി വൈ എഫ് ഐയു മായി യോജിച്ച പോരാടാന്‍ സന്നദ്ധമായപ്പോഴും നിങ്ങളെയാരെയും കണ്ടില്ലല്ലോ? 
പെരുന്നാള്‍ തലേന്ന് തൊപ്പി വെച്ച് ട്രെയിനിയില്‍ സഞ്ചരിച്ചു എന്നു പറഞ്ഞ് സംഘ പരിവാര്‍ ക്രിമിനലുകള്‍ ഹരിയാനയിലെ ജുനൈദ് എന്ന 16 വയസ്സുകാരനെ തല്ലിക്കൊന്നപ്പോള്‍ 
' മുസല്‍മാനോം കി ദോ ഹിസ്ഥാന്‍ 
പാകിസ്ഥാന്‍ ഓര്‍ കബറിസ്ഥാന്‍ '
എന്ന മുദ്രാവാക്യത്തിന്റെ ഇരയാണ് ജുനൈദ് എന്ന് ആര്‍ജ്ജവത്തോടെ പറയാന്‍ മറ്റാര് ഉണ്ടായിരുന്നു ? .

ഇഷ്ടഭക്ഷണം കഴിക്കാന്‍ ഉള്ള അവകാശം കവര്‍ന്നെടുത്ത് 
'തീന്‍ മേശയില്‍ അടിയന്തരാവസ്ഥ ' പ്രഖ്യാപിച്ച ഭരണകൂടത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധിക്കാന്‍ നിങ്ങളില്‍ എത്ര പേര്‍ തയ്യാറായിരുന്നു ? .

നോട്ടു നിരോധനം എന്ന രാജ്യം കണ്ട മണ്ടന്‍ തീരുമാനം നടപ്പിലാക്കി ജനങ്ങളോട് സര്‍ജിക്കല്‍ സ്‌െ്രെടക്ക് പ്രഖ്യാപിച്ചവര്‍ക്കെതിരെ പ്രക്ഷോഭം നയിച്ചതിനു ജയില്‍ വാസം അനുഭവിക്കേണ്ടി വന്നത് തമിഴ്‌നാട്ടിലെ ഡി വൈ എഫ് ഐ ക്കാര്‍ മാത്രമായിരുന്നു .

ആമസോണിലെ കാട്ടു തീ അണക്കാത്തവര്‍ക്കെതിരായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ,യുവരാജ് സിങ് തുടങ്ങി കായിക കലാ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ശക്തമായി പ്രതികരിച്ചിട്ടുണ്ട് . ഇന്ത്യയില്‍ ഈ വിഷയം ഉയര്‍ത്തി ആദ്യം പ്രതികരിച്ചത് ഡി വൈ എഫ് ഐ ആണ് എന്ന വശം കാണാതെ അന്ധമായ ഡി വൈ എഫ് ഐ വിരോധം കൊണ്ട് അന്ധത ബാധിച്ചവരെ,
രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി പരിസ്ഥിതിയെക്കുറിച്ച് പറഞ്ഞ ഒരു വാചകം ഓര്‍മ്മിപ്പിക്കുകയാണ് .

' എല്ലാവരുടെയും ആവശ്യത്തിനു ഉള്ളത് പ്രകൃതിയില്‍ ഉണ്ട് എന്നാല്‍ ഒരാളുടെ പോലും അത്യാഗ്രഹത്തിന്നു ഉള്ളത് ഇല്ലതാനും '

പരിസ്ഥിതി ലാഭകൊതിയന്മാരായ കോര്‍പറേറ്റുകള്‍ ചൂഷണം ചെയ്യുമ്പോള്‍ പ്രതിഷേധിക്കാന്‍ എങ്കിലും നിങ്ങള്‍ക്ക് ഈ സങ്കുചിത രാഷ്ട്രീയ നിലപാടുകള്‍ തടസ്സമാവരുത് .

ലാറ്റിനമേരിക്കയിലെ ആമസോണ്‍ കത്തിയാല്‍ ഇന്ത്യയിലെ ഡി വൈ എഫ് ഐ എന്തിന് പ്രതിഷേധിക്കുന്നു എന്ന് പറയുന്ന പൊട്ടക്കിണറ്റിലെ തവളയുടെ ബുദ്ധിയില്‍ പ്രതികരണം നടത്തുന്നവരോട് എന്ത് പറയാന്‍ ...
രൂപീകരിച്ച കാലം മുതല്‍ ഡി വൈ എഫ് ഐ സാര്‍വ്വദേശീയ രംഗത്തെ സംഭവ വികാസങ്ങളോട് എന്നും പ്രതികരിച്ചിട്ടുണ്ട് .

