'തല്‍ക്കാലം വെടി നിര്‍ത്തണം'; പാലായില്‍ നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് യുഡിഎഫ് വിലയിരുത്തല്‍

പാലാ ഉപതെരഞ്ഞെടുപ്പിനെ ഒരുമിച്ചു നേരിടണമെന്ന് കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളോടും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം
'തല്‍ക്കാലം വെടി നിര്‍ത്തണം'; പാലായില്‍ നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് യുഡിഎഫ് വിലയിരുത്തല്‍

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിനെ ഒരുമിച്ചു നേരിടണമെന്ന് കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളോടും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം. ആരോപണങ്ങളും ചെളിവാരിയെറിയലും നിര്‍ത്തണമെന്ന കോണ്‍ഗ്രസിന്റെ നിര്‍ദേശത്തോട് ജോസഫ്, ജോസ് കെ മാണി വിഭാഗങ്ങള്‍ യോജിച്ചു. സ്ഥാനാര്‍ഥി ചര്‍ച്ചകളിലേക്കു യുഡിഎഫ് കടന്നില്ല.

മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളെയും പ്രത്യേകമായി കണ്ടത്. പിജെ ജോസഫ്, ജോയ് ഏബ്രഹാം, മോന്‍സ് ജോസഫ് എന്നിവരും മറുഭാഗത്തുനിന്നു ജോസ് കെ മാണിയും റോഷി അഗസ്റ്റിനും പങ്കെടുത്തു.

ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മറ്റു കക്ഷികളുമായി സംസാരിച്ചശേഷമാണ് കോണ്‍ഗ്രസ് നേതാക്കള്‍ കേരള കോണ്‍ഗ്രസ് വിഭാഗങ്ങളെ കണ്ടത്. പാലായില്‍ നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് എല്ലാ ഘടകകക്ഷികളുടെയും വിലയിരുത്തല്‍.

തെരഞ്ഞെടുപ്പു മേല്‍നോട്ടത്തിനായി യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ അധ്യക്ഷനായി ഒമ്പതംഗസമിതി രൂപീകരിച്ചു. വിഡി സതീശന്‍, വികെ ഇബ്രാഹിം കുഞ്ഞ്, മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്‍, ഷിബു ബേബി ജോണ്‍, ജോണി നെല്ലൂര്‍, സിപി ജോണ്‍, ജിദേവരാജന്‍, ജോണ്‍ ജോണ്‍ എന്നിവരാണ് അംഗങ്ങള്‍.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുശേഷമുള്ള ആദ്യത്തെ രാഷ്ട്രീയ വെല്ലുവിളി എന്ന ഗൗരവത്തോടെ പാലാ ഉപതെരഞ്ഞെടുപ്പിനെ കാണണം. കെഎം മാണിയുടെ സീറ്റ് നിലനിര്‍ത്തുക യുഡിഎഫിനും അഭിമാനപ്രശ്‌നമാണ്. കേരള കോണ്‍ഗ്രസിലെ അധികാരത്തര്‍ക്കമെല്ലാം തല്‍ക്കാലം മാറ്റിവയ്ക്കണം. യുഡിഎഫിന്റെ ഐക്യത്തിനും വിജയത്തിനും വേണ്ടി യോജിച്ചു നില്‍ക്കണം. (ഈ നിര്‍ദേശങ്ങളോട് ഇരുവിഭാഗങ്ങളും യോജിച്ചു)

ചെയര്‍മാനെന്ന നിലയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനുള്ള അവകാശം തനിക്കാണെന്ന് പിജെ ജോസഫ് പറഞ്ഞു. യഥാര്‍ഥ കേരള കോണ്‍ഗ്രസ്(എം) ഏതെന്ന തര്‍ക്കവുമായി ബന്ധപ്പെട്ടതായതിനാല്‍ എടുത്തുചാടി ഒന്നും തീരുമാനിക്കാന്‍ കഴിയില്ലെന്ന് ജോസ് കെ മാണി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com