കുട്ടികള്‍ ഇരുചക്രവാഹനം ഓടിച്ചാല്‍ ഇനി കടുത്ത നടപടി ; മൂന്നു വര്‍ഷം വരെ ജയില്‍ ശിക്ഷ ; 25 വയസ്സുവരെ ലൈസന്‍സും കിട്ടില്ല

പ്രായപൂര്‍ത്തിയാകാത്തവര്‍ ഓടിക്കുന്ന വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ ഒരു വര്‍ഷത്തേക്കു റദ്ദാക്കുകയും ചെയ്യും
കുട്ടികള്‍ ഇരുചക്രവാഹനം ഓടിച്ചാല്‍ ഇനി കടുത്ത നടപടി ; മൂന്നു വര്‍ഷം വരെ ജയില്‍ ശിക്ഷ ; 25 വയസ്സുവരെ ലൈസന്‍സും കിട്ടില്ല

തിരുവനന്തപുരം :  ഇരുചക്ര വാഹനമോടിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരെ മോട്ടര്‍ വാഹന വകുപ്പ് നടപടി കര്‍ശനമാക്കുന്നു. സെപ്റ്റംബര്‍ ഒന്നുമുതല്‍ കുട്ടികള്‍ വാഹനം ഓടിച്ചതിന് പിടിക്കപ്പെട്ടാല്‍, മോട്ടര്‍ വാഹന നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരമുള്ള ശിക്ഷാനടപടികളാകും സ്വീകരിക്കുക. 

ഇതു പ്രകാരം, വാഹനമോടിച്ചയാള്‍ക്ക് 25 വയസു വരെ ലൈസന്‍സ് അനുവദിക്കില്ല. പ്രായപൂര്‍ത്തിയാകാത്തവര്‍ ഓടിക്കുന്ന വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ ഒരു വര്‍ഷത്തേക്കു റദ്ദാക്കുകയും ചെയ്യും. ഇതിനു പുറമേ വാഹനമോടിച്ച ആള്‍ക്ക് 25,000 രൂപ പിഴയും 3 വര്‍ഷം വരെ തടവും ചുമത്താം. പിഴ അടച്ചില്ലെങ്കില്‍ ഓരോ വര്‍ഷവും ഇതില്‍ 10% വര്‍ധനയുണ്ടാകും.

സ്‌കൂളുകളിലേക്കും ട്യൂഷന്‍ സെന്ററുകളിലേക്കും വാഹനമോടിച്ചെത്തുന്ന പ്രായപൂര്‍ത്തിയാകാത്തവരെ  കേന്ദ്രീകരിച്ച് പ്രധാനമായും പരിശോധനനടത്താനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. ഭേദഗതി ചെയ്ത നിയമം അനുസരിച്ച് സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ 31നു സംസ്ഥാനത്തെ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍മാരുടെ യോഗം ഗതാഗത കമ്മിഷണര്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. 

റോഡ് സുരക്ഷാ ആക്ഷന്‍ പ്ലാനിന്റെ ഭാഗമായി 31ന് അവസാനിക്കേണ്ടിയിരുന്ന സംസ്ഥാനമാകെയുള്ള വാഹനപരിശോധന സെപ്റ്റംബര്‍ 14 വരെ നീട്ടി.  സെപ്റ്റംബര്‍ ഒന്നു മുതല്‍ നടത്തുന്ന പരിശോധനയുടെ ഭാഗമായി പിഴ ഈടാക്കുമ്പോള്‍ മോട്ടര്‍ വാഹനനിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരമുള്ള പുതുക്കിയ നിരക്കുകളാകും ഈടാക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com