പരസ്യമായി ബഹിഷ്‌കരിക്കും; തന്റെ പാരമ്പര്യം ചോദ്യം ചെയ്യാന്‍ ആയിട്ടില്ല; തരൂര്‍ കേരളത്തെ അറിയാന്‍ തുടങ്ങിയിട്ട് എട്ടുവര്‍ഷം മാത്രം; മറുപടിയുമായി കെ മുരളീധരന്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 27th August 2019 08:35 PM |
Last Updated: 27th August 2019 09:40 PM | A+A A- |

കൊച്ചി: ശശി തരൂരിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. മോദി സ്തുതി തുടരുകയാണെങ്കില്‍ എംപിയായ ശശി തരൂരിനെ ബഹിഷ്‌കരിക്കുമെന്ന് കെ മുരളീധരന്‍ പറഞ്ഞു. തന്റെ പാരമ്പര്യം ചോദ്യം ചെയ്യാന്‍ തരൂര്‍ ആയിട്ടില്ല. തരൂര്‍ കേരളത്തെ മനസിലാക്കാന്‍ തുടങ്ങിയിട്ട് എട്ടുവര്‍ഷമേ ആയിട്ടുള്ളു. അതുകൊണ്ടാണ് തന്റെ കോണ്‍ഗ്രസ് പാരമ്പര്യത്തെ കുറിച്ച് അറിയാത്തതെന്നും മുരളീധരന്‍ പറഞ്ഞു.
പറഞ്ഞതിലെ തെറ്റ് തരൂര്‍ മനസ്സിലാക്കണം. പറഞ്ഞതില്‍ തരൂര്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ നടപടി ആവശ്യപ്പെടും. പാര്‍ട്ടി ലേബലില്‍ ജയിച്ചെങ്കില്‍ പാര്‍ട്ടി നയങ്ങളും അനുസരിക്കണം. കോണ്‍ഗ്രസില്‍ ഇരുന്ന് മോദിയെ സ്തുതിക്കേണ്ട. ഇനിയും മോദി സ്തുതി തുടര്‍ന്നാല്‍ പരസ്യമായി ബഹിഷ്‌കരിക്കേണ്ടി വരും. കരുണാകരന്റെ കുടുംബം സംഘികളുമായി ഒരു ധാരണയും ഉണ്ടാക്കിയിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്തുതിച്ച് സംസാരിച്ചെന്ന ആക്ഷേപത്തില്‍ കെപിസിസി തരൂരിനോട് വിശദീകരണം തേടിയിട്ടുണ്ട്. എന്നാല്‍ മോദി അനുകൂല നിലപാടില്‍ മാറ്റമില്ലെന്ന് തരൂര്‍ പറഞ്ഞു. മോദിയുടെ നയങ്ങളെ എന്നും നഖശിഖാന്തം എതിര്‍ത്തിട്ടുള്ള ആളാണ് താന്‍. തന്റെ ട്വീറ്റ് മോദി സ്തുതിയായി വളച്ചൊടിക്കുകയായിരുന്നെന്ന് തരൂര്‍ പറഞ്ഞു. മോദി ചെയ്ത നല്ല കാര്യങ്ങളെ അംഗീകരിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി ഓണ്‍ലൈന്‍ മാധ്യമത്തില്‍ എഴുതിയ ലേഖനത്തില്‍ ശശി തരൂര്‍ പറഞ്ഞു.
മോദി ചെയ്ത നല്ല കാര്യങ്ങള്‍ അംഗീകരിക്കണമെന്ന് ജയറാം രമേശ് പറഞ്ഞതിനെ അനുകൂലിക്കുകയാണ് താന്‍ ചെയ്തത്. ഇത് 2014 മുതല്‍ ഞാന്‍ പറയുന്നതാണ്. ഇതിനെയാണ് മോദി സ്തുതിയായി വളച്ചൊടിച്ചത്. ഇതോടെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നാകെ ഇളകുകയായിരുന്നു. മിഠായി തിന്നുന്ന സ്‌കൂള്‍ കുട്ടിയെ കൈയോടെ പിടിച്ചതുപോലെയാണ് കോണ്‍ഗ്രസുകാരുടെ പ്രതികരണം. ഒരാള്‍ സോണിയാ ഗാന്ധിക്ക് കത്തെഴുതി. മറ്റൊരാള്‍ എന്നോട് പാര്‍ട്ടി വിട്ട്് ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിയെ വിമര്‍ശിച്ച് പുറത്തുപോയ ഇയാള്‍ തിരിച്ചെത്തിയിട്ട് എട്ടുവര്‍ഷമേ ആയിട്ടുള്ളു എന്ന് കെ മുരളീധരന് പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ട് തരൂര്‍ പറഞ്ഞു.
കോണ്‍ഗ്രസും മറ്റ് പുരോഗമനപാര്‍ട്ടികളുമായി ചേര്‍ന്ന് അധികാരത്തില്‍ തിരിച്ചെത്തണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതിന് കടുത്ത കോണ്‍ഗ്രസുകാരെ മാത്രം സംഘടിപ്പിച്ചാല്‍ പോരാ. കോണ്‍ഗ്രസുവിട്ട് ബിജെപിയില്‍ പോയവരുടെ വിശ്വാസവും തിരിച്ചുകൊണ്ടുവരണം. അതിന് അവരെ എന്താണോ മോദിയിലേക്ക് ആകര്‍ഷിച്ചത് അതിനെ അഭിസംബോധന ചെയ്യണം. നമ്മുടെ വിമര്‍ശനം കൂടുതല്‍ വിശ്വാസ്യത നേടിയാലേ അതിന് കഴിയു. ഇതാണ് താന്‍ പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് തരൂര്‍ ലേഖനത്തില്‍ വിശദീകരിച്ചു.