ലോ കോളേജില്‍ എസ്എഫ്‌ഐ - കെഎസ്‌യു സംഘര്‍ഷം; മര്‍ദ്ദനത്തിന് ഹോക്കി സ്റ്റിക്കും മാരാകായുധങ്ങളും

ഹോക്കി സ്റ്റിക്ക്   ഉള്‍പ്പടെയുളള മാരാകായുധങ്ങള്‍ ഉപയോഗിച്ചാണ് ജിഷ്ണുവിനെ അര്‍ജുന്‍ മര്‍ദ്ദിച്ചത്
ലോ കോളേജില്‍ എസ്എഫ്‌ഐ - കെഎസ്‌യു സംഘര്‍ഷം; മര്‍ദ്ദനത്തിന് ഹോക്കി സ്റ്റിക്കും മാരാകായുധങ്ങളും

തിരുവനന്തപുരം: ഗവണ്‍മെന്റ് ലോ കോളേജില്‍ എസ്എഫ്‌ഐ - കെഎസ് യു സംഘര്‍ഷം. സംഘര്‍ഷത്തില്‍ രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിനും മറ്റൊരു എസ്എഫ്‌ഐ പ്രവര്‍ത്തകനുമാണ് പരുക്കേറ്റത്. ഇരുവരേയും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ ഇരുവരുവിഭാഗങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് ഇന്നും കോളേജില്‍ സംഘര്‍ഷമുണ്ടായത്. ഇന്നലെ വൈകുന്നേരം ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ അബാദ് മുഹമ്മദിനെ രണ്ട് കെഎസ്‌യു പ്രവര്‍ത്തകര്‍ റാഗ് ചെയ്തതായി ആരോപണം ഉണ്ടായിരുന്നു. ഇതില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇടപെട്ടിരുന്നു. തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കമുണ്ടായി.

ഇതിനെത്തുടര്‍ന്ന് ഇന്ന് രാവിലെ ഡിപ്പാര്‍ട്ട്‌മെന്റ് യോഗം നടക്കുന്നതിനിടെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആയുധങ്ങളുമായെത്തി എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ കെഎസ്‌യു പ്രവര്‍ത്തകരായ നിഖില്‍, അര്‍ജുന്‍ ബാബു എന്നിവരെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹോക്കി സ്റ്റിക്ക്   ഉള്‍പ്പടെയുളള മാരാകായുധങ്ങള്‍ ഉപയോഗിച്ചാണ് ജിഷ്ണുവിനെ അര്‍ജുന്‍ മര്‍ദ്ദിച്ചത്. ക്രൂരമര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടിണ്ട്.

പൊലീസ് കോളേജില്‍ നടത്തിയ പരിശോധനയില്‍ ക്യാമ്പസിനകത്ത് നിര്‍ത്തിയിട്ട നിലയില്‍ മാരുതി ആള്‍ട്ടോ കാര്‍ കണ്ടെത്തി. കാറിനുള്ളില്‍ നിന്ന് ഹോക്കി സ്റ്റിക്കുകയും മദ്യക്കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. കാറുള്‍പ്പടെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. കോളേജില്‍ സംഘര്‍ഷം നടക്കുന്ന വിവരം പ്രിന്‍സിപ്പളോ മറ്റ് അധ്യാപകരോ വിളിച്ചറിയിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. ഫോണ്‍ കോളിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ക്യാമ്പസിലെത്തി പ്രതികളെ അറസ്റ്റ് ചെയ്തതത്. 

അതേസമയം, റാഗിങ്ങുമായി ബന്ധപ്പെട്ട പരാതി ഇന്ന് രാവിലെ മാത്രമാണ് ലഭിച്ചതെന്ന് കോളേജ് പ്രിന്‍സിപ്പള്‍ ബിജുകുമാര്‍ പറഞ്ഞു. എന്നാല്‍, കോളേജില്‍ നടന്നത് എസ്എഫ്‌ഐ കെഎസ്‌യു സംഘര്‍ഷമാണെന്ന് വിലയിരുത്താന്‍ പ്രിന്‍സിപ്പള്‍ തയ്യാറായില്ല. സംഘര്‍ഷവുമായി ബന്ധപ്പെട്ട് വന്‍ പൊലീസ് സന്നാഹമാണ് കോളേജില്‍ ഒരുക്കിയിരിക്കുന്നത്.കോളേജിനുള്ളില്‍ നിന്ന് ഹോസ്റ്റലിലെ വിദ്യാര്‍ഥികളെ ഒഴികെ ബാക്കി എല്ലാവരെയും പുറത്തിറക്കാനുള്ള പൊലീസിന്റെ ശ്രമം തുടരുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com