റോഡില്‍ പൂക്കളുമായി കുഞ്ഞുങ്ങള്‍; വാഹനം നിര്‍ത്തി നെഞ്ചോട് ചേര്‍ത്ത് രാഹുല്‍, ഹൃദ്യം; വീഡിയോ
By സമകാലികമലയാളം ഡെസ്‌ക് | Published: 27th August 2019 11:19 PM |
Last Updated: 27th August 2019 11:19 PM | A+A A- |
കല്‍പ്പറ്റ: മഴക്കെടുതി ബാധിച്ച വയനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ത്രിദിന സന്ദര്‍ശനം തുടരുകയാണ്. ഇതിനിടെ പൂക്കളുമായി തന്റെ അരികിലേക്ക് ഓടിയെത്തിയ കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിക്കുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ വൈറലായിരിക്കുകയാണ്.
റോഡിന്റെ വശത്ത് കുട്ടികള്‍ ഒരു വരിയായി കാത്തുനിന്നു. മുന്‍പില്‍ കുതിച്ചെത്തിയ അകമ്പടി വാഹനങ്ങളുടെ മുന്നിലേക്ക് അവര്‍ കൈനീട്ടി. രണ്ടു വാഹനങ്ങളും നിര്‍ത്തിയില്ല. മൂന്നാമതെത്തിയ വാഹനം നിര്‍ത്തി. വാഹനത്തില്‍ നിന്നിറങ്ങിയ രാഹുലിന്റെ കയ്യിലേക്ക് പൂക്കള്‍ നീട്ടി ആ കുഞ്ഞുങ്ങള്‍ ഓടിയടുത്തു. എല്ലാ പൂക്കളും നെഞ്ചോട് ചേര്‍ത്ത ശേഷം അത് സമ്മാനിച്ച കുഞ്ഞുങ്ങളെയും അവരുടെ എംപി ചേര്‍ത്ത് നിര്‍ത്തി. രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തിനിടെ ഹൃദ്യമായ നിമിഷങ്ങളാണ് ഈ പ്രൈമറി ക്ലാസ് കുട്ടികള്‍ സമ്മാനിച്ചത്. അവസാനം കുട്ടികള്‍ക്കൊപ്പം ചിത്രവുമെടുത്താണ് രാഹുല്‍ മടങ്ങിയത്. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
സന്ദര്‍ശനത്തിന്റെ ഭാഗമായി മാനന്തവാടി തലപ്പുഴയിലെ ദുരിതാശ്വാസ ക്യാംപില്‍ രാഹുല്‍ ഗാന്ധി എത്തി. മാനന്തവാടി വാളാടുള്ള ദുരിതാശ്വാസ ക്യാംപും സന്ദര്‍ശിച്ചു. ദുരിതബാധിതരുമായി രാഹുല്‍ ആശയ വിനിമയം നടത്തി. പന്ത്രണ്ടരയോടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ രാഹുലിനെ കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു.