നിയമം നിയമത്തിന്റെ വഴിക്ക് പോകും; തുഷാര്‍ വെള്ളാപ്പള്ളിയുടെ ചെക്ക് കേസില്‍ ഇടപെട്ടിട്ടില്ല, ജാമ്യത്തുക നല്‍കുക മാത്രമാണ് ചെയ്തത്: വിശദീകരണവുമായി യൂസഫലി

ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് എതിരായ യുഎഇയിലെ ചെക്ക് കേസില്‍ ഇടപെട്ടിട്ടില്ലെന്ന് വ്യവസായി എംഎ യൂസഫലിയുടെ ഓഫീസ്.
നിയമം നിയമത്തിന്റെ വഴിക്ക് പോകും; തുഷാര്‍ വെള്ളാപ്പള്ളിയുടെ ചെക്ക് കേസില്‍ ഇടപെട്ടിട്ടില്ല, ജാമ്യത്തുക നല്‍കുക മാത്രമാണ് ചെയ്തത്: വിശദീകരണവുമായി യൂസഫലി

കൊച്ചി: ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് എതിരായ യുഎഇയിലെ ചെക്ക് കേസില്‍ ഇടപെട്ടിട്ടില്ലെന്ന് വ്യവസായി എംഎ യൂസഫലിയുടെ ഓഫീസ്. നിയമം നിയമത്തിന്റെ വഴിക്ക് മാത്രമേ പോകു, ജാമ്യത്തുക നല്‍കിയത് മാത്രമാണ് ഈ കേസില്‍ യൂസഫലിക്ക് ഉണ്ടായ ഏക ബന്ധമെന്നും അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി. 

കേസില്‍ മറ്റൊരു തരത്തിലും ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ല. യുഎഇ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണിത്. ശകമതായ നിയമസംവിധാനമാണ് യുഎഇയില്‍ നിലനില്‍ക്കുന്നത്. അതുകൊണ്ട് ഒരുതരത്തിലുള്ള ബാഹ്യ ഇടപെടലിനും സാധ്യമല്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും യൂസഫിലിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റിലായതിന് പിന്നാലെ ജാമ്യത്തിലിറക്കാന്‍ ഒരുകോടി95ലക്ഷം രൂപ യൂസഫലി കെട്ടിവച്ചിരുന്നു. 

ഇതിനിടെ  സുഹൃത്തായ യുഎഇ പൗരന്റെ പാസ്‌പോര്‍ട്ട് കെട്ടിവച്ച് ജാമ്യവ്യവസ്ഥയില്‍ ഇളവു തേടിയുളള തുഷാറിന്റെ അപേക്ഷ കോടതി തളളി. ഇതോടെ കേസ് തീരുന്നതുവരെ തുഷാറിന് യുഎഇയില്‍ തുടരേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സുഹൃത്തായ യുഎഇ പൗരന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവച്ച് സ്വന്തം പാസ്‌പോര്‍ട്ട് വാങ്ങി നാട്ടിലേക്ക് മടങ്ങാനായിരുന്നു തുഷാര്‍ ശ്രമിച്ചിരുന്നത്. ഇതിന്റെ ഭാഗമായി സമര്‍പ്പിച്ച അപേക്ഷയാണ് അജ്മാന്‍ കോടതി തളളിയത്. ഇതോടെ കേസിന്റെ വിചാരണ പൂര്‍ത്തിയായി കുറ്റവിമുക്തനായാല്‍ മാത്രമേ നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കൂ. അല്ലെങ്കില്‍ തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുളളയുമായുളള കേസ് ഒത്തുതീര്‍പ്പാക്കണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേസിന്റെ വിചാരണ തീരുന്നത് വരെയോ കോടതിക്ക് പുറത്തു കേസ് ഒത്തു തീര്‍പ്പാകുന്നത് വരെയോ യുഎഇ വിട്ടു പോകരുത് എന്ന വ്യവസ്ഥയിലാണ് തുഷാറിന് ജാമ്യം അനുവദിച്ചിരുന്നത്. 

ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ചെന്ന കേസിലാണ് തുഷാര്‍ യുഎഇയിലെ അജ്മാനില്‍ അറസ്റ്റിലായത്. അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് തുഷാര്‍ വെള്ളാപ്പള്ളിയെ യുഎഇ പൊലീസ് അറസ്റ്റ് ചെയ്തത്. പത്തുവര്‍ഷം മുമ്പ് അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ നിര്‍മ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയ്ക്ക് നല്‍കിയ വണ്ടിച്ചെക്ക് കേസിലാണ് നടപടി. പത്തുമില്യണ്‍ യുഎഇ ദിര്‍ഹത്തിന്റെ (പത്തൊമ്പതര കോടി രൂപ)താണ് ചെക്ക്. ഒത്തുതീര്‍പ്പിനായി തുഷാര്‍ മുന്നോട്ട് വച്ച തുക അംഗീകരിക്കാന്‍ പരാതിക്കാരനായ നാസില്‍ അബ്ദുള്ള തയ്യാറായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com