വധശിക്ഷ വേണമായിരുന്നു ; ചാക്കോയെ വെറുതെ വിടാന്‍ പറ്റില്ലെന്ന് കെവിന്റെ പിതാവ്

കോടതി വിധിയില്‍ സംതൃപ്തിയുണ്ടെന്ന് കേസന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച കോട്ടയം മുന്‍ എസ്പി ഹരിശങ്കറും വ്യക്തമാക്കി
വധശിക്ഷ വേണമായിരുന്നു ; ചാക്കോയെ വെറുതെ വിടാന്‍ പറ്റില്ലെന്ന് കെവിന്റെ പിതാവ്

കോട്ടയം : കെവിന്‍ വധക്കേസില്‍ പ്രധാനപ്പെട്ട പ്രതികള്‍ക്കെങ്കിലും വധശിക്ഷ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്ന് കെവിന്റെ പിതാവ് ജോസഫ് പ്രതികരിച്ചു. കോടതി വിധി പ്രകാരം പ്രതികള്‍ 30 വര്‍ഷത്തോളം ജയിലില്‍ കഴിയേണ്ടി വരും എന്നാണ് മനസ്സിലാക്കുന്നത്. ഈ വിധിയില്‍ തൃപ്തിയുണ്ട്. പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷയാണ് ലഭിച്ചത്. കേസില്‍ ചാക്കോയെ കൂടി ശിക്ഷിക്കേണ്ടതായിരുന്നുവെന്നും ജോസഫ് പറഞ്ഞു.

ചാക്കോയെ വെറുതെ വിടാന്‍ പറ്റില്ല. അയാളാണ് ഇതിലെ മുഖ്യകക്ഷി. അയാളെയും ശിക്ഷിക്കണമായിരുന്നു. ചാക്കോയെ വെറുതെ വിട്ട കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും ജോസഫ് സൂചിപ്പിച്ചു. കേസില്‍ നീനുവിന്റെ മൊഴി നിര്‍ണായകമായി. സ്വന്തം സഹോദരനും പിതാവിനും എതിരെയല്ലേ നീനു മൊഴി നല്‍കിയതെന്നും ജോസഫ് ചോദിച്ചു. 

കേസന്വേഷണത്തില്‍ എസ്പിയായിരുന്ന ഹരിശങ്കറും ഡിവൈഎസ്പിയും മറ്റ് പൊലീസ് ഉദ്യോഗസ്ഥന്മാരും വലിയ സഹകരണമാണ് നല്‍കിയത്. പ്രതികള്‍ക്ക് ഈ ശിക്ഷ ലഭിക്കുന്നതില്‍ അവരുടെ പങ്ക് വലുതാണ്. അവരോട് നന്ദി പറയുന്നുവെന്നും ജോസഫ് പ്രതികരിച്ചു. 

കോടതി വിധിയില്‍ സംതൃപ്തിയുണ്ടെന്ന് കേസന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച കോട്ടയം മുന്‍ എസ്പി ഹരിശങ്കറും വ്യക്തമാക്കി. സാക്ഷി അനീഷിന് ചാക്കോയെ തിരിച്ചറിയാനാകാതെ പോയതാണ് ചാക്കോയ്ക്ക് സംശയത്തിന്റെ ആനുകൂല്യം ലഭിക്കാന്‍ കാരണമായത്. ചാക്കോയെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ പോകണോ എന്ന കാര്യത്തില്‍ വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ തീരുമാനിക്കാനാകൂവെന്നും ഹരിശങ്കര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com