മോദി സ്തുതി: തരൂരിനോട് കെപിസിസി വിശദീകരണം തേടും

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ചു സംസാരിച്ച തിരുവനന്തപുരം എംപി ശശി തരൂരില്‍നിന്ന് കെപിസിസി വിശദീകരണം തേടും
മോദി സ്തുതി: തരൂരിനോട് കെപിസിസി വിശദീകരണം തേടും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ചു സംസാരിച്ച തിരുവനന്തപുരം എംപി ശശി തരൂരില്‍നിന്ന് കെപിസിസി വിശദീകരണം തേടും. നേതാക്കള്‍ ആവര്‍ത്തിച്ച് എതിര്‍പ്പ് അറിയിച്ചിട്ടും തിരുത്താന്‍ തരൂര്‍ സന്നദ്ധനാവാത്ത സാഹചര്യത്തിലാണ് വിശദീകരണം തേടുന്നത്. വിശദീകരണം ലഭിച്ചതിനു ശേഷം ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഉന്നത കെപിസിസി വൃത്തങ്ങള്‍ പറഞ്ഞു.

മോദിയെ അനുകൂലിച്ചു സംസാരിച്ച മുതിര്‍ന്ന നേതാവ് ജയറാം രമേശിനെ പിന്തുണച്ചാണ് ശശി തരൂര്‍ രംഗത്തുവന്നത്. സദാസമയവും മോദിയെ കുറ്റം പറയുന്നതില്‍ കാര്യമില്ലെന്നും പ്രധാനമന്ത്രി ചെയ്യുന്ന നല്ല കാര്യങ്ങള്‍ അംഗീകരിക്കണമെന്നും അതു രാജ്യത്തുണ്ടാക്കുന്ന മാറ്റങ്ങള്‍ കാണണം എന്നുമായിരുന്നു ജയറാം രമേശിന്റെ പരാമര്‍ശം. ഇതു താന്‍ കഴിഞ്ഞ ആറു വര്‍ഷമായി പറയുന്ന കാര്യമാണെന്നായിരുന്നു തരൂര്‍ ചൂ്ണ്ടിക്കാട്ടിയത്. നല്ലതു ചെയ്യുമ്പോള്‍ അംഗീകരിച്ചാലേ വിമര്‍ശിക്കുമ്പോള്‍ കേള്‍ക്കാന്‍ ആളുണ്ടാവൂ എന്നും തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു.

തരൂരിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തുവന്നു. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാനും കെ മുരളീധരന്‍ എംപിയും തരൂരിനെ തള്ളിപ്പറഞ്ഞു. എന്നാല്‍ തന്നെ ആരും പഠിപ്പിക്കേണ്ടതില്ലെന്നായിരുന്നു തരൂരിന്റെ പ്രതികരണം. 

നേതാക്കള്‍ ആവര്‍ത്തിച്ച് അതൃപ്തി അറിയിച്ചിട്ടും തരൂര്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് വിശദീകരണം തേടാന്‍ കെപിസിസി തീരുമാനിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com