തരൂരിനെ ഫാസിസ്റ്റ് പക്ഷത്തേക്ക് തള്ളിവിടരുത് ; മോദി സ്തുതി വിവാദത്തില്‍ എം കെ മുനീര്‍

ഉരുള്‍പൊട്ടലുകളില്‍ വന്‍മലയാകെ ഒലിച്ചുവരുമ്പോള്‍ താഴ്‌വരയില്‍ പുല്ല് പറിക്കാന്‍ പരസ്പരം കലഹിക്കുന്നവരെ അനുസ്മരിപ്പിക്കുന്നതാണ് കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങള്‍
തരൂരിനെ ഫാസിസ്റ്റ് പക്ഷത്തേക്ക് തള്ളിവിടരുത് ; മോദി സ്തുതി വിവാദത്തില്‍ എം കെ മുനീര്‍

തിരുവനന്തപുരം: മോദി സ്തുതി വിവാദത്തില്‍ ശശി തരൂരിനെ അനുകൂലിച്ച് മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍ രംഗത്ത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മുനീര്‍ നിലപാട് വ്യക്തമാക്കിയത്. ശശി തരൂര്‍ മോദി അനുകൂലിയാണെന്ന് താന്‍ വിശ്വസിക്കുന്നില്ല. 'പാരഡോക്‌സിക്കല്‍ െ്രെപംമിനിസ്റ്റര്‍, വൈ അയാം എ ഹിന്ദു' എന്ന പുസ്തകങ്ങളത്രയും വായിച്ചൊരാള്‍ക്ക് അദ്ദേഹത്തിന് ഒരു മോദി ഫാനായി മാറാന്‍ കഴിയുമെന്ന് ഒരിക്കലും വിശ്വസിക്കാനാവില്ലെന്നും മുനീര്‍ പറയുന്നു. 

കേരളത്തില്‍ ബിജെപിയെ മുഖാമുഖം നേരിട്ട് തോല്പിച്ച ഏക ലോക്‌സഭാംഗമെന്ന നിലയില്‍ ഫാഷിസ്റ്റ് വിരുദ്ധ പക്ഷത്തെ അദ്ദേഹത്തിന്റെ ഉത്തരവാദിത്തം മറ്റാരെക്കാളും വര്‍ധിച്ചതായി കാണുന്നു. ശശി തരൂര്‍ ഒരിക്കലും ഫാഷിസ്റ്റ് പക്ഷത്തേക്ക് തള്ളിവിടപ്പെടേണ്ട ആളല്ല. തന്റെ പുസ്തകങ്ങളിലും പ്രസംഗങ്ങളിലും ശശി തരൂര്‍ കാണിക്കുന്ന ഉന്നതമായ പക്വത ശ്ലാഘനീയമാണ്. എന്നാല്‍ കേരളത്തില്‍ നിന്നുള്ള ഒരു പ്രതിനിധിയെന്ന നിലയില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെക്കുറിച്ച് പ്രതികരിക്കുമ്പോഴും ഈ സൂക്ഷ്മത അദ്ദേഹം കാണിക്കേണ്ടതുണ്ടെന്നും മുനീര്‍ കുറിച്ചു.

മോദി സ്തുതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണ പ്രത്യാരോപണങ്ങളെയും മുനീര്‍ വിമര്‍ശിച്ചു. ഉരുള്‍പൊട്ടലുകളില്‍ വന്‍മലയാകെ ഒലിച്ചുവരുമ്പോള്‍ അതിന്റെ താഴ്‌വരയില്‍ പുല്ല് പറിക്കാന്‍ പരസ്പരം കലഹിക്കുന്നവരെ അനുസ്മരിപ്പിക്കുന്നതാണ് കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങള്‍.  തൊട്ടപ്പുറത്ത് കശ്മീര്‍ നമുക്ക് മുമ്പില്‍ നീറിപ്പുകയുകയാണ്. കശ്മീരിന്റെ ഭൂമിയിലേക്ക് കാശ്മീരിന്റെ പുത്രന്മാരായ രാഹുല്‍ ഗാന്ധിക്കും,ഗുലാം നബി ആസാദിനും പ്രവേശനം നിഷേധിച്ച അമിത് ഷാ-മോദി അച്ചുതണ്ടിനെ പ്രതിരോധിക്കാന്‍ രാജ്യത്തെ ഫാഷിസ്റ്റിതര കൂട്ടായ്മയെ യോജിപ്പിച്ചു നിര്‍ത്തേണ്ട കണ്ണി തന്നെ ദുര്‍ബ്ബലമാവുമ്പോള്‍ എന്ത് സന്ദേശമാണ് ഇന്ത്യയിലെ ദുരിതമനുഭവിക്കുന്ന ജനതയ്ക്കത് നല്‍കുന്നത്? എന്ത് പ്രതീക്ഷയാണ് അവര്‍ക്കായി നാം ബാക്കി വെയ്ക്കുന്നത്.? മുനീര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ :


