ട്രഷറിയില്‍ പണമില്ല?; സര്‍ക്കാര്‍ ജീവനക്കാരുടെ ഓണം അഡ്വാന്‍സ് വിതരണം മുടങ്ങി, സാങ്കേതിക തകരാറെന്ന് വിശദീകരണം

സര്‍ക്കാര്‍ ജീവനക്കാരുടെ ഓണം അഡ്വാന്‍സ് വിതരണം മുടങ്ങി. ഇന്നലെ മുതല്‍ വിതരണമെന്നായിരുന്നു പ്രഖ്യാപനം.
ട്രഷറിയില്‍ പണമില്ല?; സര്‍ക്കാര്‍ ജീവനക്കാരുടെ ഓണം അഡ്വാന്‍സ് വിതരണം മുടങ്ങി, സാങ്കേതിക തകരാറെന്ന് വിശദീകരണം

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ഓണം അഡ്വാന്‍സ് വിതരണം മുടങ്ങി. ഇന്നലെ മുതല്‍ വിതരണമെന്നായിരുന്നു പ്രഖ്യാപനം. ജീവനക്കാരുടെ ഓണം അഡ്വാന്‍സിന്റെയും ശമ്പളത്തിന്റെയും ബില്ലുകള്‍ ട്രഷറിക്കു സമര്‍പ്പിക്കുന്നതില്‍ തടസ്സം നേരിട്ടതാണു പ്രശ്‌നം.

ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാര്‍ക് വഴിയുള്ള ബില്‍ സമര്‍പ്പണം നിരാകരിക്കപ്പെട്ടതിനു പിന്നില്‍ ട്രഷറിയിലെ സാമ്പത്തിക പ്രതിസന്ധിയാണോയെന്നു സംശയമുണ്ട്. പണമില്ലെന്ന കാര്യം തുറന്നുപറയാതെ പകരം സാങ്കേതിക തകരാര്‍ കൃത്രിമമായി സൃഷ്ടിക്കുന്നെന്ന സംശയത്തിലാണു സാലറി ഡ്രോയിങ് ആന്‍ഡ് ഡിസ്‌ബേഴ്‌സിങ് ഓഫിസര്‍മാര്‍. തടസ്സം നീക്കാന്‍ സ്പാര്‍ക് ഹെല്‍പ്‌ലൈനില്‍ ഉദ്യോഗസ്ഥര്‍ വിളിച്ചെങ്കിലും കൃത്യമായ വിശദീകരണം ലഭിക്കുന്നില്ല.

ഓണത്തിന് ഏറ്റവും ഉയര്‍ന്ന തുകയായി ജീവനക്കാര്‍ക്കു ലഭിക്കുന്നത് 15,000 രൂപ അഡ്വാന്‍സാണ്. ഇതു സ്പാര്‍ക്കില്‍ പ്രോസസ് ചെയ്യാന്‍ കഴിയുന്നുണ്ടെങ്കിലും ട്രഷറിയിലേക്കു സമര്‍പ്പിക്കുമ്പോള്‍ (ഇ സബ്മിഷന്‍) തകരാര്‍ സന്ദേശമെത്തുന്നു. എന്താണു തകരാറെന്നു സന്ദേശത്തില്‍ വ്യക്തമാക്കുന്നുമില്ല. അതേസമയം, ബോണസ് തുകയായ 4000 രൂപയുടെയും ഉത്സവബത്തയായ 2750 രൂപയുടെയും ബില്ലുകള്‍ സമര്‍പ്പിക്കുന്നതില്‍ തടസ്സവുമില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com