നെല്‍സണ്‍ മണ്ടേലയെ വെള്ളക്കാരന്റെ ഭരണം ദക്ഷിണാഫ്രിക്കന്‍ ജയിലില്‍ അടച്ചപ്പോള്‍
' free free nelson mandela' 
എന്നു മുദ്രാവാക്യം ഉയര്‍ത്തിയ സംഘടനയാണ് ഡി വൈ എഫ് ഐ .

'എങ്ങു മനുഷ്യന്‍ ചങ്ങല കൈകളിലങ്ങനെ കയ്യുകള്‍ നൊന്തീടുകയാ
ണെങ്ങോ മര്‍ദ്ധനമവിടെ പ്രഹരം 
വീഴുവതെന്റെ പുറത്താവുന്നു .'
എന്ന് ആഫ്രിക്ക എന്ന കവിതയില്‍ 
എന്‍ വി കൃഷ്ണ വാരിയര്‍ എഴുതിയ വിശ്വമാനവികതയുടെ സര്‍ഗ്ഗസൃഷ്ടിയുടെ രാഷ്ട്രീയ മുദ്രാവാക്യമായിരുന്നു .
' ഇരുണ്ട വന്‍കര നിറഞ്ഞ് കത്തും 
തീപ്പന്തം നീ മണ്ടേല '
എന്ന് യുണിറ്റ് തലം വരെ ഡി വൈ എഫ് ഐയുടെ പ്രവര്‍ത്തകര്‍ വിളിച്ചു പറഞ്ഞത് .

സദ്ധാം ഹുസൈന്‍ എന്ന ഭരണാധികാരിയെ അധിനിവേശ ശക്തികള്‍ തൂക്കിലേറ്റിയപ്പോള്‍ ഇന്ത്യന്‍ തെരുവീഥികളില്‍ പ്രതിഷേധത്തിന്റെ തീക്കാറ്റായുയര്‍ത്തിയത് ഡി വൈ എഫ് ഐ ആയിരുന്നു.

മെഡിറ്ററേനിയന്‍ കടല്‍ തീരത്ത് ലോകമനഃസാക്ഷിയെ പിടിച്ചുലച്ച ഐലന്‍ കുര്‍ദ്ദി എന്ന ബാലന്‍ മരിച്ചു വിറങ്ങലിച്ച് കമിഴ്ന്നു കിടന്നപ്പോഴും ഹിരോഷിമയുടെയും നാഗസാക്കിയുടെയും ഭീതിജനകമായ ഓര്‍മ്മകള്‍ ലോകം പുതുക്കുമ്പോഴും ഡി വൈ എഫ് ഐ ചര്‍ച്ച ചെയ്തത് യുദ്ധവും പാലായനങ്ങളും അനാഥമാക്കപ്പെടുകയും ഞെരിച്ചു കൊന്നുകളയുകയും ചെയ്ത പിഞ്ചു ബാല്യങ്ങളെയും സാധാരണ മനുഷ്യരെയും പറ്റിയായിരുന്നു .

ഗാസയില്‍ സയണിസ്‌റ് ഭീകരതയുടെ പെല്ലറ്റ് ഷെല്‍ ആക്രമണത്തില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ വരെ വേട്ടയാടപ്പെട്ടപ്പോള്‍ കൂറ്റന്‍ ആയുധ ടാങ്കുകള്‍ക് നേരെ കരിങ്കല്‍ കഷണങ്ങള്‍ എടുത്ത് നില്‍ക്കുന്ന ബാല്യങ്ങള്‍ തീവ്രവാദികള്‍ ആണെന്നു പറഞ്ഞവരുടെ കൂടെയായിരുന്നു നിങ്ങളില്‍ പലരും .

