കെവിന്‍ വധക്കേസ്; ഇന്ന് ശിക്ഷ വിധിക്കും

ദുരഭിമാനക്കൊല ആയതിനാല്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി കെവിന്‍ വധം പരിഗണിക്കപ്പെടുമെന്ന് കോടതി  നിരീക്ഷിച്ചിരുന്നു
കെവിന്‍ വധക്കേസ്; ഇന്ന് ശിക്ഷ വിധിക്കും

കോട്ടയം: കെവിന്‍ വധക്കേസില്‍ വിചാരണക്കോടതി ഇന്ന് ശിക്ഷ വിധിക്കും. രാവിലെ 11 മണിക്ക് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. നീനുവിന്റെ സഹോദരനടക്കം കേസില്‍ പത്ത് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ദുരഭിമാനക്കൊല ആയതിനാല്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി കെവിന്‍ വധം പരിഗണിക്കപ്പെടുമെന്ന് കോടതി  നിരീക്ഷിച്ചിരുന്നു. അതിനാല്‍ പരമാവധി വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. 

കെവിന്റെ ഭാര്യയും കേസിലെ മുഖ്യപ്രതി ഷാനു ചാക്കോയുടെ സഹോദരിയുമായ നീനുവിന്റെ മൊഴിയാണ് കേസില്‍ പ്രതികള്‍ക്കെതിരെയുള്ള നിര്‍ണായക തെളിവ്. കൊലയ്ക്ക് കാരണം ദുരഭിമാനമാണെന്നും കെവിനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്നും നീനു കോടതിയില്‍ മൊഴി നല്‍കിയിരുന്നു. വിവാഹം മാനക്കേടുണ്ടാക്കുമെന്ന് വീട്ടുകാര്‍ കരുതിയിരുന്നതായും നീനുവിന്റെ മൊഴിയിലുണ്ട്. ഷാനു ചാക്കോയുടെ ഫോണ്‍ സംഭാഷണങ്ങളും ദുരഭിമാനക്കൊല തെളിയിക്കാന്‍ സാധിക്കുന്ന രീതിയുള്ള സാക്ഷിമൊഴികളും കേസില്‍ നിര്‍ണായകമാവും. 

തെന്മല ചാലിയക്കര സ്വദേശി നീനു ചാക്കോയെ വിവാഹം കഴിച്ചതിലുള്ള വിരോധം മൂലം നട്ടാശേരി സ്വദേശി കെവിന്‍ പി ജോസഫിനെ നീനുവിന്റെ സഹോദരന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടു പോയി. ചാലിയക്കരയില്‍ വച്ചു സംഘത്തിന്റെ കാറില്‍ നിന്നു ഇറങ്ങിയോടിയ കെവിനെ ആറ്റില്‍ വീഴ്ത്തി കൊലപ്പെടുത്തിയെന്നാണു കേസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com