സാമ്പത്തിക മാന്ദ്യം ഉളളപ്പോഴല്ല ലയനം നടപ്പിലാക്കേണ്ടത്; വിമർശനവുമായി തോമസ് ഐസക്
By സമകാലികമലയാളം ഡെസ്‌ക് | Published: 30th August 2019 08:50 PM |
Last Updated: 30th August 2019 08:50 PM | A+A A- |

കൊച്ചി: പൊതുമേഖല ബാങ്കുകളെ പരസ്പരം ലയിപ്പിക്കാനുളള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ ധനമന്ത്രി തോമസ് ഐസക്. ബാങ്കുകളുടെ ലയനം സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടിയാകും. സാമ്പത്തിക മാന്ദ്യം ഉള്ളപ്പോഴല്ല ലയനം നടപ്പിലാക്കേണ്ടതെന്നും തോമസ് ഐസക് പറഞ്ഞു.
ഇത് ഗുണത്തേക്കാള്‍ ഏറെ ദോഷമാണ് ചെയ്യുക. ഗ്രാമങ്ങളില്‍ നന്നായി പ്രവര്‍ത്തിക്കുന്ന ബാങ്കുകളെ ലയിപ്പിക്കുന്നത് പ്രാദേശികവികസനത്തിന് തിരിച്ചടിയാകുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
നിലവിലെ 27 പൊതുമേഖല ബാങ്കുകളെ ലയനത്തിലൂടെ 12 ആക്കാനാണ് തീരുമാനമെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആഗോളതലത്തില്‍ സ്വാധീനമുളള വലിയ ബാങ്കുകള്‍ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്നും അവർ കൂട്ടിച്ചേർത്തു.
പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്‌സ്, യൂണൈറ്റഡ് ബാങ്ക് എന്നിവയെ ലയിപ്പിക്കും. ഇവയെ ലയിപ്പിച്ച് ഒറ്റ ബാങ്കാക്കുന്നതോടെ എസ്ബിഐയ്ക്ക് പിന്നില്‍ രാജ്യത്തെ രണ്ടാമത്തെ ബാങ്കായി ഇത് മാറും. 17.95 ലക്ഷം കോടി രൂപയുടെ ബിസിനസ്സാണ് ഇതിന്റെ കീഴില്‍ വരുക.
കാനറ, സിന്‍ഡിക്കേറ്റ് ബാങ്കുകളെ പരസ്പരം ലയിപ്പിക്കും. രാജ്യത്തെ വലിയ നാലാമത്തെ ബാങ്കായി ഇത് മാറും. 15.20 ലക്ഷം കോടി രൂപയുടെ ബിസിനസ്സാണ് ഇതിന് കീഴില്‍ നടക്കുക. ഇന്ത്യന്‍ ബാങ്കിനെ അലഹബാദ് ബാങ്കില്‍ ലയിപ്പിക്കുന്നതാണ് മറ്റൊരു പദ്ധതി. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും ആന്ധ്രാബാങ്കും കോര്‍പ്പറേഷന്‍ ബാങ്കും പരസ്പരം ലയിച്ച് രാജ്യത്തെ ഏറ്റവും വലിയ അഞ്ചാമത്തെ ബാങ്കായി മാറുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഇന്ത്യന്‍ ബാങ്കിനെ അലഹബാദ് ബാങ്കില്‍ ലയിപ്പിക്കുന്നതോടെ ഏഴാമത്തെ ബാങ്കായി ഇത് മാറുമെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു.