'ഞങ്ങൾ മടങ്ങുകയാണ്, ഇനിയും ആ പതിനൊന്ന് പേരുകൾ മനസ്സിൽ തുടികൊട്ടുന്നു'; കവളപ്പാറയിൽ തിരച്ചിൽ അവസാനിപ്പിച്ച് ഫയര്‍ഫോഴ്സ്

കവളപ്പാറയില്‍ നിന്നും മടങ്ങുന്ന ഫയര്‍ഫോഴ്സ് സംഘത്തിന്‍റെ ചിത്രമുള്‍പ്പെടെയാണ് കുറിപ്പ്
'ഞങ്ങൾ മടങ്ങുകയാണ്, ഇനിയും ആ പതിനൊന്ന് പേരുകൾ മനസ്സിൽ തുടികൊട്ടുന്നു'; കവളപ്പാറയിൽ തിരച്ചിൽ അവസാനിപ്പിച്ച് ഫയര്‍ഫോഴ്സ്

നിലമ്പൂര്‍: പതിനെട്ട് ദിവസങ്ങളായി തുടരുന്ന മൃതദേഹങ്ങൾക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ച് ഫയര്‍ഫോഴ്സ് സംഘം കവളപ്പാറയിൽ നിന്ന് മടങ്ങി.  അൻപത്തിഒൻപത് പേരിൽ നാൽപ്പത്തിയെട്ട് പേരെ കണ്ടെത്താനായതിന്റെ ചാരിതാർത്ഥ്യത്തോടെയാണ് ടീം മടങ്ങുന്നത്. പതിനൊന്ന് പേരെ ഇനിയും കണ്ടെത്താനാകാത്തതിലുള്ള ദുഃഖവും അവർ പങ്കുവച്ചു. 

കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് രക്ഷാപ്രവർത്തകരുടെ കുറിപ്പ്. കവളപ്പാറയില്‍ നിന്നും മടങ്ങുന്ന ഫയര്‍ഫോഴ്സ് സംഘത്തിന്‍റെ ചിത്രമുള്‍പ്പെടെയാണ് കുറിപ്പ് പങ്കുവെച്ചത്. 

"പതിനെട്ട് ദിവസങ്ങളായി തുടരുന്ന മൃതദേഹങ്ങൾക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ച് ഞങ്ങൾ മടങ്ങുകയാണ്..... ഹതഭാഗ്യരായ അൻപത്തിഒൻപത് പേരിൽ നാൽപ്പത്തിയെട്ട് പേരെ ഉപചാരങ്ങളോടെ മണ്ണിൻെറ മാറിലേക്ക് തന്നെ തിരികെ നൽകാനായി എന്ന ചാരിതാർത്ഥ്യത്തോടെ, മായാത്ത വേദനയായി ഇനിയും ആ പതിനൊന്ന് പേരുകൾ മനസ്സിൽ തുടികൊട്ടുന്നു. ഇമ്പിപ്പാലൻ, സുബ്രമഹ്ണ്യൻ, ജിഷ്ണ, സുനിത ശ്രീലക്ഷ്മി, ശ്യാം ,കാർത്തിക് ,കമൽ, സുജിത്, ശാന്തകുമാരി, പെരകൻ", കുറിപ്പിൽ പറയുന്നു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപ‌ം...

ഞങ്ങൾമടങ്ങുന്നു...
തീരാത്ത വേദനയായി മനസ്സിൽ നിങ്ങളുണ്ടാവും കണ്ണീർപ്രണാമം......

മനുഷ്യപ്രയത്നങ്ങൾക്കും യന്ത്രങ്ങളുടെ ശക്തിക്കും പരിമിതികളുണ്ട്! പ്രകൃതിയുടെ ചില തീരുമാനങ്ങൾക്ക് മുന്നിൽ മനുഷ്യൻ എത്ര നിസ്സഹായർ!
അൻപത്തൊമ്പത് പേരുടെ സ്വപ്നങ്ങൾക്ക് മേൽ ഒരു നിമിഷം കൊണ്ട് പെയ്തിറങ്ങിയ അശനിപാതം.
കവളപ്പാറ ദുരന്തം....
പതിനെട്ട് ദിവസങ്ങളായി തുടരുന്ന മൃതദേഹങ്ങൾക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ച് ഞങ്ങൾ മടങ്ങുകയാണ്.....
ഹതഭാഗ്യരായ അൻപത്തിഒൻപത് പേരിൽ നാൽപ്പത്തിയെട്ട് പേരെ ഉപചാരങ്ങളോടെ മണ്ണിൻെറ മാറിലേക്ക് തന്നെ തിരികെ നൽകാനായി 
എന്ന ചാരിതാർത്ഥ്യത്തോടെ,
മായാത്ത വേദനയായി ഇനിയും ആ പതിനൊന്ന് പേരുകൾ മനസ്സിൽ തുടികൊട്ടുന്നു.
ഇമ്പിപ്പാലൻ, സുബ്രമഹ്ണ്യൻ, ജിഷ്ണ, സുനിത ശ്രീലക്ഷ്മി, ശ്യാം ,കാർത്തിക് ,കമൽ, സുജിത്, ശാന്തകുമാരി, പെരകൻ

മുത്തപ്പൻ കുന്നിടിഞ്ഞ് വീണ നാൽപ്പതടിയോളമുള്ള മണ്ണിൻെറ ആഴങ്ങളിലല്ല, ഞങ്ങൾ രക്ഷാപ്രവർത്തകരുടെ മനസ്സിൻെറ ആകാശത്ത് നക്ഷത്രങ്ങളായി നിങ്ങൾ തിളങ്ങി നിൽക്കും !
ഞങ്ങളുടെ പാo പുസ്തകളിൽ നിന്നും പ്രകൃതി കീറിയെടുത്ത പാOങ്ങളുടെ പ്രതീകമെന്നോണം!

പതിനെട്ട് ദിവസങ്ങളായി കവളപ്പാറയിൽ ഒരു മനസ്സോടെ പ്രവർത്തിച്ച രക്ഷാപ്രവർത്തകരുടെ
കണ്ണീർ പ്രണാമം.....

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com