ഒത്തുതീർപ്പ് ഫലം കണ്ടില്ല; കേരളത്തിലേക്ക് മടങ്ങാൻ തുഷാർ, യുഎഇ സുഹൃത്തിന്റെ പാസ്പോർട്ട് കെട്ടിവയ്ക്കും 

കേസിന്റെ പവര്‍ ഓഫ് അറ്റോര്‍ണി സുഹൃത്തിന് കൈമാറും
ഒത്തുതീർപ്പ് ഫലം കണ്ടില്ല; കേരളത്തിലേക്ക് മടങ്ങാൻ തുഷാർ, യുഎഇ സുഹൃത്തിന്റെ പാസ്പോർട്ട് കെട്ടിവയ്ക്കും 

ദുബൈ: ചെക്ക് കേസില്‍ യുഎഇയില്‍ അറസ്റ്റിലായ ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നു. സുഹൃത്തായ യുഎഇ പൗരന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവച്ച് ജാമ്യവ്യവസ്ഥയിൽ ഇളവ് നേടാനാണ് ശ്രമം. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ ഫലം കാണാത്ത സാഹചര്യത്തിലാണ് നാട്ടിലേക്ക് മടങ്ങാനുള്ള നീക്കം. ഇതിനായി തുഷാര്‍ ഇന്ന് കോടതിയിൽ അപേക്ഷ നൽകും. 

ആള്‍ജാമ്യത്തില്‍ കേരളത്തിലേക്ക് മടങ്ങാന്‍ കഴിയുമെന്ന് നിയമോപദേശം ലഭിച്ചതിനെത്തുടർന്നാണ് പുതിയ നീക്കം. കേസിന്റെ പവര്‍ ഓഫ് അറ്റോര്‍ണി സുഹൃത്തിന് കൈമാറും. ഇതും ഇന്ന് കോടതിയിൽ സമർപ്പിക്കും. ആൾ ജാമ്യത്തിനൊപ്പം കൂടുതൽ തുകയും കോടതിയില്‍ കെട്ടി വയ്‌ക്കേണ്ടി വരും.

കേസിന്റെ വിചാരണ തീരുന്നത് വരെയോ കോടതിക്ക് പുറത്തു കേസ് ഒത്തു തീർപ്പാകുന്നത് വരെയോ യുഎഇ വിട്ടു പോകരുത് എന്ന വ്യവസ്ഥയിലാണ് തുഷാറിന് ജാമ്യം അനുവദിച്ചിരുന്നത്. തുഷാറിന് യാത്രാവിലക്കും ഉണ്ട്. പാസ്പോര്‍ട്ട് അടക്കം കോടതി വാങ്ങിവച്ചു. എന്നാൽ അഞ്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ വൈകുന്ന സാഹചര്യത്തിലാണ് ഈ നിയമവഴി സ്വീകരിക്കുന്നത്. 

തുഷാറിന്റെ മോചനത്തിനായി ലുലു ഗ്രൂപ്പ് മേധാവി എംഎ യൂസഫലി ഇടപെട്ടിരുന്നു. യൂസഫലിയാണ് തുഷാറിന് നിയമസഹായം ലഭ്യമാക്കിയത്. കോടതിയിൽ നൽകേണ്ട കൂടുതൽ തുകയും യൂസഫലി തന്നെ നൽകുമെന്നാണ് റിപ്പോർട്ടുകൾ.

ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ചെന്ന കേസിലാണ് തുഷാര്‍ യുഎഇയിലെ അജ്മാനില്‍ അറസ്റ്റിലായത്. അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് തുഷാര്‍ വെള്ളാപ്പള്ളിയെ യുഎഇ പൊലീസ് അറസ്റ്റ് ചെയ്തത്. പത്തുവര്‍ഷം മുമ്പ് അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ നിര്‍മ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയ്ക്ക് നല്‍കിയ വണ്ടിച്ചെക്ക് കേസിലാണ് നടപടി. പത്തുമില്യണ്‍ യുഎഇ ദിര്‍ഹത്തിന്റെ (പത്തൊമ്പതര കോടി രൂപ)താണ് ചെക്ക്. ഒത്തുതീർപ്പിനായി തുഷാര്‍ മുന്നോട്ട് വച്ച തുക അംഗീകരിക്കാന്‍ പാരതിക്കാരനായ നാസില്‍ അബ്ദുള്ള തയ്യാറായിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com