സെപ്തംബര്‍ 11 ഭീകരാക്രമണത്തില്‍ അമേരിക്ക നടുങ്ങി പോയപ്പോള്‍ ഭീകരതക്ക് എതിരായ നിലപാട് തന്നെയായിരുന്നു ഡി വൈ എഫ് ഐ സ്വീകരിച്ചത് . ഈ കാരണം ചൂണ്ടിക്കാട്ടി എല്ലാ മുസ്ലീങ്ങളും തീവ്രവാദികള്‍ എന്ന സാമാന്യവല്‍ക്കരണത്തിലേക്ക് സാമ്രാജ്യത്ത്വം അവരുടെ നിര്‍വചനം ചുരുക്കി കൊണ്ട് വന്നപ്പോള്‍ ' തീവ്രവാദത്തിനു മതമില്ല തീവ്രവാദം അത് ഏതുമതത്തിന്റെ പേരിലായാലും മനുഷ്യ വിരുദ്ധമാണ് ' എന്ന് പറയാനും ഞങ്ങള്‍ മടികാണിച്ചിട്ടില്ല .

ഡി വൈ എഫ് ഐയുടെ രാഷ്ട്രീയം സങ്കുചിത ദേശ അതിരുകള്‍ക്കുള്ളില്‍ വീര്‍പ്പുമുട്ടുന്നതല്ല . വിശാലമായ ലോകവീക്ഷണങ്ങള്‍ , വിശ്വമാനവികതയില്‍ അധിഷ്ഠിതമായതാണ്. ലോകത്ത് നടക്കുന്ന ഓരോ സംഭവങ്ങളോടും സക്രിയവും സചേതനവുമായ പ്രതികരണങ്ങള്‍ നടത്തിയ ജീവനുള്ള യുവജനപ്രസ്ഥാനമാണ് 
ഡി വൈ എഫ് ഐ എന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു . ഇന്ത്യന്‍ പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി ഒരു തട്ടു ദോശ ചുട്ടെടുക്കുന്ന ലാഘവത്തോടെ ജനവിരുദ്ധ നിയമങ്ങള്‍ വളഞ്ഞ വഴിയില്‍ പാസ്സാക്കി എടുക്കുമ്പോള്‍ വര്‍ഗ്ഗീയ ഭരണകൂടത്തെ അസ്വസ്ഥമാക്കുന്ന ഒരു ഞരക്കം പോലും പുറപ്പെടുവിക്കാത്തവര്‍ ഡി വൈ എഫ് ഐ പ്രതിഷേധിച്ചു എന്ന് കേള്‍ക്കുമ്പോള്‍ വാലിന് തീ പിടിച്ച പോലെ പാഞ്ഞു നടക്കുന്നത് എന്തിനാണ് ?.

പ്രകൃതിയെയും മനുഷ്യനെയും ചൂഷണം ചെയ്യുന്ന കോര്‍പറേറ്റ് ഭരണത്തിനെതിരെ ശിരസ്സ് കുനിക്കാതെ നട്ടെല്ല് നിവര്‍ത്തി നിന്ന് പറയാനുള്ളത് പറഞ്ഞ പ്രസ്ഥാനം തന്നെയാണ് 
ഡി വൈ എഫ് ഐ എന്നതിന് നിങ്ങളുടെ സാക്ഷ്യപത്രം ഞങ്ങള്‍ക്ക് ആവശ്യമില്ല .
ലോകത്തിന്റെ ശ്വാസമെരിയുമ്പോള്‍ , അവിടെ സര്‍ക്കാര്‍ നിഷ്‌ക്രിയമാവുമ്പോള്‍,
അതിനു പിറകിലുള്ള കോര്‍പ്പറേറ്റ് സാമ്പത്തിക താല്‍പ്പര്യങ്ങള്‍ പരസ്യപ്പെടുമ്പോള്‍,
ലോകത്തിലെ മനഃസാക്ഷിയുള്ള മുഴുവന്‍ മനുഷ്യരും അതിനൊരു പ്രതികരണവുമായി രംഗത്ത് ഇറങ്ങും. അതുകൊണ്ട് തന്നെ നിശബ്ദ്ധരാവാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല.

വിമര്‍ശിച്ചവരോടും കൂടെ നിന്നവരോടും മനസ് തന്നവരോടും ഞങ്ങള്‍ക്ക് നന്ദി മാത്രം. 
'ഇനിയും മരിക്കാത്ത ഭൂമിയെ കൊല്ലാനിറങ്ങിയ ലാഭക്കൊതിയന്‍മാര്‍ ക്കെതിരെ സമാനമനസ്‌ക്കരുമായി കൈകോര്‍ക്കാന്‍ DYFIക്ക് നിറഞ്ഞ സന്തോഷം മാത്രം ' . നന്ദി ...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com