മോഹനന്‍ വൈദ്യരുടെ ചികിത്സാ പിഴവ്: ഒന്നര വയസ്സുളള കുട്ടിയുടെ മരണം അന്വേഷിക്കണം, മുഖ്യമന്ത്രിക്ക് കത്തയച്ച് ആരോഗ്യമന്ത്രി 

അശാസ്ത്രീയ ചികിത്സാരീതി സ്വീകരിച്ചതുവഴി അതീവ ഗുരുതരാവസ്ഥയിലായി ഒന്നരവയസ്സുളള കുട്ടി മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായി ആരോഗ്യമന്ത്രി
മോഹനന്‍ വൈദ്യരുടെ ചികിത്സാ പിഴവ്: ഒന്നര വയസ്സുളള കുട്ടിയുടെ മരണം അന്വേഷിക്കണം, മുഖ്യമന്ത്രിക്ക് കത്തയച്ച് ആരോഗ്യമന്ത്രി 

കൊച്ചി: അശാസ്ത്രീയ ചികിത്സാരീതി സ്വീകരിച്ചതുവഴി അതീവ ഗുരുതരാവസ്ഥയിലായി ഒന്നരവയസ്സുളള കുട്ടി മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. മോഹനന്‍ വൈദ്യര്‍ എന്നറിയപ്പെടുന്ന വ്യക്തിയുടെ ചികിത്സാ പിഴവിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തി കര്‍ശന നടപടിയെടുക്കാന്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ അറിയിച്ചു. 

ഈ സംഭവം സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സാമൂഹ്യ രാഷ്ട്രീയ രംഗത്തുള്ളവരും ഡോക്ടര്‍മാരുടേയും വിദ്യാര്‍ത്ഥികളുടേയും സംഘടനകളും ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രിയുടെ ഇടപെടല്‍. 

പ്രൊപ്പിയോണിക്ക് അസിഡീമിയ എന്ന ജനിതക രോഗത്തിന് ചികിത്സയിലായിരുന്ന കുഞ്ഞ് അശാസ്ത്രീയ ചികിത്സാരീതി അവലംബിച്ചതുവഴി മരിച്ചെന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടറാണ് ഫെയ്‌സ്ബുക്കിലൂടെ പുറംലോകത്തെ അറിയിച്ചത്. പ്രൊപ്പിയോണിക്ക് അസിഡീമിയ എന്ന ജനിതക രോഗത്തിന് ചികിത്സയിലായിരുന്നു കുട്ടി. അമൃത മെഡിക്കല്‍ കോളേജില്‍ നടത്തിയ വിദഗ്ധ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കില്ലെങ്കിലും അധികമാകാതെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്ന മരുന്ന് കുറിച്ചുകൊടുത്തു. ഇടയ്ക്ക് വരുന്ന ജലദോഷം, പനി എന്നിവ ഒഴിച്ച് മറ്റ് പ്രശ്‌നങ്ങളില്ലാതെ ഒരു വര്‍ഷം കഴിഞ്ഞു. തുടര്‍ന്ന് മോഹനന്‍ വൈദ്യരുടെ ചികിത്സ തേടിയതോടെയാണ് കുട്ടിയുടെ നില വഷളായതെന്ന് ഡോക്ടറുടെ കുറിപ്പില്‍ പറയുന്നു.

കുട്ടിക്ക് പ്രൊപ്പിയോണിക്ക് അസിഡീമിയ എന്ന രോഗമില്ലെന്നും കുട്ടിക്ക് ഓട്ടിസം ആണെന്നും മോഹനന്‍ വൈദ്യന്‍ നിര്‍ദേശിച്ചു. ചികിത്സ തുടങ്ങുന്നതിനു മുന്‍പ് മറ്റെല്ലാം മരുന്നും നിര്‍ത്തണമെന്നും നാടന്‍ നെല്ലിക്ക നീരും , പൊന്‍കാരവും മരുന്നായി ഉപയോഗിച്ചാല്‍ മതിയെന്നും മോഹനന്‍ വൈദ്യര്‍ നിര്‍ദേശിച്ചതായി കുറിപ്പില്‍ പറയുന്നു.

തുടര്‍ന്ന്  മരുന്നെല്ലാം നിര്‍ത്തിയതോടെ കുട്ടിയുടെ ആരോഗ്യനില വഷളാകാന്‍ തുടങ്ങി. അതിന്റെ ബാക്കി പത്രമായി ഒരാഴ്ച്ചയായി പനിയും , ചുമയും മൂര്‍ച്ഛിച്ച കുട്ടിക്ക് ശ്വാസം എടുക്കുന്നത് ബുദ്ധിമുട്ടായി തുടങ്ങി. അങ്ങനെ കുട്ടിയെ കൊല്ലത്തെ ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടു പോകുന്ന വഴി രോഗം മൂര്‍ച്ഛിക്കുകയും പീന്നിട് കുട്ടി മരിക്കുകയുമായിരുന്നുവെന്ന് കുറിപ്പില്‍ പറയുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com