ബന്ധം വേര്‍പെടുത്തി വെറുതെ അങ്ങ് പോകാന്‍ പറ്റില്ല, വിവാഹമോചനത്തിനും രജിസ്‌ട്രേഷന്‍ വരുന്നു

1897 ആക്ട് 21ാം വകുപ്പും 2008ലെ കേരള വിവാഹ രജിസ്‌ട്രേഷന്‍ നിയമവും അനുസരിച്ചാകും വിവാഹമോചനം രജിസ്റ്റര്‍ചെയ്യുക
ബന്ധം വേര്‍പെടുത്തി വെറുതെ അങ്ങ് പോകാന്‍ പറ്റില്ല, വിവാഹമോചനത്തിനും രജിസ്‌ട്രേഷന്‍ വരുന്നു

കൊച്ചി; വിവാഹ രജിസ്‌ട്രേഷന്‍ പോലെ വിവാഹമോചനത്തിനും രജിസ്‌ട്രേഷന്‍ കൊണ്ടുവരാനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. നിലവില്‍ വിവാഹമോചനം രജിസ്റ്റര്‍ ചെയ്യുന്നില്ല. എന്നാല്‍ ഇതിന് മാറ്റം കൊണ്ടുവരാനുള്ള നീക്കത്തിലാണ് നിയമവകുപ്പ്. ഹൈക്കോടതി സിംഗിള്‍ബെഞ്ച് വിധിയെത്തുടര്‍ന്നാണ് നിയമവകുപ്പ് ഇതിന്റെ സാധ്യത പരിശോധിക്കുന്നത്.

1897 ആക്ട് 21ാം വകുപ്പും 2008ലെ കേരള വിവാഹ രജിസ്‌ട്രേഷന്‍ നിയമവും അനുസരിച്ചാകും വിവാഹമോചനം രജിസ്റ്റര്‍ചെയ്യുക. സ്‌പെഷ്യല്‍ മാര്യേജ് ആക്ടുപ്രകാരം സബ്‌രജിസ്ട്രാര്‍ ഓഫീസിലും വിവാഹ രജിസ്‌ട്രേഷന്‍ നിയമപ്രകാരം അതത് തദ്ദേശ സ്ഥാപനങ്ങളിലുമാണ് ഇപ്പോള്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത്.

വിവാഹമോചനം രജിസ്റ്റര്‍ചെയ്യാത്തതിനാല്‍  വിവാഹബന്ധം വേര്‍പെടുത്തിയാലും ഔദ്യോഗിക രേഖകളില്‍ വിവാഹിതരായി തുടരുന്നുണ്ട്. വിവാഹമോചനം രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ജിതിന്‍ വര്‍ഗീസ് പ്രകാശ് എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഹര്‍ജിക്കാരന് അനുകൂലമായി വിവാഹംപോലെ വിവാഹമോചനവും രജിസ്റ്റര്‍ചെയ്യണമെന്ന് ഹൈക്കോടതി വിധിച്ചു. 

സബ് രജിസ്ട്രാര്‍ ഓഫീസിലും തദ്ദേശസ്ഥാപനങ്ങളിലും ഇത് നടപ്പാക്കാന്‍ ഉത്തരവുകളും നിയമഭേദഗതിയും വേണം. വിവാഹം രജിസ്റ്റര്‍ചെയ്യുമ്പോള്‍ സാക്ഷികളാണ് വേണ്ടതെങ്കില്‍ വിവാഹമോചനത്തിന് കോടതിവിധിയുടെ വിശദാംശങ്ങളാവും ചേര്‍ക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com