അവിശ്വാസത്തിനു പിന്നില്‍ കോണ്‍ഗ്രസിലെ ചിലരുടെ ഗ്രീന്‍ സിഗ്‌നല്‍ ?; പ്രതീക്ഷയോടെ സിപിഎം ; മേയര്‍ക്കെതിരായ അവിശ്വാസ ചര്‍ച്ച അടുത്തമാസം ഒമ്പതിന്

പ്രതിപക്ഷം അവിശ്വാസ നോട്ടീസ് നല്‍കിയതോടെ കോണ്‍ഗ്രസ് ക്യാമ്പില്‍ അങ്കലാപ്പുണ്ടായിട്ടുണ്ട്.
അവിശ്വാസത്തിനു പിന്നില്‍ കോണ്‍ഗ്രസിലെ ചിലരുടെ ഗ്രീന്‍ സിഗ്‌നല്‍ ?; പ്രതീക്ഷയോടെ സിപിഎം ; മേയര്‍ക്കെതിരായ അവിശ്വാസ ചര്‍ച്ച അടുത്തമാസം ഒമ്പതിന്

കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയിനിനെതിരേ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് സെപ്തംബര്‍ 9ന് ചര്‍ച്ച ചെയ്യും. അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാന്‍ ഒമ്പതിന് യോഗം വിളിച്ചുചേര്‍ക്കാന്‍ ജില്ലാ കളക്ടര്‍ എസ് സുഹാസ് തീരുമാനിച്ചു. ഇന്നലെ വൈകീട്ടാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം മേയര്‍ക്കെതിരെ കളക്ടര്‍ക്ക് അവിശ്വാസ നോട്ടീസ് നല്‍കിയത്. 

പ്രതിപക്ഷം അവിശ്വാസ നോട്ടീസ് നല്‍കിയതോടെ കോണ്‍ഗ്രസ് ക്യാമ്പില്‍ അങ്കലാപ്പുണ്ടായിട്ടുണ്ട്. തമ്മിലടിച്ച് കോണ്‍ഗ്രസ് ഭരണം നഷ്ടപ്പെടുത്തരുതെന്നാണ് യുഡിഎഫിന്റെ പൊതുവികാരം. അതേസമയം അവിശ്വാസ പ്രമേയത്തെ നേരിടണമെങ്കില്‍ ആദ്യം കോണ്‍ഗ്രസില്‍ യോജിപ്പുണ്ടാക്കണം. ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്ന അവിശ്വാസത്തിനു പിന്നില്‍ കോണ്‍ഗ്രസിലെ ചിലര്‍ നല്‍കിയ ഗ്രീന്‍ സിഗ്‌നലാണെന്നും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ഉയര്‍ന്നിട്ടുണ്ട്.

അവിശ്വാസത്തിന്റെ മുനയില്‍ നിര്‍ത്തി മേയര്‍ മാറ്റ ചര്‍ച്ചയ്ക്ക് അവസരമൊരുക്കാന്‍ ആഗ്രഹിക്കുന്ന ചിലരാണ് ഇതിനു പിന്നിലെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.  കൗണ്‍സിലിന്റെ കാലാവധി പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷത്തിലധികം മാത്രം നിലനില്‍ക്കെ മേയര്‍ മാറ്റത്തിന്റെ ആവശ്യമില്ലെന്ന് ആഗ്രഹിക്കുന്നവരാണ് കോണ്‍ഗ്രസിലെ ബഹു ഭൂരിഭാഗം കൗണ്‍സിലര്‍മാരും.

