കൊച്ചിക്ക് ഓണസമ്മാനമായി മെട്രോ തൈക്കൂടത്തേക്ക് ; ഉദ്ഘാടനം ചൊവ്വാഴ്ച ?; ഇന്നും നാളെയും സുരക്ഷാപരിശോധന

മഹാരാജാസ് കോളേജ് മുതല്‍ വെറ്റില, തൈക്കൂടം വരെ 5.6 കിലോമീറ്ററാണ് പുതുതായി മെട്രോ ഓടിയെത്തുക
കൊച്ചിക്ക് ഓണസമ്മാനമായി മെട്രോ തൈക്കൂടത്തേക്ക് ; ഉദ്ഘാടനം ചൊവ്വാഴ്ച ?; ഇന്നും നാളെയും സുരക്ഷാപരിശോധന


കൊച്ചി : കൊച്ചിക്ക് ഓണസമ്മാനമായി മെട്രോ വൈറ്റിലയിലേക്ക് കുതിക്കുന്നു. കൊച്ചി മെട്രോ മൂന്നാംഘട്ടത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച ( സെപ്തംബര്‍ 3 ന്) മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയം സ്‌റ്റേഷനില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര നഗരവികസനമന്ത്രി ഹര്‍ദീപ് സിങ് പുരി അധ്യക്ഷനാകുമെന്ന് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 

ഉദ്ഘാടനം ചൊവ്വാഴ്ച നടക്കുമെങ്കിലും യാത്രാ സര്‍വീസുകള്‍ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം ബുധനാഴ്ചയോടെ മാത്രമേ ആരംഭിക്കൂവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതിനു മുന്നോടിയായുള്ള സുരക്ഷാ പരിശോധനകള്‍ ഇന്ന് ആരംഭിക്കും. മെട്രോ സേഫ്റ്റി കമ്മീഷണര്‍ കെ എ മനോഹരന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ഇന്നും നാളെയുമായി പരിശോധന നടത്തുക. 

പുതുതായി സര്‍വീസ് ആരംഭിക്കുന്ന 5.6 കിലോമീറ്റര്‍ ദൂരത്തിനിടയിലെ അഞ്ച് സ്‌റ്റേഷനുകളുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുന്നത്. ഈ ദൂരത്തിനിടയിലുളള തൂണുകളുടെ നിര്‍മാണം, ഗര്‍ഡറുകള്‍, ഇരുമ്പുപാലങ്ങള്‍ എന്നിവ പരിശോധിക്കുന്ന സംഘം ഇവയുടെ ഡിസൈനും വിലയിരുത്തും. ഇലക്ട്രിക് വിഭാഗത്തിലെ ലിഫ്റ്റ്, എസ്‌കലേറ്റര്‍, അഗ്‌നിശമനാ സംവിധാനങ്ങള്‍, എമര്‍ജന്‍സി ഡ്രിപ്പിംഗ് സ്വിച്ച്, എമര്‍ജന്‍സി ടെലഫോണ്‍ സംവിധാനങ്ങള്‍ എന്നിവയും പരിശോധന വിധേയമാക്കും. 

മഹാരാജാസ് കോളേജ് മുതല്‍ വെറ്റില, തൈക്കൂടം വരെ 5.6 കിലോമീറ്ററാണ് പുതുതായി മെട്രോ ഓടിയെത്തുക. എറണാകുളം സൗത്ത്, കടവന്ത്ര, എളംകുളം, വൈറ്റില, തൈക്കൂടം എന്നീ സ്‌റ്റേഷനുകളാണ് പുതിയ റൂട്ടില്‍ ഉണ്ടാകുക.  നിലവില്‍ 18 ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. തൈക്കൂടം വരെ സര്‍വീസ് ദീര്‍ഘിപ്പിക്കുമ്പോള്‍ ട്രെയിനുകളുടെ എണ്ണം 25 ആകും. ഇതിനായി പുതിയ ട്രെയിനുകള്‍ കൊച്ചിയിലെത്തിയിട്ടുണ്ട്. ഇതോടെ ദിവംപ്രതിയുള്ള ട്രെയിന്‍ സര്‍വീസുകളുടെ എണ്ണത്തിലും വര്‍ധന ഉണ്ടായേക്കും. 

കൊച്ചി മെട്രോ മൂന്നാംഘട്ടത്തിന്റെ ഉദ്ഘാടനത്തിനൊപ്പം, വാട്ടര്‍ മെട്രോ, പേട്ടയില്‍ നിന്നും തൃപ്പൂണിത്തുറ എസ്എന്‍ ജംഗ്ഷന്‍ വരെയുള്ള മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ഉദ്ഘാടനവും നടക്കും. പേട്ട-തൃപ്പൂണിത്തുറ സെക്ക്ഷനിലെ പൈലിംഗ് ജോലികള്‍ അടക്കം ചൊവ്വാഴ്ച ആരംഭിക്കുമെന്നാണ് സൂചന. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com