'സഖാവ് യെച്ചൂരീ, പോയി വരൂ; തരിഗാമിയുടെ ആരോഗ്യത്തിലുള്ള നമ്മുടെ ആശങ്ക ചെറുതല്ല'; കുറിപ്പ്

'സഖാവ് യെച്ചൂരീ, പോയി വരൂ; തരിഗാമിയുടെ ആരോഗ്യത്തിലുള്ള നമ്മുടെ ആശങ്ക ചെറുതല്ല'; കുറിപ്പ്

നെഞ്ചിലും നെറ്റിയിലും കൈവെച്ചു നോക്കൂ. രാജ്യത്തിന്റെ ഇച്ഛകള്‍ അവിടെ തുടിക്കുന്നുണ്ടാവണം


കൊച്ചി: കശ്മീരില്‍ തടങ്കലില്‍ കഴിയുന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സുപ്രീം കോടതി അനുമതി നല്‍കിയത് ഇന്നാണ്. കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പു തള്ളിയാണ് സുപ്രീം കോടതിയുടെ നടപടി. രാജ്യത്തെ ഒരു പൗരന് സഹപ്രവര്‍ത്തനെ കാണാനുള്ള അവകാശം തടയാനാവില്ലെന്നു കോടതി വ്യക്തമാക്കി. യച്ചൂരി സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് അനുകൂല വിധിയുണ്ടായിരിക്കുന്നത്. ഇതിന് പിന്നാലെ അധ്യാപകനും എഴുത്തുകാരനുമായ ഡോ. ആസാദ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധേയമായി. 

സഖാവ് യെച്ചൂരീ, പോയി വരൂ. തരിഗാമിയുടെ ആരോഗ്യത്തിലുള്ള നമ്മുടെ ആശങ്ക ചെറുതല്ല. അത് കാശ്മീര്‍ ജനതയുടെ ആരോഗ്യത്തിലും അതിജീവനത്തിലുമുള്ള ഉത്ക്കണ്ഠയോളം വലുതാണെന്ന് ആസാദിന്റെ  കുറിപ്പില്‍ പറയുന്നു.  അവിടെനിന്നുള്ള ദൂരവും ആ നിശബ്ദതയും നമ്മെ ഭയപ്പെടുത്തുന്നു. നെഞ്ചിലും നെറ്റിയിലും കൈവെച്ചു നോക്കൂ. രാജ്യത്തിന്റെ ഇച്ഛകള്‍ അവിടെ തുടിക്കുന്നുണ്ടാവണം. അവര്‍ക്ക് ഞങ്ങളുടെ അഭിവാദ്യം നേരുക. മതേതര ജനാധിപത്യ ഇന്ത്യയുടെ ശിരസ്സാണത്. സ്‌നേഹപൂര്‍വ്വം ചുംബിച്ചാലും എന്ന് ആസാദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു

പോസ്റ്റിന്റെ പൂര്‍ണരൂപം 

സീതാറാം യെച്ചൂരിയുടെ നിയമ പോരാട്ടം ഫലം കണ്ടു. മൊഹമ്മദ് യൂസഫ് തരിഗാമിയെന്ന സഹപ്രവര്‍ത്തകനെ ( വീട്ടുതടങ്കലില്‍ കഴിയുന്ന സി പി എം കേന്ദ്രകമ്മറ്റി അംഗത്തെ) കാശ്മീരില്‍ പോയി കാണാം. വിമാനത്താവളത്തില്‍ ആരും തടയില്ല. സുപ്രീംകോടതിയില്‍ യെച്ചൂരി സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് അനുകൂല വിധിയുണ്ടായിരിക്കുന്നത്.

