ജേക്കബ് തോമസ് തിരികെ സര്‍വീസിലേക്ക് ? ; തിരിച്ചെടുക്കാന്‍ ആഭ്യന്തരവകുപ്പിന്റെ ശുപാര്‍ശ ; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്

ആഭ്യന്തര വകുപ്പിന്റെ ശുപാര്‍ശയിന്മേല്‍ ഇനി മുഖ്യമന്ത്രി പിണറായി വിജയനാകും അന്തിമ തീരുമാനമെടുക്കുക
ജേക്കബ് തോമസ് തിരികെ സര്‍വീസിലേക്ക് ? ; തിരിച്ചെടുക്കാന്‍ ആഭ്യന്തരവകുപ്പിന്റെ ശുപാര്‍ശ ; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്

തിരുവനന്തപുരം : സസ്‌പെന്‍ഷനില്‍ കഴിയുന്ന ഡിജിപി ജേക്കബ് തോമസ് സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ. ആഭ്യന്തര വകുപ്പാണ് ശുപാര്‍ശ നല്‍കിയത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ഫയല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി. ജേക്കബ് തോമസിനെ സര്‍വീസില്‍ തിരികെ എടുക്കാന്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ വിധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

ആഭ്യന്തര വകുപ്പിന്റെ ശുപാര്‍ശയിന്മേല്‍ ഇനി മുഖ്യമന്ത്രി പിണറായി വിജയനാകും അന്തിമ തീരുമാനമെടുക്കുക. ജേക്കബ് തോമസിനെ അടിയന്തരമായി സര്‍വീസില്‍ തിരിച്ചെടുക്കാനായിരുന്നു അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവിട്ടത്. 

രണ്ടു വര്‍ഷമായി ജേക്കബ് തോമസ് സസ്‌പെന്‍ഷനിലാണ്. ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശനത്തിന്റെ പേരിലായിരുന്നു ആദ്യം ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് അനുമതി ഇല്ലാതെ പുസ്തകമെഴുതി, ഡ്രഡ്ജര്‍ അഴിമതി തുടങ്ങിയവ ചൂണ്ടിക്കാട്ടി സസ്‌പെന്‍ഷന്‍ കാലാവധി പലഘട്ടങ്ങളായി ദീര്‍ഘിപ്പിക്കുകയായിരുന്നു.

ഇതേ തുടര്‍ന്ന് അദ്ദേഹം സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ഇതില്‍ വിശദമായ വാദം കേട്ട ശേഷമാണ് ട്രിബ്യൂണല്‍ ജേക്കബ് തോമസിനെ തിരിച്ചെടുക്കാന്‍ ഉത്തരവിട്ടത്. വൈരാഗ്യബുദ്ധിയോടെ തന്നെ വേട്ടയാടുകയാണെന്നായിരുന്നു ജേക്കബ് തോമസിന്റെ വാദം. ജേക്കബ് തോമസിന്റെ സ്വയം വിരമിക്കൽ അപേക്ഷ അം​ഗീകരിക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com