കവറില്‍ ഹിസ്റ്ററി: പൊട്ടിച്ചപ്പോള്‍ ഇക്കണോമിക്‌സ്; ബോര്‍ഡില്‍ ചോദ്യം എഴുതി പരീക്ഷ നടത്തി
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th August 2019 05:51 AM |
Last Updated: 27th August 2019 05:51 AM | A+A A- |
പ്രതീകാത്മക ചിത്രം
തൊടുപുഴ: ഇടുക്കി ജില്ലയില്‍ പ്ലസ് വണ്‍ ഓണപ്പരീക്ഷയുടെ ഇക്കോണമിക്‌സ് ചോദ്യപേപ്പര്‍ ചോര്‍ന്നു. ഇന്നലെ നടന്ന ഹിസ്റ്ററി പരീക്ഷയുടെ ചോദ്യപേപ്പറിന് പകരം ഇക്കണോമിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പറാണ് സ്‌കൂളുകളിലെത്തിയത്.
ചോദ്യപേപ്പര്‍ പാക്കറ്റിന് പുറത്ത് ഹിസ്റ്ററി എന്നാണ് എഴുതിയിരുന്നത്. പാക്കറ്റ് പൊട്ടിച്ചപ്പോള്‍ ഇക്കണോമിക്‌സ് പേപ്പറാണ് ലഭിച്ചത്. ലേബലുകള്‍ മാറിപ്പോയതാകം എന്ന സംശയത്തില്‍ അധ്യാപകര്‍ ഇക്കണോമിക്‌സ് എന്നെഴുതിയ പാക്കറ്റ് പൊട്ടിച്ചുനോക്കി. പക്ഷേ അതില്‍ ഇക്കണോമിക്‌സ് പേപ്പര്‍ തന്നെയായിരുന്നു. ഇതോടെ പരീക്ഷ നടത്തിപ്പിന്റെ ചുമതലയുണ്ടായിരുന്ന പ്രിന്‍സിപ്പില്‍മാര്‍ കുഴങ്ങി.
ചോദ്യപേപ്പര്‍ വിതരണം നടത്തിയ ബ്ലോക് റിസോഴ്‌സ് സെന്ററുകളിലും കോട്ടയത്തെ ഹയര്‍സെക്കന്ററി റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലും വിവരം അറിയിച്ചെങ്കിലും പകരം ചോദ്യപേപ്പര്‍ ലഭ്യമാക്കാന്‍ നടപടിയുണ്ടായില്ല. ഒടുവില്‍ ഹയര്‍ സെക്കന്ററി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മുഖാന്തരം പ്രിന്‍സിപ്പല്‍മാരുടെ വാട്‌സ്ആപ് ഗ്രൂപ്പിലേക്കും ഇ-മെയില്‍ വഴിയും ചോദ്യ പേപ്പര്‍ അയച്ചു നല്‍കിയ ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് ഫോട്ടോ കോപ്പി എടുത്തു നല്‍കി പരീക്ഷ നടത്തുകയായിരുന്നു. എന്നാല്‍ ചിലയിടങ്ങളില്‍ വൈദ്യുതി മുടങ്ങിയതോടെ ഈ നീക്കവും പ്രതിസന്ധിയിലായി. ഒടുവില്‍ ക്ലാസ് മുറികളിലെ ബോര്‍ഡില്‍ ചോദ്യാവലി എഴുതിയിട്ടാണ് ചിലടിയങ്ങളില്‍ പരീക്ഷ നടത്തിയത്.