രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേന; കേരളത്തിന് രണ്ടാം സ്ഥാനം

മൊത്തം മികവില്‍ ഡല്‍ഹിയും കേരളവുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. മഹാരാഷ്ട്ര മൂന്നാമതും
രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേന; കേരളത്തിന് രണ്ടാം സ്ഥാനം

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും മികച്ച രണ്ടാമത്തെ പൊലീസ് സേന കേരളത്തിലേതെന്ന് പഠന റിപ്പോര്‍ട്ട്. അടിസ്ഥാന സൗകര്യം, ആള്‍ബലം, ബജറ്റ് വിഹിതം എന്നിവയുടെ കാര്യത്തിലാണ് കേരളം രണ്ടാം സ്ഥാനത്തെത്തിയത്. ഡല്‍ഹിയാണ് ഒന്നാം സ്ഥാനത്ത്. മൊത്തം മികവില്‍ ഡല്‍ഹിയും കേരളവുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. മഹാരാഷ്ട്ര മൂന്നാമതും. ലോക്‌നീതി സെന്റര്‍ ഫോര്‍ ദ് സ്റ്റഡി ഓഫ് ഡവലപ്പിങ് സൊസൈറ്റീസ് ആന്‍ഡ് കോമണ്‍ കോസ് തയാറാക്കിയ രാജ്യത്തെ പൊലീസിങ് റിപ്പോര്‍ട്ടിലാണ് (2019) നിരീക്ഷണം.

ആള്‍ബലത്തിന്റെ കാര്യത്തില്‍ ഡല്‍ഹിയും കേരളവും ബലാബലം നില്‍ക്കുമ്പോള്‍ അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തില്‍ ഡല്‍ഹി ഒരുപടി മുന്നിലാണ്. 1.03 ആണു ഡല്‍ഹിയുടെ ഇന്‍ഡ്കസ് പോയിന്റെങ്കില്‍ കേരളത്തിന് 0.89 പോയിന്റാണ്. എന്നാല്‍ ബജറ്റ് വിഹിതത്തില്‍ കേരളവും ഡല്‍ഹിയും മഹാരാഷ്ട്രയ്ക്കും പിന്നിലാണ്. 

2016 വരെയുള്ള കണക്കനുസരിച്ച് ടെലിഫോണോ വയര്‍ലെസ് ഫോണോ പോലുമില്ലാത്ത 24 പൊലീസ് സ്‌റ്റേഷനുകള്‍ രാജ്യത്തുണ്ട്. ജാര്‍ഖണ്ഡ്, നാഗാലാന്‍ഡ്, ഒഡിഷ സംസ്ഥാനങ്ങളിലായാണ് ഈ 24 സ്‌റ്റേഷനുകള്‍. ഇത്തരം സൗകര്യങ്ങളില്‍ മുന്നിലുള്ള കേരളത്തില്‍ ഒരു പൊലീസ് സ്‌റ്റേഷനില്‍ ശരാശരി 6 കമ്പ്യൂട്ടറെങ്കിലുമുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. പല സ്‌റ്റേഷനുകളിലും ഇതു 10 വരെയാണ്. വാഹനമില്ലാത്ത പൊലീസ് സ്‌റ്റേഷനുകളും രാജ്യത്തുണ്ട്. ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, തെലങ്കാന എന്നിവിടങ്ങളില്‍. ഇക്കാര്യത്തിലും കേരളത്തിന്റെ നില ഏറെ ഭേദമാണ്.

അതേസമയം, ഹെവി ഡ്യൂട്ടി വാഹനങ്ങളുടെ എണ്ണത്തില്‍ കേരളത്തിനു ഞെരുക്കമുള്ളതായി റിപ്പോര്‍ട്ടിലുണ്ട്. പൊലീസ് സ്‌റ്റേഷനുകള്‍ക്കു സ്വന്തമായുള്ള സ്ഥലത്തിന്റെ കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളാണു ഭേദം. കേരളത്തിലെ സ്‌റ്റേഷനും പരിസരവും ഇരിക്കുന്ന സ്ഥലത്തെക്കാള്‍ ഇരട്ടിയാണ് മിക്ക സംസ്ഥാനങ്ങളിലും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com