പുത്തുമലയില്‍ സംസ്‌കാരത്തിനായി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത് തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം ; ഡിഎന്‍എ ഫലം

തമിഴ്‌നാട് സ്വദേശി ഗൗരീശങ്കറിന്റേതാണ് (26) മൃതദേഹമെന്നാണ് തിരിച്ചറിഞ്ഞത്
പുത്തുമലയില്‍ ഉരുള്‍പൊട്ടിയ പ്രദേശത്തെ ദൃശ്യം/ടിപി സൂരജ്‌
പുത്തുമലയില്‍ ഉരുള്‍പൊട്ടിയ പ്രദേശത്തെ ദൃശ്യം/ടിപി സൂരജ്‌

വയനാട് : വയനാട് ജില്ലയില്‍ ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയില്‍ കഴിഞ്ഞ 18 ന് കണ്ടെത്തിയ മൃതദേഹം തമിഴ്‌നാട് സ്വദേശിയുടേതെന്ന് സ്ഥിരീകരിച്ചു. ഇക്കാര്യം സ്ഥിരീകരിക്കുന്ന ഡിഎന്‍എ പരിശോധനാഫലം അധികൃതര്‍ക്ക് ലഭിച്ചു. തമിഴ്‌നാട് സ്വദേശി ഗൗരീശങ്കറിന്റേതാണ് (26) മൃതദേഹമെന്നാണ് തിരിച്ചറിഞ്ഞത്. 

കണ്ണൂര്‍ ഫൊറന്‍സിക് ലാബില്‍ നിന്നും ഇന്നാണ് രാസപരിശോധനാഫലം ലഭിച്ചത്. പുത്തുമലയില്‍ കാണാതായ അണ്ണയ്യന്റേതാണ് മൃതദേഹമെന്ന് ബന്ധുക്കള്‍ അവകാശവാദം ഉന്നയിച്ചതിനെത്തുടര്‍ന്ന് ഈ മൃതദേഹം നേരത്തെ സംസ്‌കാരത്തിനായി വിട്ടുകൊടുത്തിരുന്നു. 

മേപ്പാടി ശ്മശാനത്തില്‍ സംസ്‌കാരച്ചടങ്ങുകള്‍ക്കിടെ ഗൗരീശങ്കറിന്റെ ബന്ധുക്കളും സുഹൃത്തുക്കളും മൃതദേഹം ഗൗരീശങ്കറിന്റേത് ആണെന്ന സംശയവുമായി രംഗത്തെത്തി. തര്‍ക്കം രൂക്ഷമായതോടെ, ജില്ലാ ഭരണകൂടം ഇടപെട്ട് മൃതദേഹം മേപ്പാടിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. പിന്നീട് ഡിഎന്‍എ പരിശോധനയ്ക്കു വിടുകയായിരുന്നു. പുത്തുമലയില്‍ നിന്നും കണ്ടെത്തിയ ഒരു സ്ത്രീയുടെ മൃതദേഹം കൂടി ഇനി തിരിച്ചറിയാനുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com