'തിരിച്ചുവന്ന് ഒരു തുഷാര്‍ ദുരിതാശ്വാസഫണ്ട് തുടങ്ങിയാല്‍ പത്തു കോടി പുഷ്പം പോലെ പിരിച്ചെടുക്കാം'; പരിഹാസവുമായി സി.കെ.വിദ്യാസാഗര്‍

നാസില്‍ അബ്ദുള്ളയുടെ ഗതിയിലേക്ക് ഒരു സാധുഅറബിയെകൂടി തള്ളിവിടരുതെന്നാണ് അഭ്യര്‍ഥന
'തിരിച്ചുവന്ന് ഒരു തുഷാര്‍ ദുരിതാശ്വാസഫണ്ട് തുടങ്ങിയാല്‍ പത്തു കോടി പുഷ്പം പോലെ പിരിച്ചെടുക്കാം'; പരിഹാസവുമായി സി.കെ.വിദ്യാസാഗര്‍

കൊച്ചി; ചെക്ക് കേസില്‍ അജ്മാനില്‍ അറസ്റ്റിലായ ബിഡ്‌ജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ പരിഹസിച്ച് മുന്‍ എസ്എന്‍ഡിപി യോഗം മുന്‍ പ്രസ്ഡന്റ് അഡ്വ. സി.കെ.വിദ്യാസാഗര്‍. ഉദാരമതിയായ യൂസഫലി മൂന്ന് കോടി രൂപ പരാതിക്കാരനായ നാസില്‍ അബ്ദുള്ളയ്ക്ക് കൊടുത്ത് ശ്രീനാരായണീയരെ കൂടുതല്‍ അപമാനത്തില്‍നിന്ന് രക്ഷിക്കണമെന്നാണ് പ്രസ്താവനയിലൂടെ വിദ്യാസാഗര്‍ പറയുന്നത്. 

നാസിലിന് മൂന്ന് കോടി രൂപ കൊടുക്കാമെന്ന് തുഷാര്‍ വെള്ളിപ്പള്ളി സമ്മതിച്ചിരുന്നു. ബാക്കി മൂന്ന് കോടി രൂപ നല്‍കാന്‍ യൂസഫിയോട് വെള്ളാപ്പള്ളി ആവശ്യപ്പെടണമെന്നാണ് അദ്ദേഹം പറയുന്നത്. തുഷാര്‍ തിരിച്ചെത്തിയാല്‍ അദ്ദേഹത്തിന്റെ പേരില്‍ ദുരിതാശ്വാസഫണ്ട് തുടങ്ങിയാല്‍ പത്ത് കോടിരൂപയെങ്കിലും പിരിച്ചെടുക്കാന്‍ സാധിക്കുമെന്നും വിദ്യാസാഗര്‍ പരിഹസിച്ചു. 

'ഉദാരമതിയായ യൂസഫലിയോട് വെള്ളാപ്പള്ളി പറഞ്ഞാല്‍ ആ മൂന്നുകോടി കൂടി തീര്‍ച്ചയായും അദ്ദേഹം കോടതിയില്‍ അടയ്ക്കും. തിരിച്ചുവന്ന് ഒരു തുഷാര്‍ ദുരിതാശ്വാസഫണ്ട് പിരിക്കാന്‍ യൂണിയനുകള്‍ക്ക് സര്‍ക്കുലര്‍ അയച്ചാല്‍ പത്തുകോടിയെങ്കിലും പുഷ്പംപോലെ പിരിച്ചെടുക്കാവുന്നതേയുള്ളൂ. അതില്‍നിന്ന് മൂന്ന് കോടി യൂസഫലിക്ക് കൊടുത്താലും ഏഴുകോടിയെങ്കിലും ലാഭിക്കാം. ഏതായാലും അറബിയുടെ പാസ്‌പോര്‍ട്ട് ജാമ്യം കൊടുത്ത് നാടുപറ്റാനുള്ള പദ്ധതി ഉപേക്ഷിക്കണം' വിദ്യാസാഗര്‍ പ്രസ്താവനയില്‍ പറയുന്നു.

നാസില്‍ അബ്ദുള്ളയുടെ ഗതിയിലേക്ക് ഒരു സാധുഅറബിയെകൂടി തള്ളിവിടരുതെന്നാണ് തുഷാര്‍ വെള്ളാപ്പള്ളിയോടും വെള്ളാപ്പള്ളി നടേശനോടും ശ്രീനാരായണീയരുടെ അഭ്യര്‍ഥനയെന്നും വിദ്യാസാഗര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com