കോട്ടൂരിനെ തിരിച്ചറിഞ്ഞു ; കുറ്റമേറ്റെടുക്കാന്‍ ക്രൈംബ്രാഞ്ച് സമ്മര്‍ദ്ദം ചെലുത്തിയെന്ന് സാക്ഷി ; അഭയ കേസില്‍ വെളിപ്പെടുത്തല്‍

കുറ്റം ഏറ്റെടുത്താല്‍ രണ്ടു ലക്ഷം രൂപയും വീട് വെച്ചു നല്‍കാമെന്നുമാണ് വാഗ്ദാനം നല്‍കിയതെന്ന് രാജു വ്യക്തമാക്കി
കോട്ടൂരിനെ തിരിച്ചറിഞ്ഞു ; കുറ്റമേറ്റെടുക്കാന്‍ ക്രൈംബ്രാഞ്ച് സമ്മര്‍ദ്ദം ചെലുത്തിയെന്ന് സാക്ഷി ; അഭയ കേസില്‍ വെളിപ്പെടുത്തല്‍

തിരുവനന്തപുരം : സിസ്റ്റര്‍ അഭയ കേസില്‍ ക്രൈംബ്രാഞ്ചിനെതിരെ സാക്ഷിയുടെ വെളിപ്പെടുത്തല്‍. അഭയ കേസ് ഏറ്റെടുക്കാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടുവെന്ന് മുഖ്യസാക്ഷി അടയ്ക്ക രാജു എന്ന രാജു ഏലിയാസ് കോടതിയില്‍ മൊഴി നല്‍കി. ഇതിനായി പണവും പ്രലോഭനങ്ങളും നല്‍കി. കുറ്റം ഏറ്റെടുത്താല്‍ രണ്ടു ലക്ഷം രൂപയും വീട് വെച്ചു നല്‍കാമെന്നുമാണ് വാഗ്ദാനം നല്‍കിയതെന്ന് രാജു വ്യക്തമാക്കി. 

അഭയ കൊല്ലപ്പെട്ട ദിവസം ഫാദര്‍ തോമസ് കോട്ടൂരും ഫാദര്‍ ജോസ് പൂതൃക്കയും കോണ്‍വെന്റില്‍ ഉണ്ടായിരുന്നതായും രാജു കോടതിയില്‍ മൊഴി നല്‍കി. ഇരുവരെയും സംഭവദിവസം താന്‍ കോണ്‍വെന്റില്‍ കണ്ടതായും രാജു ആവര്‍ത്തിച്ചു. കോടതിയില്‍വെച്ച് രാജു ഫാദര്‍ തോമസ് കോട്ടൂരിനെ തിരിച്ചറിയുകയും ചെയ്തു. 

നേരത്തെ കേസിന്റെ വിചാരണ വേളയില്‍ രണ്ട് സാക്ഷികള്‍ കൂറുമാറിയിരുന്നു. കോണ്‍വെന്റിന്റെ അടുക്കളയില്‍ അഭയയുടെ ശിരോവസ്ത്രവും ചെരുപ്പും കണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞ സിസ്റ്റര്‍ അനുപമയാണ് ആദ്യം മൊഴിമാറ്റിയത്. താന്‍ ഒന്നും കണ്ടിട്ടില്ലെന്നായിരുന്നു അനുപമ മൊഴി മാറ്റിയത്. അഭയയുടെ റൂം മേറ്റായിരുന്ന സിസ്റ്റര്‍ അനുപമ, കേസില്‍ 50-ാം സാക്ഷിയായിരുന്നു.

കേസിലെ നാലാം സാക്ഷിയായ സഞ്ജു പി തോമസും മൊഴി മാറ്റിയിരുന്നു. കോണ്‍വെന്റിന് സമീപത്തെ താമസക്കാരനായ സഞ്ജു, കൊല നടന്ന ദിവസം ഫാദര്‍ തോമസ് കോട്ടൂരിന്റെ സ്‌കൂട്ടര്‍ കോണ്‍വെന്റിന് സമീപം നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ടുവെന്നാണ് സഞ്ജു നേരത്തെ മൊഴി നല്‍കിയിരുന്നത്. ഈ മൊഴി ഇദ്ദേഹം കോടതിയില്‍ തിരുത്തുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com