പ്രളയനാളുകളില്‍ മഹാ ഉരുള്‍ പൊട്ടലുകളില്‍ വന്‍മലകളൊന്നാകെ കുത്തിയൊലിച്ചു വരുമ്പോള്‍ അതിന്റെ താഴ്വരയില്‍ പുല്ല് പറിക്കാന്‍ പരസ്പരം കലഹിക്കുന്നവരെ അനുസ്മരിപ്പിക്കുന്നു കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിനകത്തെ ഇപ്പോഴത്തെ പടലപ്പിണക്കങ്ങള്‍. അങ്ങേയറ്റം നിര്‍ഭാഗ്യകരമാണിത്.തൊട്ടപ്പുറത്ത് കശ്മീര്‍ നമുക്ക് മുമ്പില്‍ നീറിപ്പുകയുകയാണ്.കശ്മീരിന്റെ ഭൂമിയിലേക്ക് കാശ്മീരിന്റെ പുത്രന്മാരായ രാഹുല്‍ ഗാന്ധിക്കും,ഗുലാം നബി ആസാദിനും പ്രവേശനം നിഷേധിച്ച ഷാമോദി അച്ചുതണ്ടിനെ പ്രതിരോധിക്കാന്‍ രാജ്യത്തെ ഫാഷിസ്റ്റിതര കൂട്ടായ്മയെ യോജിപ്പിച്ചു നിര്‍ത്തേണ്ട കണ്ണി തന്നെ ദുര്‍ബ്ബലമാവുമ്പോള്‍ എന്ത് സന്ദേശമാണ് ഇന്ത്യയിലെ ദുരിതമനുഭവിക്കുന്ന ജനതയ്ക്കത് നല്‍കുന്നത്? എന്ത് പ്രതീക്ഷയാണ് അവര്‍ക്കായി നാം ബാക്കി വെയ്ക്കുന്നത്.?
പരസ്പരമുള്ള പഴിചാരലുകള്‍ മാറ്റി വെച്ച് കോണ്‍ഗ്രസ്സ്‌സംസ്‌കാരമുള്ള എല്ലാവരെയും പാര്‍ട്ടിക്കകത്ത് തന്നെ നിലനിര്‍ത്താനുള്ള ഭഗീരഥ പ്രയത്‌നമാണ് ഇന്നാവശ്യം. കോണ്‍ഗ്രസ്സ് ഇല്ലാത്ത ശശി തരൂരിനെയോ, ശശി തരൂര്‍ ഇല്ലാത്ത കോണ്‍ഗ്രസ്സിനെയോ മതേതര കേരളത്തിന് സങ്കല്പിക്കാന്‍ പോലുമാവില്ല.സാഹചര്യത്തിന് ഒട്ടും അനുയോജ്യമല്ലാത്ത തര്‍ക്കവിതര്‍ക്കങ്ങള്‍ കൊണ്ട് പോര്‍മുഖം തീര്‍ക്കേണ്ട സമയമല്ലിത്.മറിച്ച് തര്‍ക്കിച്ചു നില്‍ക്കുന്നിടം തന്നെ ഇടിഞ്ഞു വീഴുന്ന സന്ദര്‍ഭമാണിത്.ഇന്ദിരാഗാന്ധിയും കെ കരുണാകരനും ബാഫഖി തങ്ങളും എന്റെ പിതാവും ഭാഗഭാക്കായ ഐക്യജനാധിപത്യ മുന്നണിയുടെ ആവിര്‍ഭാവ കാലത്തെ ഞാനിന്നുമോര്‍ക്കുന്നു. അന്ന് ഞാനൊരു കുട്ടിയായിരുന്നു.അതു കൊണ്ട് വേദനയോട് കൂടിയാണെങ്കിലും ഇത് പറയാനുള്ള ധാര്‍മ്മിക ചുമതല എനിക്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ബഹു: ശശി തരൂര്‍ ഒരു മോദിയനുകൂലിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അദ്ദേഹത്തിന്റെ 'പാരഡോക്‌സിക്കല്‍ െ്രെപംമിനിസ്റ്റര്‍, വൈ അയാം എ ഹിന്ദു' എന്ന പുസ്തകങ്ങളത്രയും വായിച്ചൊരാള്‍ക്ക് അദ്ദേഹത്തിന് ഒരു മോദി ഫാനായി മാറാന്‍ കഴിയുമെന്ന് ഒരിക്കലും വിശ്വസിക്കാനാവില്ല. കേരളത്തില്‍ ബിജെപിയെ മുഖാമുഖം നേരിട്ട് തോല്പിച്ച ഏക ലോക്‌സഭാംഗമെന്ന നിലയില്‍ ഫാഷിസ്റ്റ് വിരുദ്ധ പക്ഷത്തെ അദ്ദേഹത്തിന്റെ ഉത്തരവാദിത്വം മറ്റാരെക്കാളും വര്‍ദ്ധിച്ചതായി ഞാന്‍ കാണുന്നു.ശശി തരൂര്‍ ഒരിക്കലും ഫാഷിസ്റ്റ് പക്ഷത്തേക്ക് തള്ളിവിടപ്പെടേണ്ട ആളല്ല.
