ശബരിമല നിലപാടില്‍ മാറ്റമില്ല ; കോടതി പറയുന്നത് നടപ്പാക്കും : മുഖ്യമന്ത്രി

വിശ്വാസികള്‍ക്കൊപ്പമെന്ന പാര്‍ട്ടി നിലപാട് പുതിയ കാര്യമല്ല. തെറ്റായ കാര്യം ചെയ്തു എന്ന നിലയിലല്ല പാര്‍ട്ടിയുടെ സ്വയം വിമര്‍ശനം
ശബരിമല നിലപാടില്‍ മാറ്റമില്ല ; കോടതി പറയുന്നത് നടപ്പാക്കും : മുഖ്യമന്ത്രി

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രിംകോടതി വിധി നടപ്പാക്കണം എന്നു തന്നെയാണ് സര്‍ക്കാരിന്റെ നിലപാട്. കോടതി വിധിയില്‍ മാറ്റം വരുത്തുകയാണെങ്കില്‍ അത് നടപ്പാക്കും. സുപ്രിംകോടതി വിധി വിശ്വാസികള്‍ക്കെതിരെയാണെന്നും, പ്രത്യേക നിയമം കൊണ്ടു വരുമെന്നും പറഞ്ഞവര്‍ ഇപ്പോളെവിടെയാണെന്ന് മുഖ്യമന്ത്രി ചോദിച്ചു.

അവര്‍ എന്തു ചെയ്തു. കോടതി വിധി മറികടക്കാന്‍ പ്രത്യേക നിയമം കൊണ്ടുവരാനാവില്ലെന്നാണ് ഇപ്പോള്‍ കേന്ദ്രമന്ത്രിമാര്‍ പറയുന്നത്. അവരാണ് വിശ്വാസികളെ വഞ്ചിച്ചിരിക്കുന്നത്. ശബരിമല വിഷയത്തില്‍ ബിജെപിയാണ് വഞ്ചന കാട്ടിയത്. സുപ്രിംകോടതി എന്തു പറയുന്നു അതാണ് സര്‍ക്കാര്‍ നിലപാട്. 

കോടതി വിധിയെ തുടര്‍ന്ന് ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചത് സര്‍ക്കാരിനെതിരായ പ്രചാരണമാക്കി ഒരുപക്ഷം മാറ്റി. അവരുടെ പ്രചാരണം പ്രതിരോധിക്കാന്‍ സര്‍ക്കാരിന് ആയില്ല. വിശ്വാസികള്‍ക്കൊപ്പമെന്ന പാര്‍ട്ടി നിലപാട് പുതിയ കാര്യമല്ല. തെറ്റായ കാര്യം ചെയ്തു എന്ന നിലയിലല്ല പാര്‍ട്ടിയുടെ സ്വയം വിമര്‍ശനം. ശബരിമല വിഷയത്തില്‍ പാര്‍ട്ടി പുനഃപരിശോധന നടത്തിയിട്ടില്ല. തെരഞ്ഞെടുപ്പില്‍ എതിരാളികള്‍ ഇത് വ്യാപകമായി ഉപയോഗിച്ചു. ഇത് പ്രതിരോധിക്കാനായില്ല എന്നതാണ് പാര്‍ട്ടി പരിശോധിച്ചത്. നവോത്ഥാനം വിശ്വാസത്തിനെതിരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പാലാ ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ സര്‍ക്കാരിനും എല്‍ഡിഎഫിനും ആശങ്കയില്ല. സ്വാഭാവികമായും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും ഉപതെരഞ്ഞെടുപ്പില്‍ വിലയിരുത്തപ്പെടും. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന് യാതൊരു ആശങ്കയുമില്ല. എല്‍ഡിഎഫിന് വിജയസാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.  

പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നതിന്റെ പ്രശ്‌നങ്ങള്‍ രൂക്ഷമായി ബോധ്യപ്പെട്ടു തുടങ്ങി. ഈ പശ്ചാത്തലത്തില്‍ പുതിയ പദ്ധതികളെക്കുറിച്ച് ജനങ്ങള്‍ ഗൗരവമായി മാറി ചിന്തിക്കണം. സംസ്ഥാനത്ത് നിര്‍മ്മാണരംഗത്ത് പ്രകൃതി ചൂഷണം പരമാവധി കുറയ്ക്കുന്ന പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. 

ഭവന നിര്‍മ്മാണത്തില്‍ പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യയ്ക്ക് മുന്‍ഗണന നല്‍കണം. ലൈഫ് മിഷന്‍ നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പുതിയ സാങ്കേതിക വിദ്യയെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. പുതിയ ഏതൊരു പദ്ധതിയും എന്നപോലെ, ഇതും തുടക്കത്തില്‍ സ്വീകരിക്കുന്നതിന് സ്വാഭാവികമായ ചില വൈമനസ്യങ്ങള്‍ സ്വാഭാവികമായും ഉണ്ടാകുമെന്നും പിണറായി വിജയന്‍ പറഞ്ഞു. 

പ്രളയം തടയാന്‍ നെതര്‍ലാന്‍ഡ്‌സിലെ റൂം ഫോര്‍ റിവര്‍ പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരം ശംഖുമുഖത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ മുങ്ങിമരിച്ച ജോണ്‍സന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ തീരുമാനിച്ചു. ജോണ്‍സന്റെ ഭാര്യയ്ക്ക് ടൂറിസം വകുപ്പില്‍ ജോലി നൽകും.. തിരയില്‍പ്പെട്ട യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ലൈഫ് ഗാര്‍ഡായ ജോണ്‍സന്റെ ജീവന്‍ നഷ്ടപ്പെട്ടത്. 

ദുബായില്‍ ജയിലിലായ തുഷാര്‍ വെള്ളാപ്പള്ളിക്കുവേണ്ടി വ്യക്തിബന്ധത്തിന്റെ പേരിലല്ല ഇടപെട്ടത്. ഗള്‍ഫില്‍ ജയിലില്‍ കഴിയുന്നവര്‍ക്ക് വേണ്ടി മുമ്പും ഇടപെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ നിയമപരമായി ചെയ്യാന്‍ കഴിയുന്നത് ചെയ്യുക എന്നാണ് ആവശ്യപ്പെട്ടത്. ഗോകുലം ഗോപാലന്റെ മകന്‍ ജയിലില്‍ കഴിയുന്നത് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, വരട്ടെ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തിരുവനന്തപുരം വിജെടി ഹാളിന് അയ്യങ്കാളിയുടെ പേര് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി  പിണറായി വിജയന്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com