ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് ഭക്ഷ്യവിഷബാധ: പയ്യന്നൂരില്‍ ഷവര്‍മയ്ക്ക് നിരോധനം
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th August 2019 12:17 AM |
Last Updated: 27th August 2019 12:17 AM | A+A A- |

കണ്ണൂര്‍: ഷവര്‍മ കഴിച്ച കുടുംബത്തിലെ അഞ്ചുപേര്‍ക്ക് ഭക്ഷ്യവിഷബാധ. പയ്യന്നൂര്‍ മാടക്കല്‍ സ്വദേശി സുകുമാരന്റെ കുടുംബത്തിനാണ് ഭക്ഷ്യവിഷബാധയേറ്റത്. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്റിന് സമീപത്തെ ഡ്രീം ഡെസേര്‍ട്ട് എന്ന കടയില്‍ നിന്ന് സുകുമാരന്‍ ഷവര്‍മയും കുബ്ബൂസും വാങ്ങിയിരുന്നു. ഇത് കഴിച്ചതോടെ വീട്ടുകാര്‍ക്ക് ഛര്‍ദിയും തലകറക്കവും അനുഭവപ്പെടുകയായിരുന്നു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിശോധനയില്‍ ഷവര്‍മയില്‍ നിന്നുള്ള ഭക്ഷ്യവിഷബാധയാണ് എന്ന് തെളിഞ്ഞു. മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുകുമാരന്‍ ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍ക്ക് പരാതി നല്‍കി. ഹോട്ടലില്‍ പരിശോധന നടത്തിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സ്ഥാപനം പൂട്ടുകയും പതിനായിരം രൂപ പിഴ ചുമത്തുകയും ചെയ്തു. ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി.
സംഭവത്തിന് ശേഷം ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ വിവിധ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പയ്യന്നൂര്‍ നഗരസഭയുടെ പരിധിയില്‍ തത്ക്കാലത്തേക്ക് ഷവര്‍മ നിരോധിച്ചു.