തന്ത്രങ്ങളൊരുക്കി ആര്‍എസ്എസ്; എന്‍എസ്എസ്, എസ്എന്‍ഡിപി സഹകരണത്തിന് ബിജെപി

കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്കു വേഗം കൂട്ടാന്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് ആര്‍എസ്എസ് ദേശീയ നേതൃത്വം
തന്ത്രങ്ങളൊരുക്കി ആര്‍എസ്എസ്; എന്‍എസ്എസ്, എസ്എന്‍ഡിപി സഹകരണത്തിന് ബിജെപി

കൊച്ചി: കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്കു വേഗം കൂട്ടാന്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് ആര്‍എസ്എസ് ദേശീയ നേതൃത്വം. ഹൈന്ദവ ഏകീകരണത്തിലൂടെ മാത്രമേ കേരളത്തില്‍ ബിജെപിക്ക് അതിന്റെ ശരിയായ അര്‍ഥത്തില്‍ വളരാനാകൂവെന്ന് ആര്‍എസ്എസ് വ്യക്തമാക്കുന്നു. 

പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രബല ഹൈന്ദവ സാമുദായിക സംഘടനകളായ എന്‍എസ്എസ്, എസ്എന്‍ഡിപി എന്നിവയെ സഹകരിപ്പിച്ചു മാത്രമേ ബിജെപിക്കു മുന്നേറാനാകൂവെന്നുമാണ് ആര്‍എസ്എസ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം. കഴിഞ്ഞ ദിവസം കോഴിക്കോട്ട് ആര്‍എസ്എസിന്റെ ദക്ഷിണേന്ത്യയിലെ പ്രധാന ഭാരവാഹികളും കേരളത്തിലെ ബിജെപിയുടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ആര്‍എസ്എസ് വിട്ടുകൊടുത്ത നേതാക്കളും പങ്കെടുത്ത യോഗത്തിലാണ് ആര്‍എസ്എസ് സര്‍സംഘ്ചാലക് മോഹന്‍ ഭഗവത് ഈ നിര്‍ദേശം മുന്നോട്ടു വച്ചത്. 

കേരളത്തില്‍ ന്യൂനപക്ഷ വോട്ടുകള്‍ ലഭിച്ചാല്‍ മാത്രമേ ബിജെപിക്കു നേട്ടമുണ്ടാക്കാനാകൂവെന്നത് ശരിയല്ല. ഭൂരിപക്ഷങ്ങളിലെ എല്ലാ സമുദായ സംഘടനകളുടെയും വോട്ടുകള്‍ ഏകീകരിക്കുന്നതിലാണ് ശ്രദ്ധിക്കേണ്ടത്. അതേസമയം ന്യൂനപക്ഷവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കാനും പാടില്ല. ഹൈന്ദവ സാമുദായിക സംഘടനകളുടെ ഏകീകരണം നടക്കുമ്പോള്‍, അതൊരിക്കലും ന്യൂനപക്ഷങ്ങള്‍ക്ക് എതിരായി മാറുന്നതാകരുത്. ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും മോഹന്‍ ഭഗവത് നിര്‍ദേശിച്ചതായാണ് വിവരം.

സമൂഹത്തില്‍ നയ രൂപീകരണം നടത്താന്‍ കഴിയുന്ന പൗര പ്രമുഖരെ അവരുടെ വീടുകളില്‍ സന്ദര്‍ശിക്കാന്‍ മോഹന്‍ ഭഗവതിനു കോഴിക്കോട്ടും പദ്ധതിയുണ്ടായിരുന്നെങ്കിലും അതു നടന്നില്ല. സന്ദര്‍ശനത്തിന്റെ ഒരു പകല്‍ ഇതിനായി അദ്ദേഹം നീക്കിവച്ചെങ്കിലും സന്ദര്‍ശനങ്ങളൊന്നും ഉണ്ടായില്ല. എന്നാല്‍ കോട്ടയത്ത് അദ്ദേഹം ജസ്റ്റിസ് കെടി തോമസ്, പ്രൊഫ. ഒഎം മാത്യു എന്നിവരെ വീടുകളിലെത്തി അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com