തന്റെ പുസ്തകങ്ങളിലും പ്രസംഗങ്ങളിലും ശശി തരൂര്‍ കാണിക്കുന്ന ഉന്നതമായ പക്വത ശ്ലാഘനീയമാണ്. എന്നാല്‍ കേരളത്തില്‍ നിന്നുള്ള ഒരു പ്രതിനിധിയെന്ന നിലയില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ്സ് നേതാക്കളെക്കുറിച്ച് പ്രതികരിക്കുമ്പോഴും ഈ സൂക്ഷ്മത അദ്ദേഹം കാണിക്കേണ്ടതുണ്ട്.കാരണം കേരളത്തിലാണ് അദ്ദേഹത്തിന്റെ വേരുകള്‍. കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കളുമായി സുദ്രഢമായ ആത്മബന്ധം അദ്ദേഹം കാത്ത് സൂക്ഷിക്കണം.അത് ആരെക്കാളും നിര്‍വ്വഹിക്കേണ്ട ബാധ്യത ശശി തരൂരിനുണ്ട്.മറിച്ച് കേരളത്തിലെ നേതാക്കള്‍ ശശി തരൂരിന്റെ പ്രതിഭാ വിലാസത്തെ മാനിക്കുകയും പ്രിയപ്പെട്ട ജനപ്രതിനിധിയായി അദ്ദേഹത്തെ ഉള്‍കൊള്ളുകയും ചെയ്യണം.
രാജ്യം ഒരഗ്‌നിപര്‍വ്വതമായി മാറി കൊണ്ടിരിക്കുന്ന ഈ അഭിശപ്ത മുഹൂര്‍ത്തത്തില്‍ കോണ്‍ഗ്രസ്സാണ് ജനതയുടെ അവസാന പ്രതീക്ഷ. വിശിഷ്യ ഇരുപതില്‍ പത്തൊമ്പത് സീറ്റും ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് നല്‍കിയ കേരളീയര്‍ എല്ലാവരും ഒന്നിച്ചണിച്ചേര്‍ന്ന ഒരു കോണ്‍ഗ്രസ്സിനെയാണ് സ്വപ്നം കാണുന്നത്.പരസ്പരം കരം ഗ്രഹിച്ചു നില്‍ക്കുന്ന പാരസ്പര്യമാണ് നമുക്ക് കോണ്‍ഗ്രസ്സ്.ഈ വാക്‌പോര് നമുക്കെത്രയും വേഗം അവസാനിപ്പിക്കേണ്ടതുണ്ട്.ഇത് അവസാനിപ്പിച്ചേ മതിയാകൂ. 
കോണ്‍ഗ്രസ്സ് കോണ്‍ഗ്രസ്സുകാരുടേത് മാത്രമല്ല എന്ന് അവര്‍ തിരിച്ചറിയണം. കോണ്‍ഗ്രസ്സ് ഇന്ന് ഇന്ത്യയിലെ മുഴുവന്‍ ജനതയുടേയും പ്രതീക്ഷാ നാളമാണ്.കോണ്‍ഗ്രസ്സിന്റെ ആഭ്യന്തര പ്രശ്‌നമാണ് ഇതെന്ന് ഞങ്ങള്‍ക്കറിയാം. പക്ഷേ ഇത് ഇന്ത്യന്‍ ജനതയുടെ നിലനില്പിന്റെ കൂടി പ്രശ്‌നമായത് കൊണ്ട് ഇക്കാര്യത്തില്‍ ഇങ്ങനെയൊരു അഭിപ്രായമെങ്കിലും പറയാതെ പോയാല്‍ അത് സ്വയം ചെയ്യുന്ന ഒരനീതിയായി മാറും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com