ഇടുക്കിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍: പത്ത് നിര്‍ദേശങ്ങളുമായി റവന്യു വകുപ്പ്

ഇടുക്കിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍: പത്ത് നിര്‍ദേശങ്ങളുമായി റവന്യു വകുപ്പ്

കൊച്ചി: ഇടുക്കി ജില്ലയിലെ പട്ടയ ഭൂമിയില്‍ വാണിജ്യ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ പത്തു നിര്‍ദേശങ്ങളുമായി റവന്യു വകുപ്പ് ഉത്തരവിറക്കി. പട്ടയ ഭൂമിയില്‍ നിര്‍മാണത്തിന് തദ്ദേശ ഭരണ സ്ഥാപനം അനുമതി നല്‍കിയശേഷം ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് തടയുന്നതു ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ ആഗസ്റ്റ് 22 ലെ ഉത്തരവ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. 

നിര്‍ദ്ദേശങ്ങളിങ്ങനെ :

കൈയേറ്റ ഭൂമി, പലരുടെ പട്ടയഭൂമി ഒരുമിച്ചു വാങ്ങി കൂട്ടിച്ചേര്‍ത്ത ഭൂമി, പട്ടയ വ്യവസ്ഥ ലംഘിക്കാനാവാത്ത ഭൂമി എന്നിവിടങ്ങളിലെ നിര്‍മ്മാണാനുമതിയില്ലാത്ത കെട്ടിടങ്ങള്‍ അനധികൃതമായി കണ്ട് ഇടുക്കി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. 

അപേക്ഷകനോ ആശ്രിതനോ മറ്റെങ്ങും ഭൂമിയില്ലെങ്കില്‍ 15 സെന്റില്‍ താഴെയുള്ള ഭൂമിയില്‍ 1500 ചതുരശ്രയടിക്കു താഴെയുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണം ക്രമപ്പെടുത്തി നല്‍കാം. 

മേല്‍പറഞ്ഞ വ്യവസ്ഥയില്‍ വാണിജ്യാവശ്യത്തിനുള്ള കെട്ടിടം അപേക്ഷകന്റെ ഏക ജീവനോപാധിയാണെങ്കില്‍ ഇതനുവദിക്കാന്‍ കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കണം. 

ഈ ഗണങ്ങളില്‍ പെടാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ പട്ടയം റദ്ദ് ചെയ്ത് ഭൂമിയും നിര്‍മ്മിതിയും സര്‍ക്കാരിലേക്ക് നിക്ഷിപ്തമാക്കുകയും പിന്നീട് വ്യവസ്ഥകള്‍ പ്രകാരം പാട്ടത്തിനു നല്‍കുകയും ചെയ്യാം. 

സര്‍ക്കാരിലേക്ക് നിക്ഷിപ്തമാക്കുന്ന ഇത്തരം ഭൂമിയും കെട്ടിടവും പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. 

അനധികൃത പട്ടയത്തില്‍ ഉള്‍പ്പെടുത്തിയതും പിന്നീട് സര്‍ക്കാര്‍ അനുവദിച്ചതുമായ പട്ടയങ്ങള്‍ (രവീന്ദ്രന്‍ പട്ടയം) പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട അഞ്ചംഗ സമിതി പരിശോധന പൂര്‍ത്തിയാക്കി മൂന്നു മാസത്തിനകം തുടര്‍ നടപടികള്‍ സ്വീകരിക്കണം.

മൂന്നാര്‍ ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചതിനാല്‍ അവിടെയുണ്ടായിരുന്ന കേസുകള്‍ പഴയ കോടതികളിലേക്ക് മടക്കി നല്‍കാനുള്ള ഓര്‍ഡിനന്‍സ് ആഭ്യന്തര വകുപ്പ് പുറപ്പെടുവിക്കണം. 

ഏതാവശ്യത്തിനാണ് പട്ടയമെന്ന് വ്യക്തമാക്കി വില്ലേജ് ഓഫീസര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് ബില്‍ഡിംഗ് പെര്‍മിറ്റിന് നിര്‍ബന്ധമാക്കാന്‍ തദ്ദേശ ഭരണ വകുപ്പ് രണ്ടാഴ്ചയ്ക്കകം ഉത്തരവ് പുറപ്പെടുവിക്കണം. 

ബില്‍ഡിംഗ് പെര്‍മിറ്റിന് പട്ടയത്തിന്റെ സ്വഭാവം വ്യക്തമാക്കി വില്ലേജ് ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കെട്ടിട നിര്‍മ്മാണ ചട്ടം ഭേദഗതി ചെയ്യണം. 

വട്ടവട, ചിന്നക്കനാല്‍ ഒഴികെയുള്ള മേഖലകള്‍ ഉള്‍പ്പെടുന്ന ടൗണ്‍ പ്‌ളാനിംഗ് സ്‌കീമിന് ആറ് മാസത്തിനകം തദ്ദേശ ഭരണ വകുപ്പ് രൂപം നല്‍കണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com