നാടുകാണി ചുരത്തിലെ വിള്ളല്‍ 15 മീറ്റര്‍ നീളത്തില്‍ വ്യാപിക്കുന്നു; ഗതാഗതം നിരോധിച്ചേക്കും

ഈ വിള്ളലില്‍ മണല്‍ നിറച്ച് പ്ലാസ്റ്റിക് ചാക്കുകളിട്ട് നികത്തിയാണ് നിലവില്‍ ഇതിലൂടെ ചെറുവാഹനങ്ങള്‍ കടന്നു പോകുന്നത്
നാടുകാണി ചുരത്തിലെ വിള്ളല്‍ 15 മീറ്റര്‍ നീളത്തില്‍ വ്യാപിക്കുന്നു; ഗതാഗതം നിരോധിച്ചേക്കും

ഗൂഡല്ലൂര്‍: ശക്തമായ മഴയേയും ഉരുള്‍പൊട്ടലിനേയും തുടര്‍ന്ന് നാടുകാണി ചുരത്തിലുണ്ടായ വിള്ളല്‍ വ്യാപിക്കുന്നു. ഇതേ തുടര്‍ന്ന് ചുരത്തിലൂടെയുള്ള ചെറിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചേക്കും. റോഡിന് കുറുകെയുണ്ടായ വിള്ളലാണ് ഏകദേശം 15 മീറ്റര്‍ നീളത്തില്‍ വ്യാപിക്കുന്നത്. 

ഈ വിള്ളലില്‍ മണല്‍ നിറച്ച് പ്ലാസ്റ്റിക് ചാക്കുകളിട്ട് നികത്തിയാണ് നിലവില്‍ ഇതിലൂടെ ചെറുവാഹനങ്ങള്‍ കടന്നു പോകുന്നത്. വിള്ളല്‍ വ്യാപിച്ചതോടെ അപകട സാധ്യത കൂടുതലായത് മുന്‍പില്‍ കണ്ട് സൂചന ബോര്‍ഡുകള്‍ പ്രദേശത്ത് സ്ഥാപിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ഓഗസ്റ്റ് എട്ട് മുതലുള്ള മഴയിലും ഉരുള്‍പൊട്ടലിലുമായി നാടുകാണി ചുരത്തിന്റെ മൂന്ന് ഇടങ്ങളിലാണ് ഗതാഗതം നിലച്ചത്. തകരപ്പാടിയിലും, തേന്‍പാറയിലും കൂറ്റന്‍ പാറകള്‍ വീണ് ഗര്‍ത്തം രൂപപ്പെട്ടിരുന്നു. മലപ്പുറം ജില്ലയിലേക്കും തിരിച്ചും ജീപ്പ് സര്‍വീസിനെ ആശ്രയിക്കുന്ന നിരവധി പേരുണ്ട്. വിള്ളല്‍ വ്യാപിക്കുന്നതോടെ ചെറുവാഹനങ്ങളുടെ ഗതാഗതവും നിരോധിച്ചാല്‍ ഈ യാത്രക്കാര്‍ക്ക് വലിയ തിരിച്ചടിയാവും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com