മന്ത്രിയുടെ വാഹനം പോകാന്‍ വാഹനങ്ങള്‍ തടഞ്ഞു; കുതിരാനില്‍ 6 കിലോമീറ്റര്‍ കുരുക്ക്
By സമകാലികമലയാളം ഡെസ്‌ക് | Published: 28th August 2019 09:05 PM |
Last Updated: 28th August 2019 09:05 PM | A+A A- |

പാലക്കാട്: സാംസ്‌കാരിക മന്ത്രി എകെ ബാലന്റെ വാഹനം കടന്നു പോകാന്‍ വാഹനങ്ങള്‍ തടഞ്ഞിട്ടതിനെത്തുടര്‍ന്ന് കുതിരാന്‍ ദേശീയപാതയില്‍ രൂക്ഷമായ ഗതാഗതക്കുരുക്ക്. തുടര്‍ച്ചയായ ആറാം ദിവസമാണ് ഇവിടെ യാത്രക്കാര്‍ കുടുങ്ങിയത്. ഡീസല്‍ തീര്‍ന്നു ചരക്കുലോറി റോഡില്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് വൈകിട്ടു 4നു നേരിയതോതില്‍ ആരംഭിച്ച ഗതാഗതക്കുരുക്ക് സ്വകാര്യബസുകള്‍ കുത്തിത്തിരുകിയതോടെ രൂക്ഷമായി. ഇതിനിടെ മന്ത്രി എ.കെ. ബാലന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി വാഹനങ്ങള്‍ പൊലീസ് നിര്‍ദേശമനുസരിച്ചു റോഡരികിലേക്ക് ഒതുക്കിയതോടെ ആറുകിലോമീറ്റര്‍ നീളത്തില്‍ വാഹനങ്ങളുടെ നിര നീണ്ടു.
കൊമ്പഴ മുതല്‍ താണിപ്പാടം വരെയാണ് ഗതാഗതക്കുരുക്ക് നീണ്ടത്. മൂന്നു പൊലീസ് വാഹനങ്ങളുള്‍പ്പെടെ മന്ത്രിയുടെ വാഹനവ്യൂഹം കനത്ത ഗതാഗതക്കുരുക്കിനിടെ തടസ്സങ്ങളില്ലാതെ കടന്നുപോയി. മന്ത്രിയുടെ വാഹനം കടന്നു പോകുന്നതിനായി പാതയില്‍ ഗതാഗതം സ്തംഭിപ്പിച്ചിരുന്നു. ഇതിനിടെ സ്വകാര്യ ബസുകള്‍ കുരുക്കിനിടയില്‍ ക്രമം തെറ്റിച്ചതിനെത്തുടര്‍ന്നു പൊലീസ് 2 സ്വകാര്യ ബസുകളെ തടഞ്ഞിട്ടു. സ്ത്രീകളും സ്‌കൂള്‍ വിദ്യാര്‍ഥികളുമുള്‍പ്പെട്ട യാത്രക്കാര്‍ നിറഞ്ഞ വാഹനം 15 മിനിറ്റിലധികം തടഞ്ഞിട്ടതോടെ നാട്ടുകാര്‍ ബസില്‍ നിന്നിറങ്ങി പ്രതിഷേധിച്ചു.
പൊലീസും യാത്രക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്നു പൊലീസ് ബസുകള്‍ പോകാന്‍ അനുവദിച്ചു. 22 മുതല്‍ എല്ലാ ദിവസവും കുതിരാനില്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നു. വഴുക്കുംപാറയിലും ഇരുമ്പുപാലത്തും കുതിരാനിലുമുള്ള വലിയ കുഴികളാണ് ദിവസവുമുള്ള ദേശീയപാതയിലെ കുരുക്കിനു പ്രധാന കാരണം.