അങ്കത്തട്ടില്‍ ഇറങ്ങി എല്‍ഡിഎഫ്; പാലായില്‍ ഇന്ന് പ്രചാരണത്തിന് തുടക്കം
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th August 2019 06:49 AM |
Last Updated: 29th August 2019 06:49 AM | A+A A- |

പാല; സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ പാലായില്‍ പ്രചാരണം തുടങ്ങാന്‍ എല്‍ഡിഎഫ്. മാണി സി കാപ്പനാണ് ഇടതു മുന്നണിയ്ക്ക് വേണ്ടി കളത്തിലിറങ്ങുന്നത്. ഇന്ന് വൈകിട്ട് നാലിന് മണ്ഡലത്തില്‍ എത്തുന്ന മാണി സി കാപ്പന്‍ ആദ്യം മണ്ഡലത്തില്‍ എത്തി പ്രമുഖരെ കാണും. ഇടത് മുന്നണിയുടെ ജില്ലാ നിയോജക മണ്ഡലം യോഗം ചേര്‍ന്ന് പ്രചാരണ പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കും.
കെഎം മാണിയുടെ നിര്യാണത്തെത്തുടര്‍ന്നാണ് പാലായില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇത്തവണ പാല പിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് മാണി സി കാപ്പന്‍. ജോസ് കെ മാണി എതിരാളിയായി വന്നാല്‍ ജയം എളുപ്പമാണെന്നാണ് അദ്ദേഹം പറയുന്നത്. സഹതാപ തരംഗമുണ്ടാകില്ലെന്നും ജനം പുച്ഛിച്ച് തള്ളുമെന്നും കാപ്പന്‍ പറഞ്ഞു. ശനിയാഴ്ചയാണ് മാണി സി കാപ്പന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.
തോമസ് ചാണ്ടി, പീതാംബരന്‍ മാസ്റ്റര്‍, എ കെ ശശീന്ദ്രന്‍ എന്നിവരടങ്ങുന്ന മൂന്നംഗ തെരഞ്ഞെടുപ്പ് സമിതിയാണ് മാണി സി കാപ്പന്റെ സ്ഥാനാര്‍ത്ഥിത്വം ഇടത് മുന്നണിയെ അറിയിച്ചത്. സെപ്റ്റംബര്‍ നാലിന് പാലായില്‍ ഇടതുമുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നത്. അതിനിടെ കേരള കോണ്‍ഗ്രസിലെ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ് നേതൃത്വം.