എന്നാല്‍ മുന്‍മന്ത്രിമാരുടെ പിന്തുണയോടെ, മേയറെ മാറ്റണമെന്ന വാദക്കാര്‍ അടുത്തിടെ വീണ്ടും സജീവമായിരുന്നു. പ്രതിപക്ഷത്തിന്റെ അവിശ്വാസത്തെ നേരിടുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മേയര്‍ മാറ്റത്തിനുള്ള അജന്‍ഡ കൂടി എടുത്തിടാനാണ് അവര്‍ ലക്ഷ്യമിടുന്നത്. അവിശ്വാസം വിജയിപ്പിക്കുന്നതിന് ഒപ്പം, അതിനുശേഷം മേയറുടെ രാജി എന്ന ആവശ്യമാവും അവര്‍ മുന്നോട്ടുവെയ്ക്കുക.

എറണാകുളം നിയമസഭാ മണ്ഡലത്തില്‍ നടക്കാന്‍ പോകുന്ന ഉപ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത് ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദാണ്. ഡി.സി.സി. പ്രസിഡന്റു കൂടിയായ വിനോദ് ഡെപ്യൂട്ടി മേയര്‍ സ്ഥാനം രാജിവെയ്‌ക്കേണ്ട സാഹചര്യം കൂടി മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. പുതിയ ഡെപ്യൂട്ടി മേയറെ കണ്ടുപിടിക്കുന്നതിനൊപ്പം മൊത്തം ടീമും മാറണമെന്ന ആവശ്യമായിരിക്കും മേയര്‍ മാറ്റത്തിനായി ചരടുവലിക്കുന്നവര്‍ ഉന്നയിക്കുക. സ്ഥിരം സമിതി ചെയര്‍മാന്‍ സ്ഥാനം ആഗ്രഹിക്കുന്നവരെക്കൂടി തങ്ങളുടെ കൂടെ കൂട്ടാനുള്ള തന്ത്രമാണ് നടത്തുന്നത്.

എന്നാല്‍, സഭയില്‍ വലിയ ഭൂരിപക്ഷമില്ലാത്തതിനാല്‍ മൊത്തത്തിലുള്ള മാറ്റം  കൈയിലുള്ളത് ഇനിയും നഷ്ടമാവാന്‍ സാധ്യതയുണ്ടെന്ന അഭിപ്രായവും ശക്തമാണ്. അടുത്തിടെ ആരോഗ്യ സ്ഥിരംസമിതി കോണ്‍ഗ്രസിന് നഷ്ടമായിരുന്നു. മറ്റൊരു സ്ഥിരം സമിതിയില്‍ നിന്ന് ഒരംഗത്തെ രാജിവെപ്പിച്ച് ആരോഗ്യ സ്ഥിരംസമിതിയിലേക്ക് കോണ്‍ഗ്രസ് മത്സരിപ്പിച്ചെങ്കിലും രണ്ട് പാര്‍ട്ടി അംഗങ്ങള്‍തന്നെ വോട്ട് മാറ്റി ചെയ്തതിനാല്‍ പരാജയപ്പെടുകയായിരുന്നു.

ധനകാര്യ സ്ഥിരം സമിതിയില്‍ ഇപ്പോള്‍ത്തന്നെ ഇടതുമുന്നണിക്കാണ് ഭൂരിപക്ഷം. അടുത്ത ബജറ്റ് അവതരിപ്പിക്കണമെങ്കില്‍ അവര്‍ കനിയേണ്ട സ്ഥിതിയാണ്. അവിശ്വാസത്തിനായി പ്രതിപക്ഷം മുന്നോട്ടുവെയ്ക്കുന്ന ആവശ്യത്തിന് അനുകൂലമായി എട്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ നേരത്തെ നിലപാട് സ്വീകരിച്ചിരുന്നു. 74 അംഗ കൗണ്‍സിലില്‍ യുഡിഎഫിന് 38 അംഗങ്ങളാണുള്ളത്. എല്‍ഡിഎഫിന് 36 ഉം ബിജെപിക്ക് രണ്ട് അംഗങ്ങളുമുണ്ട്. രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷത്തില്‍ മാത്രമാണ് യുഡിഎഫ് കൊച്ചി ഭരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com