അസ്സല്‍ ഭരണഘടന ഹാജരാക്കില്ല; സംസ്ഥാന സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്‌സ് സഭ സുപ്രീം കോടതിയിലേക്ക്

കോടതി അലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യുന്നതിന് മുന്നോടിയായി സംസ്ഥാന സര്‍ക്കാരിന് ഓര്‍ത്തഡോക്‌സ് സഭ കത്ത് നല്‍കി - ചീഫ് സെക്രട്ടറി മുന്‍പാകെ പരിശുദ്ധ കത്തോലിക്കാ ബാവ ഹാജരാകില്ല 
അസ്സല്‍ ഭരണഘടന ഹാജരാക്കില്ല; സംസ്ഥാന സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്‌സ് സഭ സുപ്രീം കോടതിയിലേക്ക്

ന്യൂഡല്‍ഹി: മലങ്കരസഭാ തര്‍ക്കക്കേസില്‍ ഭരണഘടനയുടെ അസ്സല്‍ ഹാജരാക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരെ ഓര്‍ത്തഡോക്‌സ് സഭ സുപ്രീം കോടതിയിലേക്ക്. കോടതി അലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യുന്നതിന് മുന്നോടിയായി സംസ്ഥാന സര്‍ക്കാരിന് ഓര്‍ത്തഡോക്‌സ് സഭ കത്ത് നല്‍കി. ചീഫ് സെക്രട്ടറി മുന്‍പാകെ പരിശുദ്ധ കത്തോലിക്കാ ബാവ ഹാജരാകില്ലെന്നും ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കി. 

ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനു 1934ലെ സഭാ ഭരണഘടനയുടെ അസലുമായി 29നു മൂന്നിനു ചീഫ് സെക്രട്ടറിയുടെ ചേംബറിലെ ചര്‍ച്ചയ്ക്ക് ഹാജരാകണമെന്നു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായോടു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്കു വേണ്ടി സ്‌പെഷല്‍ സെക്രട്ടറിയാണു ബാവായ്ക്കു കത്ത് അയച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഓര്‍ത്തഡോക്‌സ് സഭ നിയമോപദേശം തേടിയിരുന്നു. 

അസ്സല്‍ ഭരണഘടനയുമായി വ്യാഴാഴ്ച മുന്ന് മണിക്ക് ഹാജരാകണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ നല്‍കിയ ഈ കത്ത് കടുത്ത കോടതിയലക്ഷ്യമാണെന്നാണ് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കാന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ തീരുമാനം. ആവശ്യപ്പെട്ട ഭരണഘടനയുടെ അസ്സല്‍ പകര്‍പ്പ് വ്യാഴാഴ്ച ഹാജരാക്കാനാകില്ലെന്നും കത്തോലിക്കാ ബാവ അയച്ച കത്തില്‍ പറയുന്നു. 

സുപ്രീം കോടതി തീര്‍പ്പു കല്‍പിച്ച കേസില്‍ 1934 ലെ ഭരണഘടന ഹാജരാക്കണമെന്ന ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം കോടതിയലക്ഷ്യവും നീതിന്യായ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയുമാണെന്നു ഓര്‍ത്തഡോക്‌സ് സഭ പറയുന്നു. കോടതി വിധി അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. പരമോന്നത നീതിപീഠം തീര്‍പാക്കിയ കേസില്‍ തെളിവു ഹാജരാക്കാന്‍ ആവശ്യപ്പെട്ട നടപടി ദുരുദ്ദേശ്യപരമാണെന്നും ഓര്‍ത്തഡോക്‌സ് സഭ വക്താവ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com