കാശ്മീരില്‍ ഇപ്പോള്‍ എന്താണു നടക്കുന്നതെന്നു നമുക്കറിയില്ല. സമസ്ത മേഖലയും ചലനമടക്കി കിടക്കുകയാണ്. മാധ്യമങ്ങളില്‍ ഒന്നും കാണില്ല. ജനാധിപത്യത്തിന്റെ 'കാവല്‍ മാലാഖമാര്‍' ചിറകു പൂട്ടിയിരിപ്പാണ്. ബഹളമൊഴിഞ്ഞ തെരുവുകള്‍. ബൂട്ട്‌സുകളുടെശബ്ദംമാത്രം മുഴങ്ങുന്നുണ്ടാവണം.
ആഗസ്ത് അഞ്ചിനായിരുന്നു കാശ്മീരിന്റെ 370 ാം വകുപ്പ് എടുത്തു കളഞ്ഞതും കാശ്മീരും ലഡാക്കുമെന്ന് രണ്ടായി വിഭജിച്ചതും. നേതാക്കളെല്ലാം തടവിലായി. സ്‌കൂളുകളടച്ചു. ഫോണുകള്‍ നിലച്ചു. ഇന്റര്‍നെറ്റ് വാര്‍ത്താ വിനിമയ സൗകര്യങ്ങള്‍ ലഭ്യമല്ലാതായി. കാശ്മീര്‍ ഇന്ത്യയുടെ ഭാഗമായി നിലകൊള്ളാന്‍ കാശ്മീര്‍ ജനതയെ പരിരക്ഷിക്കേണ്ടതില്ല എന്ന വിചിത്ര നിലപാടിലാണ് കേന്ദ്ര സര്‍ക്കാറെന്നു തോന്നുന്നു. തോക്കിന്‍ മുനയില്‍ നിര്‍ത്തിയിരിക്കയാണ് ഒരു ജനതയെ.

മൂന്നു ദിവസം പിന്നിടുമ്പോള്‍തന്നെ കാശ്മീര്‍ സംബന്ധിച്ച ആശങ്കകള്‍ വളര്‍ന്നു പെരുകിയിരുന്നു. യൂസഫ് തരിഗാമിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ആശങ്കയുണ്ടായി. സി പിഎം ജനറല്‍ സെക്രട്ടറി യെച്ചൂരിയും സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജയും ആഗസ്ത് 9ന് കാശ്മീരിലേക്കു പോയി. പക്ഷെ, വിമാനത്താവളത്തില്‍നിന്നു പുറത്തു കടക്കാന്‍ അവരെ അനുവദിച്ചില്ല. ദിവസങ്ങള്‍ക്കു ശേഷം രാഹുല്‍ഗാന്ധിക്കൊപ്പം സന്ദര്‍ശിച്ചപ്പോഴും വിലക്ക് തുടര്‍ന്നു. യെച്ചൂരി സുപ്രീംകോടതിയെ സമീപിച്ചത് ഈ സാഹചര്യത്തിലാണ്.

തരിഗാമിയുടെ ആരോഗ്യസ്ഥിതി അറിയാന്‍ ഇനി യെച്ചൂരിക്ക് കാശ്മീരിലെത്താം. രാഷ്ട്രീയ കാര്യങ്ങള്‍ക്കുള്ള അവസരമില്ലെങ്കിലും ഈ യാത്ര രാഷ്ട്രീയമാണ്. ഇന്ത്യ അതിന്റെ മഹത്തായ ഭരണഘടനയുടെ നീതിനിഷ്ഠകൊണ്ടു മാത്രം സൃഷ്ടിച്ച അവസരമാണിത്. കേന്ദ്ര സര്‍ക്കാര്‍ തടസ്സവാദമുന്നയിച്ചിട്ടും കോടതിക്ക് അതു കേള്‍ക്കാന്‍ സാധിക്കാതെ പോയത് ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളുടെ കടുത്ത നിര്‍ബന്ധം കാവല്‍ നില്‍ക്കുന്നതുകൊണ്ടാണ്.

സഖാവ് യെച്ചൂരീ, പോയി വരൂ. തരിഗാമിയുടെ ആരോഗ്യത്തിലുള്ള നമ്മുടെ ആശങ്ക ചെറുതല്ല. അത് കാശ്മീര്‍ ജനതയുടെ ആരോഗ്യത്തിലും അതിജീവനത്തിലുമുള്ള ഉത്ക്കണ്ഠയോളം വലുതാണ്. അവിടെനിന്നുള്ള ദൂരവും ആ നിശബ്ദതയും നമ്മെ ഭയപ്പെടുത്തുന്നു. നെഞ്ചിലും നെറ്റിയിലും കൈവെച്ചു നോക്കൂ. രാജ്യത്തിന്റെ ഇച്ഛകള്‍ അവിടെ തുടിക്കുന്നുണ്ടാവണം. അവര്‍ക്ക് ഞങ്ങളുടെ അഭിവാദ്യം നേരുക. മതേതര ജനാധിപത്യ ഇന്ത്യയുടെ ശിരസ്സാണത്. സ്‌നേഹപൂര്‍വ്വം ചുംബിച്ചാലും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com