'നിങ്ങള്‍ ഒരു ഹീറോയാണ്'; ചേര്‍ത്തുപിടിച്ച് രാഹുല്‍; അവിസ്മരണീയമെന്ന് നൗഷാദ്
By സമകാലികമലയാളം ഡെസ്‌ക് | Published: 30th August 2019 06:15 AM |
Last Updated: 30th August 2019 06:15 AM | A+A A- |

കോഴിക്കോട്: മഴക്കെടുതിയില്‍ വിറങ്ങലിച്ച കേരളത്തിന് കൈത്താങ്ങായി ചാക്കുകണക്കിന് വസ്ത്രങ്ങള്‍ സമ്മാനിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ നൗഷാദിനെ ചേര്‍ത്തുപിടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോഴിക്കോട് മുക്കത്ത് നടന്ന ചടങ്ങിലേക്ക് അതിഥിയായാണ് കോണ്‍ഗ്രസുകാര്‍ നൗഷാദിനെ ക്ഷണിച്ചത്.
ഹീറോ എന്നു രാഹുല്‍ വിശേഷിപ്പിച്ചപ്പോള്‍ അതിയായ സന്തോഷം തോന്നിയെന്നു നൗഷാദ് പറഞ്ഞു. രാഹുല്‍ ഗാന്ധിക്കൊപ്പം വേദി പങ്കിട്ടതിനെപ്പറ്റിയും നിമിഷനേരം കൊണ്ട് വൈറലായ ചിത്രത്തിനു പിന്നിലെ നിമിഷങ്ങളും നൗഷാദ് പങ്കുവച്ചു.
'അതിഥിയായി പങ്കെടുക്കണമെന്ന കോണ്‍ഗ്രസുകാരുടെ ക്ഷണപ്രകാരം കോഴിക്കോട് മുക്കത്ത് നടന്ന ചടങ്ങിലേക്ക് നിറഞ്ഞ മനസോടെയാണു പോയത്. ചെന്നപ്പോള്‍ രാഹുലിനെ കണ്ടു. അദ്ദേഹത്തോട് സംസാരിച്ചു. പ്രളയസമയത്തെ സംഭവങ്ങളൊക്കെ അദ്ദേഹം അറിഞ്ഞിരുന്നു. ചേര്‍ത്തു നിര്‍ത്തി രാഹുല്‍ 'യു ആര്‍ എ ഗ്രേറ്റ് ഹീറോ' എന്നു പറഞ്ഞു.
'നമുക്ക് രാഷ്ട്രീയം ഇപ്പോള്‍ വേണ്ടെന്നും ഒരുമിച്ചു നില്‍ക്കേണ്ട സമയമാണെന്നും രാഹുല്‍ പറഞ്ഞു. ഒരു വിജയിയെ ചേര്‍ത്ത് നിര്‍ത്തുന്നത് പോലെ എന്റെ കയ്യില്‍ അദ്ദേഹത്തിന്റെ കൈചേര്‍ത്ത് ആകാശത്തേക്ക് ഉയര്‍ത്തിയ നിമിഷം എറെ ഹൃദ്യമായിരുന്നു. അവിസ്മരണീയമായ കൂടിക്കാഴ്ച. ദയവു ചെയ്ത് ഇതില്‍ ആരും രാഷ്ട്രീയം കലര്‍ത്തരുത്'-നൗഷാദ് പറഞ്ഞു.